
ബിനീഷ് ബാസ്റ്റിന്. കഴിഞ്ഞ രണ്ടാഴ്ചയായി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നില്ക്കുന്ന പേരാണിത്. പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ നടന്ന കോളജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായെത്തിയ ബിനീഷ് ബാസ്റ്റിന്, വേദിയില്‍ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയ കാഴ്ച സാംസ്കാരിക കേരളം മറന്നിട്ടില്ല. ബിനീഷിനൊപ്പം വേദി പങ്കിടില്ലെന്ന നിലപാട് സ്വീകരിച്ച സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോനെതിരെ ശക്തമായ സൈബര്‍ ആക്രമണവും ഉണ്ടായി. തന്നെ മാറ്റിനിര്‍ത്തിയ വേദിയില്‍ തിരികെ കയറിച്ചെന്ന് പ്രതിഷേധമറിയിച്ച ബിനീഷിന് വലിയ പിന്തുണയാണ് സൈബര്‍ ലോകവും പൊതുസമൂഹവും നല്‍കിയത്. ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം ബിനീഷ് മനസ്സ് തുറക്കുകയാണ്...
ആത്മാഭിമാനം മുറിപ്പെട്ട ആ ദിവസത്തെക്കുറിച്ച്?
എന്റെ ജീവിതത്തില്‍ ഇത്രയധികം മനസ്സ് വേദനിച്ച ഒരു ദിവസം ഉണ്ടായിട്ടില്ല. വെളുപ്പിനെ നാല് മണിക്കാണ് പാലക്കാട് നിന്നും തിരിച്ച് കൊച്ചിയിലെ വീട്ടിലെത്തിയത്. അന്ന് രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. അതിഥിയായ് വിളിച്ചിടത്ത് നിന്നും അപമാനിതനായ് ഇറങ്ങേണ്ടി വരുന്നത് ഏത് മനുഷ്യനെയും പോലെ എന്നെയും വേദനിപ്പിച്ചു. എന്റെ ഒപ്പം വേദി പങ്കിടില്ല എന്ന് ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യന് പറഞ്ഞപ്പോള്‍ ചങ്ക് തകര്‍ന്നു പോയി. എനിക്ക് പകരം മറ്റാരായിരുന്നെങ്കിലും അദ്ദേഹം അങ്ങനെ പറയില്ലായിരുന്നു എന്നെനിക്കുറപ്പുണ്ട്. സെലിബ്രിറ്റിയായിട്ടൊന്നും അദ്ദേഹം എന്നെ കാണണ്ട. പക്ഷേ, സഹജീവിയായ് കാണാമായിരുന്നു.
സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും വിഷയം ഏറ്റെടുത്തപ്പോള്‍ എന്ത് തോന്നി?
ഇതൊരിക്കലും വാര്ത്തയാക്കണമെന്നൊന്നും ആഗ്രഹിച്ചിരുന്നില്ല. ഒരു മാധ്യമ സുഹൃത്തിന് ആ വീഡിയോ ഞാന്‍ അയച്ചിരുന്നു. അദ്ദേഹമാണ് വാളില്‍ പോസ്റ്റ് ചെയ്തത്. പിന്നീടത് ജനങ്ങള്‍ ഏറ്റെടുത്തു. രണ്ട് ദിവസം ഞാന്‍ സോഷ്യല്‍ മീഡിയ നോക്കിയിരുന്നില്ല. ആളുകള്‍ പിന്തുണച്ചപ്പോള്‍ സന്തോഷം തോന്നി. എന്നെപ്പോലെ മാറ്റിനിര്‍ത്തപ്പെട്ട എല്ലാവര്ക്കും വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്.
പ്ര?ഫഷണല്‍ ഈഗോയ്ക്കപ്പുറം ഈ വിഷയത്തെ കാണേണ്ടതുണ്ടായിരുന്നോ?
അനില്‍ രാധാകൃഷ്ണമേനോനെപ്പോലെ ഒരു സംവിധായകന് എന്നോട് എന്ത് ഈഗോ? അദ്ദേഹത്തിനൊപ്പം കിടപിടിക്കുന്ന ഒരാളല്ല ഞാന്‍. അത് മാത്രമാണ് കാരണം. ഒരാളോടും ഇങ്ങനെ പെരുമാറാന്‍ പാടില്ല. എല്ലാവരും മനുഷ്യരല്ലേ.? പന്ത്രണ്ട് വര്‍ഷത്തോളമായി ഞാന്‍ മലയാള സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ്. എന്നെപ്പോലെയുള്ള ചെറിയ കലാകാരന്മാര്ക്കും ജീവിക്കണ്ടേ? അദ്ദേഹം മാപ്പ് പറഞ്ഞതായി അറിഞ്ഞു. പക്ഷേ, എനിക്ക് ആ അവസരത്തിലുണ്ടായ വേദനയ്ക്ക് പകരമാവില്ല ഒന്നും. ആള്‍ക്കൂട്ടത്തിനിടയില്‍ അപമാനിക്കപ്പെടുമ്പോഴുള്ള വേദന വിചാരിക്കുന്നതിനപ്പുറമാണ്. ആരോടും പിണക്കമോ ദേഷ്യമോ ഇല്ല. പ്രശസ്തരൊന്നുമല്ല എന്നോടൊപ്പം ഇന്നുവരെ ഉണ്ടായിരുന്നത്. സാധാരണ ജനങ്ങളാണ്. മുറിവേറ്റപ്പോള്‍ കൂടെ നിന്നവര്ക്കൊപ്പമേ ഞാന്‍ നില്ക്കൂ. സിനിമയിലെ വമ്പന്‍ വേഷങ്ങളൊക്കെ അത് കഴിഞ്ഞേയുള്ളൂ. അവിടെ നടന്നത് ഒരു പച്ചയായ മനുഷ്യന്റെ പ്രതിഷേധമാണ്.
ബിനീഷ് ബാസ്റ്റിനെ ക്ഷണിച്ചതായി അറിയില്ല എന്നായിരുന്നല്ലോ പ്രിന്‍സിപ്പലിന്റെ ആദ്യ പ്രതികരണം?
എന്നെ അതിഥിയായ് വിളിച്ച 220 -ാമത്തെ കോളജാണ് പാലക്കാട് ഗവ. മെഡിക്കല്‍ കോളജ്. വലിയ നടനായത് കൊണ്ടൊന്നുമല്ല എന്നെ അതിഥിയായ് ക്ഷണിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എന്നെ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം യുവാക്കളുണ്ട്. ഏത് ആള്‍ക്കൂട്ടത്തിനിടയില്‍ വച്ചും ടീമേ എന്നും ചങ്കേ എന്നും ആര്‍ക്കും സധൈര്യം വിളിക്കാവുന്ന ഒരു കലാകാരനാണ് ഞാന്‍. അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഫ്ളക്സും പോസ്റ്ററും ഡിസൈന്‍ ചെയ്യാനായി നല്ല ഫോട്ടോകള്‍ വരെ അയച്ച് കൊടുത്തിരുന്നു. കോളജ് അങ്കണത്തിലും അവ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നിട്ടും പ്രിന്‍സിപ്പല്‍ അറിഞ്ഞില്ലേ...?
അപ്രഖ്യാപിത വിലക്കുള്ള ഇടമാണ് മലയാള സിനിമ?
അത്തരത്തിലുള്ള ഒരു പേടിയും എനിക്കില്ല. സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്തും കൂലിപ്പണിക്ക് പോകുമായിരുന്നു. ടൈല്‍സിന്റെ പണിയായിരുന്നു എനിക്ക്. വിജയ് ചിത്രമായ തെരിയില്‍ അഭിനയിച്ച ശേഷം കൂലിപ്പണിക്ക് പോകേണ്ടി വന്നിട്ടില്ല. പക്ഷേ, ഇന്നും എന്റെ കട്ടിലിന്റെ താഴെ പണിആയുധങ്ങള്‍ ഇരിപ്പുണ്ട്. കുലശേഖരവുമെടുത്ത് പണിക്കിറങ്ങാന്‍ ഒരു മടിയുമില്ല. ഈ നിമിഷം വരെ പിന്തുണ മാത്രമേ എല്ലാവരും തന്നിട്ടുള്ളൂ. മുന്നോട്ടും അതുണ്ടാവുമെന്നാണ് പ്രതീക്ഷ. ജയസൂര്യ, ശ്രീകുമാര്‍ മേനോന്, ജോജു, മുരുകന് കാട്ടാക്കട, സുധി കോപ്പ, അരുണ്‍ഗോപി തുടങ്ങിയവരൊക്കെ വിളിച്ചിരുന്നു.
പുതിയ സിനിമകള്‍?
രാക്ഷസ രാവണനാണ് റിലീസാവാനുള്ള ചിത്രം. മലയാളത്തില്‍ മഡ്ഡി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ബോബന് സാമുവലിന്റെ അല്‍ മല്ലു എന്ന ചിത്രവും ചെയ്യുന്നുണ്ട്. ദുബായ്ലാണ് ചിത്രീകരണം.തമിഴില്‍ കാര്‍ത്തിക്കൊപ്പം പുതിയ ചിത്രം ഒരുങ്ങുന്നുണ്ട്. അതില്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ്.
സമവായ ചര്‍ച്ചകള്‍ക്ക് ശേഷം?
എല്ലാം ഒകെ. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. അനിലേട്ടനുമായുണ്ടായിരുന്ന സൗഹൃദം പഴയത് പോലെ തന്നെ തുടരും. എന്നാല്‍ ഞാന്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു, ഫിലിം പ്രമോഷന്റെ ഭാഗമായുള്ള നാടകമായിരുന്നു ഇത് തുടങ്ങിയ രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ അടിസ്ഥാന രഹിതമാണ്. ജാതി അധിക്ഷ്പമല്ല, ജാഗ്രതക്കുറവാണ് ഉണ്ടായത്. നിലവില്‍ പ്രശ്നങ്ങളൊന്നുമില്ല.
അമ്മയില്‍ അംഗത്വമെടുക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളും കണ്ടു. ആദ്യം എന്റെ സ്വന്തം അമ്മയ്ക്ക് നല്ലൊരു വീട് വച്ച് കൊടുക്കട്ടെ. അമ്മ സംഘടനയില്‍ അംഗത്വമെടുക്കുന്ന കാര്യം അതിന് ശേഷം ആലോ ചിക്കാം.
എസ്.എല്‍.എസ്



