
ദോഹ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ പ്രവാസലോകത്തുനിന്നും പ്രത്യാശയുടെ സന്ദേശമുയർത്തി ഖത്തറിലെ മലപ്പുറം സ്വദേശികളുടെ കൂട്ടായ്മയായ ‘ഡയസ്പോറ ഓഫ് മലപ്പുറം’ (DoM Qatar) സംഘടിപ്പിക്കുന്ന ആറുമാസത്തെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന് ഉജ്വല തുടക്കമായി.അറബി ഭാഷയിൽ ‘പ്രതീക്ഷ’ എന്നർത്ഥം വരുന്ന ‘അമൽ’ (AMAL) എന്ന പേരിൽ നടക്കുന്ന വിപുലമായ ക്യാമ്പയിൻ യുവതലമുറയെ തകർച്ചയിൽ നിന്ന് സംരക്ഷിച്ച് ആരോഗ്യകരമായ നാളെയുടെ വക്താക്കളാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ്.
ഇന്ന് (ജൂൺ 26) തുമാമ ഭാരത് ടെയ്സ്റ്റ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ലഹരി നിർമ്മാർജന സമിതി കേരള ജനറൽ സെക്രട്ടറി ഇ കെ ലത്തീഫ്മു ഖ്യപ്രഭാഷണംനടത്തി.ഡയസ്പോറ ഓഫ് മലപ്പുറം പ്രസിഡന്റ് ഉസ്മാൻ കല്ലൻ അധ്യക്ഷത വഹിച്ച പരിപാടി
ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ പി അബ്ദുൽ റഹ്മാൻഉത്ഘാടനം ചെയ്തു.ഡോ. സോണി, ഡോം ഖത്തർ ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് എന്നിവർ സംസാരിച്ചു.
ഖത്തറിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, മാധ്യമ രംഗങ്ങളിലെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.ആറുമാസക്കാലയളവിൽ ലഹരിവിരുദ്ധ സെമിനാറുകൾ, ചർച്ചകൾ, യുവജന ശാക്തീകരണ പരിപാടികൾ, കുടുംബ സംഗമങ്ങൾ, നേതൃത്വ പാടവം വളർത്തുന്നതിനുള്ള പ്രത്യേക പരിശീലനങ്ങൾ എന്നിവ ക്യാമ്പയിന്റെ ഭാഗമായി നടക്കും. ഖത്തറിലെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ സംഘടനകൾ, വിവിധ മന്ത്രാലയങ്ങൾ, ഖത്തറിലെ ഇന്ത്യൻ ഡോക്ടർമാർ എന്നിവരുടെ പൂർണ്ണ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അവബോധവും പ്രചോദനവും ഒത്തുചേരുന്ന ‘അമൽ’ ക്യാമ്പയിൻ സമൂഹത്തിന് പുതിയൊരു ഉണർവേകുമെന്നുറപ്പാണ്.
ഷഫീക്ക് അറയ്ക്കൽ






