
ദോഹ: ഖത്തറിലെ തൃശ്ശൂരുകാരുടെ ഹൃദയസ്പന്ദനമായ ‘തൃശ്ശൂർ ജില്ലാ സൗഹൃദവേദി’ സിൽവർ ജൂബിലിയുടെ നിറവിൽ.ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് നാന്ദികുറിച്ചുകൊണ്ടുള്ള ലോഗോ-ടാഗ്‌ലൈൻ പ്രകാശന ചടങ്ങ്നാളെ വൈകുന്നേരം 5 മണിക്ക് ഭവൻസ് സ്കൂൾ തിയേറ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പ്രവാസത്തിന്റെ കനൽവഴികളിൽ ആശ്വാസത്തിന്റെ തണൽവിരിച്ചും സാംസ്കാരികത്തനിമ കാത്തുസൂക്ഷിച്ചുംകാൽനൂറ്റാണ്ടിന്റെ സ്നേഹഗാഥയുമായി വ്യത്യസ്തമായ 25പരിപാടികളോടെയാണ് സിൽവർ ജൂബിലി ആഘോഷിക്കുന്നത്.
കേരളത്തിന്റെ തനത് നാടൻ താളമേളങ്ങളും വൈവിധ്യമാർന്ന കലാവിരുന്നുകളും കോർത്തിണക്കി നാളെ നടക്കുന്ന ലോഞ്ചിങ് സെറിമണിയിൽ ഇന്ത്യൻ എംബസി ഡെപ്യുട്ടി ചീഫ് മിഷൻ സന്ദീപ് കുമാർ
ലോഗോയും -ടാഗ്‌ലൈനും പ്രകാശനം ചെയ്യും.പ്രവാസിക്ഷേമപ്രവർത്തനങ്ങളെമുൻനിറുത്തി ഖത്തറിലെ മികച്ച സംഘടനയ്ക്കുള്ള ഇന്ത്യൻ എംബസിയുടെഅവാർഡ്കരസ്ഥമാക്കാൻകഴിഞ്ഞതിന്റെ അഭിമാനകരമായ നേട്ടത്തെക്കുറിച്ച് വേദി പ്രസിഡന്റ്
വിഷ്ണു ജയറാം ദേവ്
വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. സിൽവർ ജൂബിലി വർഷത്തിൽ പ്രവാസികൾക്കും നാട്ടിലെഅർഹരായവർക്കുമായി സംഘടന നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ജനക്ഷേമ-സാംസ്കാരിക പദ്ധതികളെ കുറിച്ചും ഭാരവാഹികൾ വിശദീകരിച്ചു.
അയ്യായിരത്തിലധികം അംഗങ്ങളുള്ള തൃശ്ശൂർ ജില്ലാ സൗഹൃദവേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കായികം, കല, സംസ്‌കാരം, ജീവകാരുണ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകി വൈവിധ്യമാർന്ന പരിപാടികളാണ് വരും മാസങ്ങളിൽ ദോഹയിലും നാട്ടിലുമായി അരങ്ങേറുന്നത്.കളിയാവേശം നെഞ്ചിലേറ്റുന്ന പ്രവാസികൾക്കായി 'ഫിഫ വേൾഡ് കപ്പ് സപ്പോർട്ട്' എന്ന പേരിൽ പെനാൽട്ടി ഷൂട്ട് ഔട്ട് മത്സരം ജൂലൈയിൽ നടക്കും.പ്രവാസഭൂമിയിലെ സൗഹൃദം ജന്മനാട്ടിലും പങ്കുവെക്കാൻ, സംഘടനയിലെ അംഗങ്ങളെയും കുടുംബങ്ങളെയും കോർത്തിണക്കിക്കൊണ്ടുള്ള സ്നേഹസംഗമം ഓഗസ്റ്റിൽ തൃശ്ശൂരിൽ നടക്കും.സെപ്റ്റംബർ 18ന് വൈവിധ്യമാർന്ന കലാസാംസ്‌കാരിക പരിപാടികളോടെ ദോഹയിൽ അരങ്ങേറുന്ന പ്രൗഢഗംഭീരമായ 'ഓണത്താളം' ആഘോഷത്തിൽ മൂവായിരത്തോളം (3,000) പേർക്കായി വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയൊരുക്കും.സംഘടനയുടെ അടിത്തറ കൂടുതൽ ശക്തമാക്കിക്കൊണ്ടുള്ള വിപുലമായ അംഗത്വ ക്യാമ്പയിനും, ഖത്തറിലെ വിദ്യാർത്ഥികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഇന്റർസ്കൂൾ കലോത്സവവും ഒക്ടോബർ മാസത്തിൽ അരങ്ങേറും.പ്രമുഖ സാംസ്കാരിക ചിന്തകനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തുന്ന 'മാനവ സൗഹൃദസംഗമം' നവംബറിൽ നടക്കും. കായികപ്രേമികൾക്കായി വിവിധ കായിക ഇനങ്ങളെ കോർത്തിണക്കിയുള്ള 'ഹാർമണി ഗെയിംസി'നും നവംബർമാസം സാക്ഷ്യം വഹിക്കും.വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ്, ആരോഗ്യ അവബോധ സെമിനാർ, ബ്യൂട്ടി കോണ്ടസ്റ്റ് എന്നിവ ഡിസംബറിൽ സംഘടിപ്പിക്കും. ഖത്തർ ദേശീയ ദിനാഘോഷങ്ങളും ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷങ്ങളും ഡിസംബറിൽ വിപുലമായി നടക്കും.
2027ജനുവരിയിൽ പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിനായി മെഗാ മെഡിക്കൽ ക്യാമ്പും, രക്തദാന ക്യാമ്പും, ഒപ്പം പുതിയ നിക്ഷേപ സാധ്യതകളെ പരിചയപ്പെടുത്തുന്ന ഇൻവെസ്റ്റ്‌മെന്റ് അവയർനസ് മീറ്റും നടക്കും. നൃത്തവേദികളിലെ പ്രതിഭകളെ കണ്ടെത്താനായി ഒരുക്കുന്ന ആകർഷകമായ ഡാൻസ് കോമ്പറ്റീഷനുംപുതുവത്സരത്തിൽ അരങ്ങേറും.റമദാൻ പുണ്യമാസത്തിന്റെ ഭാഗമായി സൗഹൃദവും ആത്മീയതയും പങ്കുവെക്കുന്ന വിപുലമായ ഇഫ്താർ മീറ്റ് ഫെബ്രുവരിയിൽ സംഘടിപ്പിക്കും.
ലോക വനിതാ ദിനത്തോടനുബന്ധിച്ച് വേദിവനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രത്യേക വനിതാ ദിനാഘോഷങ്ങളും സംഘടനയിലെ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി വാർഷിക വിനോദയാത്രയും മാർച്ചിൽ നടക്കും.തൃശ്ശൂർ ജില്ലാ സൗഹൃദവേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് മേളപ്പെരുക്കത്തോടെ പ്രവാസലോകത്തെ വിസ്മയിപ്പിക്കുന്ന വിപുലമായ 'തൃശ്ശൂർപൂരം' ഏപ്രിലിൽ അരങ്ങേറും.ആനയും ആഘോഷവുമെല്ലാം മലയാളികളുടെ ജീവിതത്തിന്‍റെ ഭാഗമാണെന്നതിനാൽ പ്രവാസികളുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകൾ ഖത്തറിൽ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ വേദി സംഘടിപ്പിക്കുന്ന വർണ്ണാഭമായതൃശ്ശൂർപൂരത്തിൽ ഒറിജിനലിനെ വെല്ലുന്ന ഗജവീരൻമാർ വിസ്മയമാകും.ദോഹ സിഗ്നേച്ചർ മർസ റെസ്റ്റോറന്റിൽ നടന്ന വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ്, ട്രഷറർ തോമസ് ഔസേഫ്, മുൻ പ്രസിഡന്റ് അബ്ദുൾ ഗഫൂർ, സിൽവർ ജൂബിലി പ്രോഗ്രാം കോഓർഡിനേറ്റർമാരായ അബ്ദുൾ ജബ്ബാർ, ശ്രീനിവാസൻ, ജനറൽ കോഓർഡിനേറ്റർ മുഹമ്മദ് മുസ്തഫ എന്നിവരും പങ്കെടുത്തു
ഷഫീക്ക് അറയ്ക്കൽ






