
ദോഹ:ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങളും സമാനതകളില്ലാത്ത ഓഫറുകളും സമ്മാനിക്കുന്ന ലുലുവിന്റെ 'ഹാപ്പിനെസ്' ലോയൽറ്റി പ്രോഗ്രാം ഖത്തറിൽ പത്ത് ലക്ഷം (1 മില്യൺ) അംഗങ്ങളെന്ന ചരിത്രനേട്ടം കൈവരിച്ചു. ഖത്തറിലെ ജനങ്ങൾ ലുലുവിന് നൽകിയ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും വിളംബരമായി മാറി ഈ അപൂർവ്വ നേട്ടം. ആകർഷകമായ റിവാർഡ് പോയിന്റുകളും സവിശേഷമായ പ്രിവിലേജുകളും വഴി ചുരുങ്ങിയ കാലം കൊണ്ടാണ് ഈ പദ്ധതി ഖത്തറിലെ ഉപഭോക്താക്കൾ നെഞ്ചിലേറ്റിയത്.
ഈ സുവർണ്ണ നേട്ടത്തിന്റെ ഭാഗമായി 'വൺ മില്യൺ മെമ്പേഴ്സ്, വൺ ഇൻക്രെഡിബിൾ ജേർണി' എന്ന പ്രമേയത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ നടന്ന ആഘോഷപരിപാടികൾക്ക് ദോഹ സെൻട്രൽ മുൻസിപ്പൽ കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ബിൻ അലി അൽ അത്തബ തുടക്കം കുറിച്ചു. ഉപഭോക്താക്കൾ ലുലുവിൽ അർപ്പിക്കുന്ന അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതിഫലനമാണ്
വൺ മില്യൺ അംഗത്വം. ഖത്തറിലെ ജനങ്ങൾക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവവും സേവനങ്ങളും തുടർന്നും നൽകാൻ ലുലു ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് എം.എ. യൂസഫലി പറഞ്ഞു.
മേഖലയിലെ സംഘർഷാവസ്ഥയ്ക്കിടയിലും ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ കൃത്യമായി നിറവേറ്റുന്നതിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി വഹിച്ച നേതൃത്വപരമായ പങ്കിനെ എം.എ. യൂസഫലി പ്രശംസിച്ചു. ജനക്ഷേമം മുൻനിർത്തിയുള്ള ഖത്തറിന്റെ കരുതലോടെയുള്ള ഇടപെടലുകൾ ഏറെ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഗരാഫ ലുലുവിൽ നടന്ന ചടങ്ങിൽ ലുലു ഗ്ലോബൽ ഡയറക്ടറും സി.എസ്.ഒയുമായ ഡോ. മുഹമ്മദ് അൽത്താഫ്, ലുലു ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുത്തു.
വൺ മില്യൺ ഹാപ്പിനെസ് അംഗത്വത്തിന്റെ സന്തോഷം ഉപഭോക്താക്കളുമായി പങ്കിടുന്നതിനായി ഖത്തറിലെ വിവിധ ലുലു സ്റ്റോറുകളിൽ കൂടുതൽ ആകർഷകമായ ഓഫറുകളും പ്രത്യേക ആനുകൂല്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ എക്സ്ക്ലൂസീവ് റിവാർഡുകൾ, പോയിന്റുകൾ, സ്പെഷ്യൽ മെംബർ പ്രിവിലേജുകൾ എന്നിവ ലുലു ഹാപ്പിനെസ് ലോയൽറ്റി അംഗങ്ങൾക്ക് ലഭിച്ചുവരുന്നുണ്ട്.
ഹാപ്പിനെസ്സ് ആഘോഷത്തിനൊപ്പം ഖത്തറിലെ ഷോപ്പിംഗ് പ്രേമികൾക്ക് ഇരട്ടി മധുരം നൽകുന്ന വിപുലമായ പുതിയ പദ്ധതികളും ചടങ്ങിൽ എം.എ യൂസഫലി പ്രഖ്യാപിച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് പുതിയ പ്രോജക്ടുകളാണ് ഉടൻ യാഥാർത്ഥ്യമാവുക.ബരാഹ ടൗൺ, അൽ വാബ്, ഖെതൈഫാൻ ഐലൻഡ് എന്നിവിടങ്ങളിലാണ് പുതിയ ലുലു സ്റ്റോറുകൾ വരുന്നത്. 500 മില്യൺ ഖത്തർ റിയാലിന്റെ മറ്റൊരു വൻകിട പദ്ധതിയും ലുലു ഗ്രൂപ്പ് ഉടൻ പ്രഖ്യാപിക്കുമെന്ന് യൂസഫലി വ്യക്തമാക്കി.പുതിയ പ്രോജക്ടുകൾ കൂടി എത്തുന്നതോടെ ഖത്തറിലെ റീട്ടെയിൽ മേഖലയിൽ ലുലുവിന്റെ കുതിപ്പിന് കൂടുതൽ കരുത്തേകും.വരും വർഷങ്ങളിലും ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യവത്തായ സേവനങ്ങളും സന്തോഷകരമായ നിമിഷങ്ങളും സമ്മാനിക്കുമെന്ന് ലുലു മാനേജ്‌മെന്റ്
അറിയിച്ചു.
ഷഫീക്ക് അറയ്ക്കൽ






