
ദോഹ: വാദ്യമേളങ്ങളുടെ വിസ്മയപ്പൂരം തീർക്കാൻ ടാക് ഖത്തർ ഒരുങ്ങുന്നു. ഏറെ ജനപ്രീതി നേടിയ ആദ്യ സീസണിന് ശേഷം, 'മേള പ്രപഞ്ചം 2026 സീസൺ 2' നാളെ വൈകുന്നേരം 5 മണിക്ക് ഭവൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അരങ്ങേറും.
നാട്ടിലെ ഉത്സവപ്പറമ്പുകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ രണ്ട് ഘട്ടങ്ങളിലായാണ് മേളം ക്രമീകരിച്ചിരിക്കുന്നത്. ദോഹയിലെ പ്രശസ്തരായ വാദ്യകലാകാരന്മാർക്കൊപ്പം അമ്പതോളം പേർ അണിനിരക്കുന്ന പഞ്ചാരിമേളമാണ് പ്രധാന ആകർഷണം. കഴിഞ്ഞ ഒരു വർഷമായി ടാക്കിൽ ചെണ്ട അഭ്യസിച്ച പുതിയ വിദ്യാർത്ഥികളുടെ അരങ്ങേറ്റവും, കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിച്ചവർ തുടർപഠനത്തിന് ശേഷം അവതരിപ്പിക്കുന്ന 'പഞ്ചാരിമേളം പതികാലവും' ഖത്തറിലെ പ്രവാസി മലയാളിക്ക് പുത്തൻ അനുഭവമാകും.
വാദ്യപ്പെരുക്കത്തിന് പുറമെ ടാക് ഖത്തറിലെ നർത്തകരും അധ്യാപകരും ഒരുക്കുന്ന മനോഹരമായ നൃത്ത സന്ധ്യയും ഇതോടൊപ്പം അരങ്ങേറും.
കലാവിരുന്നിലേക്ക് ഖത്തറിലെ മുഴുവൻ പ്രവാസി മലയാളി കുടുംബങ്ങളെയും ഭാരവാഹികൾ സസ്നേഹം ക്ഷണിച്ചു.
ഷഫീക്ക് അറയ്ക്കൽ






