
ദോഹ:റാസ്‌ലഫാനിലുണ്ടായ അതീവ ദൗർഭാഗ്യകരമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 12 ഇന്ത്യൻ സ്വദേശികളുടെ ഭൗതികശരീരങ്ങൾ എത്രയും വേഗം ജന്മനാട്ടിലെത്തിക്കുന്നതിനായി ഖത്തറിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവും (ICBF) സംയുക്തമായി അടിയന്തര നടപടികൾ പൂർത്തിയാക്കി. വലിയൊരു പ്രവാസി സമൂഹം നടുക്കത്തോടെ ശ്രവിച്ച ദുരന്തം നടന്ന നിമിഷം മുതൽ, ഇന്ത്യൻ എംബസിയുടെയും ICBF-ന്റെയും ഔദ്യോഗിക പ്രതിനിധികൾ ഖത്തറിലെ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുമായും കമ്പനി മാനേജ്‌മെന്റുമായും നിരന്തരം സമ്പർക്കം പുലർത്തിവരികയായിരുന്നു.
ആവശ്യമായ നിയമപരമായ നടപടിക്രമങ്ങളും ഔദ്യോഗിക രേഖകളും സമയബന്ധിതമായി പൂർത്തിയാക്കാൻ ഇരു വിഭാഗവും മുന്നിൽനിന്ന് പ്രവർത്തിച്ചു. മരണപ്പെട്ട 12 സഹോദരങ്ങളുടെയും ഭൗതികശരീരങ്ങൾ ഇന്നത്തെയും നാളത്തെയും വിവിധ ഫ്ലൈറ്റുകളിലായി അതത് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നിലവിൽ പൂർത്തിയായിട്ടുള്ളത്
.അപകടത്തിൽ മരണപ്പെട്ട മലയാളി സ്വദേശിയുടെ ഭൗതികശരീരം ഇന്നലെ രാത്രി കോഴിക്കോട് ഫ്ലൈറ്റിൽ ജന്മനാട്ടിലെത്തിച്ചു.തമിഴ്‌നാട്ടിൽ നിന്നുമുള്ള മൂന്ന് പ്രവാസി സഹോദരങ്ങളുടെ മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണ് അയക്കുക. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബാക്കിയുള്ളവരുടെ ഭൗതികശരീരങ്ങൾ സമയക്രമം അനുസരിച്ച് നാളത്തെ വിവിധ വിമാന സർവീസുകളിലായി ബന്ധുക്കളുടെ അരികിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് പൂർത്തിയായിട്ടുള്ളത്.
വേദനാനിർഭരമായ ഈ സാഹചര്യത്തിൽ, മരണപ്പെട്ട തൊഴിലാളികളുടെ കമ്പനി അധികൃതർ വളരെ അനുകൂലവും മാനുഷികവുമായ സമീപനമാണ് സ്വീകരിച്ചത്. ഭൗതികശരീരങ്ങൾ എത്രയും വേഗം ജന്മനാട്ടിലേക്ക് അയക്കുന്നതിനുള്ള എല്ലാവിധ ഔദ്യോഗിക നടപടിക്രമങ്ങൾക്കും രേഖകൾ വേഗത്തിലാക്കുന്നതിനും കമ്പനി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും പൂർണ്ണമായ സഹായ സഹകരണങ്ങൾ ലഭ്യമായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വിയോഗത്തിൽ തകർന്ന കുടുംബങ്ങളുടെ ആഴമേറിയ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം, ഈ അടിയന്തര സാഹചര്യത്തിൽ ആവശ്യമായ എല്ലാവിധ പിന്തുണയും അതിവേഗം നൽകിയ ഖത്തർ ആഭ്യന്തര മന്ത്രാലയം (Ministry of Interior), ഹമദ് ഹോസ്പിറ്റൽ അധികൃതർ, ഇന്ത്യൻ എംബസി, കമ്പനി മാനേജ്‌മെന്റ് എന്നിവരോടുള്ള ആത്മാർത്ഥമായ കൃതജ്ഞത ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) രേഖപ്പെടുത്തി.
ഷഫീക്ക് അറയ്ക്കൽ






