
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തമിഴ്നാടിനെ തകര്‍ത്ത് കേരളം ഫൈനല്‍ റൗണ്ടില്‍. കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തമിഴ്നാടിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം ഫൈനല്‍ റൗണ്ടില്‍ കടന്നത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളം ഫൈനല്‍ റൗണ്ട് കളിക്കുന്നത്.
23-ാം മിനിറ്റില്‍ വിഷ്ണുവാണ് ആദ്യം ഗോള്‍വല കുലുക്കിയത്. ജിജോയുടെ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. 33-ാം മിനിറ്റില്‍ ജിതിന് രണ്ടാം ഗോള്‍ നേടിയത്. 45-ാം മിനിറ്റില്‍ ജിതിന് കേരളത്തിന്റെ മൂന്നാമത്തെ ഗോളും നേടി. രണ്ടാം പകുതിയിലും കേരളം ആദ്യ പകുതിയിലെ അതേ ആക്രണോത്സുകത പിന്തുടര്‍ന്ന ടീം 83-ാം മിനിറ്റിലാണ് ലീഡ് നാലാക്കി ഉയര്‍ത്തിയത്. ഇഞ്ചുറി ടൈമില്‍ ജിജോയും എമിലും ഗോള്‍വര്‍ഷം തീര്‍ക്കുകയായിരുന്നു.
ടൂര്‍ണമെന്റിന്റെ ദക്ഷിണമേഖല യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ആറു പോയിന്റുമായാണ് കേരളം മുന്നേറിയത്. ആദ്യ മത്സരത്തില്‍ ആന്ധ്രയെ അഞ്ചു ഗോളിന് തകര്‍ത്തിരുന്നു.






