
തിരുവനന്തപുരം: ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് ആശുപത്രി വിട്ടു. ദിവസങ്ങള്‍ നീണ്ട ആശുപത്രിവാസത്തിന് അവസാനമിട്ട് വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും പൊതു ജീവിതത്തിലേക്ക് പെട്ടന്ന് മടങ്ങിയെത്താന്‍ വി.എസിന് ആകില്ല. ചികിത്സയ്ക്ക് ശേഷം ആദ്യമായി ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയാണ് വി.എസ്.
ഒരാഴ്ചത്തെ ആശുപത്രിവാസം ഇന്നത്തോടെ അവസാനിച്ചിവെന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയെന്നും വി.എസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍ ഇത്രനാളും ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശങ്ങള്‍ക്ക് വിധേയനായി ആശുപത്രിയിലിരുന്ന പോലെ തന്നെ അതേ നിര്‍ദേശങ്ങള്‍ കഴുന്നത്ര പാലിച്ച് വീട്ടിലിരിക്കാനാണ് നിയോഗമെന്നും വി.എസ് പറയുന്നു. അതുകൊണ്ട് തന്നെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും വി.എസ് പറഞ്ഞു. നെഞ്ചിലെ കഫക്കെട്ട് പൂര്‍ണമായും സുഖപ്പെടാത്തതാണ് കാരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഒരാഴ്ച്ചക്കാലത്തെ ആശുപത്രിവാസം ഇന്നത്തോടെ അവസാനിച്ചിരിക്കുന്നു. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി. ഇത്ര നാളും ഡോക്റ്റര്‍മാരുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയനായി ആശുപത്രിയിലായിരുന്നെങ്കില്‍ ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് അതേ നിര്‍ദ്ദേശങ്ങള്‍ കഴിയുന്നത്ര പാലിച്ച് വീട്ടിലിരിക്കാനാണ് നിയോഗം. നെഞ്ചിലെ കഫക്കെട്ട് പൂര്‍ണമായും സുഖപ്പെടുന്നതുവരെ, പൊതു പരിപാടികളില്‍ പങ്കെടുക്കാനോ, സന്ദര്‍ശകരെ സ്വീകരിക്കാനോ പാടില്ല എന്നതാണ് നിര്‍ദ്ദേശങ്ങളില്‍ പ്രധാനം. ഏതാനും ദിവസംകൂടി മെഡിക്കല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കഴിച്ചുകൂട്ടേണ്ടിയിരിക്കുന്നു എന്നര്‍ത്ഥം.
വാര്‍ത്തകള്‍ അറിയുന്നുണ്ടെങ്കിലും, ജനങ്ങളുമായി സമ്പര്‍ക്കമില്ലാതെ കഴിച്ചുകൂട്ടേണ്ടിവരുന്നത് കഠിനമാണ്. അല്‍പ്പ ദിവസത്തിനകം പുറത്തിറങ്ങാനാവുമെന്നത് മാത്രമാണ് ആശ്വാസം. രോഗാവസ്ഥയില്‍ സഹകരിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു.






