
പരമ്പരാഗതമായി പാടിപ്പതിഞ്ഞ കഥകള്‍ക്കപ്പുറം, കഥകളി പ്രേമികള്‍ക്ക് പുത്തന്‍ അനുഭവമൊരുക്കിക്കൊണ്ട് 'ശ്രീരാമ നാമ വിജയം' അരങ്ങുകളിലേക്ക് എത്തിയിരിക്കുകയാണ്. ഹനുമാന്റെ നിസ്വാര്‍ത്ഥ ഭക്‌തിയുടെയും അമ്മയ്‌ക്കു നല്‍കിയ വാക്കു പാലിക്കാനായി ശ്രീരാമനോട് യുദ്ധം ചെയ്യേണ്ടി വരുന്ന ധര്‍മ്മസങ്കടത്തിന്റെയും കഥപറയുന്ന ഈ ആട്ടക്കഥ രചിച്ചിരിക്കുന്നത് തട്ടയില്‍ മനോജ് കുമാര്‍ ഐശ്വര്യയാണ്. നാടക, ചലച്ചിത്ര മേഖലകളിലെ സര്‍ഗ്ഗാത്മക സാന്നിധ്യത്തിനു ശേഷം കഥകളി സാഹിത്യത്തിലേക്ക് ചുവടുവെച്ച അദ്ദേഹത്തിന്റെ കലാവിശേഷങ്ങളിലേക്ക്...
അധ്യാപനത്തില്‍ തുടങ്ങി കരസേനയിലെ ഓണററി സുബേദാര്‍ മേജറായി 30 വര്‍ഷത്തെ ദേശസേവനത്തിനു ശേഷമാണ് തട്ടയില്‍ മനോജ് കുമാര്‍ സാഹിത്യ-സാമൂഹിക രംഗങ്ങളിലേക്ക് എത്തുന്നത്. ദീര്‍ഘനാളത്തെ ഗവേഷണത്തിനു ശേഷം മലയാളവും സംസ്‌കൃതവും ചേര്‍ന്ന മണിപ്രവാള ശൈലിയിലാണ് അദ്ദേഹം 72 പേജുകളുള്ള 'ശ്രീരാമ നാമവിജയം' ആട്ടക്കഥ രചിച്ചത്.
മാതൃസ്‌നേഹത്തിനും വാഗ്‌ദാനപാലനത്തിനും പ്രാധാന്യം നല്‍കുന്ന ഇതിലെ ഇതിവൃത്തം കഥകളി ശാഖയ്‌ക്ക് തികച്ചും പുതിയൊരു അനുഭവമാണ്. അമ്മ നല്‍കിയ വാക്ക് പാലിക്കാന്‍ താന്‍ ഏറെ ആരാധിക്കുന്ന ശ്രീരാമനോട് തന്നെ ഹനുമാന്‍ യുദ്ധത്തിനൊരുങ്ങുന്ന ഉദ്വേഗജനകമായ കഥയാണിത്.
കലാനിലയം രാജീവന്‍ നമ്പൂതിരി സംഗീത സംവിധാനവും ഫാക്‌ട് മോഹനന്‍ രംഗസംവിധാനവും നിര്‍വ്വഹിച്ച ഈ ആട്ടക്കഥയുടെ ആദ്യ അരങ്ങേറ്റവും പുസ്‌തകപ്രകാശനവും കഴിഞ്ഞ ഡിസംബര്‍ 22-ന് നടന്നു.
തട്ടയില്‍ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്ര സന്നിധിയില്‍ അരങ്ങേറിയ ഈ കഥകളി, മന്ദഗതിയിലായിരുന്ന കഥകളി സാഹിത്യ ശാഖയ്‌ക്ക് പുത്തന്‍ ഉണര്‍വായി. ഉത്തരരാമായണ കഥാഭാഗങ്ങളെ ആസ്‌പദമാക്കി വടക്കേ ഇന്ത്യയില്‍ പ്രചാരത്തിലുള്ള നാടോടിക്കഥയാണ് ഇതിന് ആധാരം. വാല്‍മീകി രാമായണത്തിലോ അദ്ധ്യാത്മരാമായണത്തിലോ ഇല്ലാത്ത, ശ്രീരാമനും ഹനുമാനും തമ്മിലുള്ള യുദ്ധവും അതിലൂടെ ഹനുമാന്‍ രാമന് കൂടുതല്‍ പ്രിയങ്കരനാകുന്നതുമാണ് കഥ. അനുവാചകരില്‍ നിസ്വാര്‍ത്ഥ ഭക്‌തി വര്‍ദ്ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഏഴു കഥാപാത്രങ്ങളും ഏഴു രംഗങ്ങളുമുള്ള ഈ ആട്ടക്കഥ ഏകദേശം മൂന്നര മണിക്കൂര്‍ കൊണ്ട് അവതരിപ്പിക്കാം. വിശ്വാമിത്രന്റെ കോപം, കാശിരാജാവിന്റെ ഭയം, ഹനുമാന്റെ പദങ്ങളിലെ പ്രാസഭംഗി ('മമ ജനനി നിസ്‌തുല കൃപാനിധേ...', 'പ്രണമാമി സ്‌നേഹ ജലനിധി...', 'രാമ രാമ രഘുവംശ നായക...' എന്നിവ) തുടങ്ങിയവ നടന്മാര്‍ക്ക് അഭിനയപാഠവം പുറത്തെടുക്കാന്‍ മികച്ച അവസരമൊരുക്കുന്നു.
മാലിനിയുടെ നൃത്തരംഗം, വിശ്വാമിത്രന്റെ കോപം, കാശിരാജാവിന്റെ ഭയം, നാരദന്റെ ബുദ്ധിപരമായ ഉപദേശം എന്നിവയാണ് കഥയുടെ ഗതി നിര്‍ണയിക്കുന്നത്. കാംബോജി, ശങ്കരാഭരണം, ബിലഹരി, ഹിന്ദോളം, ആനന്ദഭൈരവി എന്നീ സംഗീതസാന്ദ്രമായ രാഗങ്ങളാണ് പദങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. ധ്യാനനിരതനായ ഹനുമാനുമേല്‍ രാമബാണങ്ങള്‍ പുഷ്‌പവൃഷ്‌ടിയായി മാറുന്ന രംഗം രാമമന്ത്രത്തിന്റെ അഭൗമശക്‌തി കാണികള്‍ക്ക് കാട്ടിത്തരുന്നു.
ശൃംഗാരം, ഹാസ്യം, രൗദ്രം, ബീഭത്സം, ശാന്തം എന്നീ നവരസങ്ങള്‍ക്കൊപ്പം അനുരാഗം, വാത്സല്യം, ദുഃഖം, യുദ്ധം, ആത്മനിര്‍വൃതി എന്നീ ഭാവങ്ങളും ഉള്‍ച്ചേര്‍ത്ത ഈ ഭക്‌തിരസപ്രധാനമായ കൃതി, ആട്ടക്കഥാ സാഹിത്യത്തിന് മികച്ചൊരു മുതല്‍ക്കൂട്ടും ആസ്വാദകര്‍ക്ക് ദൃശ്യവിരുന്നുമാണ്.
രചനയ്‌ക്കുള്ള സാഹചര്യം
സ്‌ഥിരം കഥകള്‍ക്കപ്പുറം പുതുമയാര്‍ന്ന കഥകള്‍ അരങ്ങിലെത്തുന്നത് പുതുതലമുറയെ ആകര്‍ഷിക്കാനും കഥകളിയെ ജനകീയമാക്കാനും ആവശ്യമാണെന്ന തിരിച്ചറിവാണ് ഈ ആട്ടക്കഥയുടെ ജനനത്തിന് പിന്നില്‍. സൈനിക സേവനത്തിനിടയില്‍ രാജസ്‌ഥാനില്‍ താമസിക്കുമ്പോഴാണ് ഹനുമാന്‍ ഭക്‌തരായ ഗ്രാമീണരില്‍ നിന്ന് ഇതിനുള്ള കഥാതന്തു ലഭിക്കുന്നത്. ഈ കഥ പ്രേക്ഷകര്‍ക്ക് വേറിട്ടൊരു ദര്‍ശനാനുഭവം നല്‍കുമെന്ന വിശ്വാസമാണ് രചനയ്‌ക്ക് പ്രേരണയായത്.
മുന്‍കാല സംഭാവനകള്‍
ഡല്‍ഹി, ഡെറാഡൂണ്‍, ഹൈദരാബാദ്, കൊഹിമ തുടങ്ങിയ സ്‌ഥലങ്ങളില്‍ അവതരിപ്പിച്ച മുപ്പതോളം ചെറുതും വലുതുമായ മലയാളം-ഹിന്ദി നാടകങ്ങള്‍ രചിച്ചു സംവിധാനം ചെയ്‌തിട്ടുണ്ട്. 2016-ല്‍ ഇദ്ദേഹം എഴുതിയ 'ജാന്‍ സേ പ്യാരാ ഭാരത്' എന്ന ഹിന്ദി ഗാനം ഇന്ത്യന്‍ സേനയുടെ പ്രമോ സോങ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 'ജയ ജയ ഭാരതം' എന്ന സംസ്‌കൃത ദേശഭക്‌തിഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
2023-ല്‍ മികച്ച ഗാനരചയിതാവിനുള്ള പ്രേംനസീര്‍ ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം നേടി. 30 വര്‍ഷത്തെ ദേശസേവനത്തിന്റെ അനുഭവക്കുറിപ്പുകള്‍ തയ്യാറാക്കിവരുന്ന തട്ടയില്‍ മനോജ് കുമാര്‍ ഐശ്വര്യ, സാമൂഹിക പ്രതിബദ്ധതയുള്ള സര്‍ഗാത്മക രചനകളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സിനിമയിലെ സംഭാവനകള്‍
2018-ല്‍ പുറത്തിറങ്ങിയ 'ഡസ്‌റ്റ്ബിന്‍' എന്ന ആശയപ്രധാനമായ ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ രചിച്ചു. കേണല്‍ രാജേന്ദ്ര സിങ്ങിന്റെ 'സവാല്‍' എന്ന നോവലിനെ ആസ്‌പദമാക്കി 2018-ല്‍ തയാറാക്കിയ ഹിന്ദി തിരക്കഥ, നിര്‍മ്മാതാവ് കലവൂര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ചലച്ചിത്രമാകാന്‍ ഒരുങ്ങുകയാണ്. കൂടാതെ, സ്‌കൂള്‍ പശ്‌ചാത്തലത്തില്‍ സാധാരണക്കാരുടെ ജീവിതം പ്രമേയമാക്കിയ മറ്റൊരു തിരക്കഥയും രചിച്ചിട്ടുണ്ട്.
സംസ്‌കൃതവുമായുള്ള അടുപ്പം
എല്‍.പി.ക്ല ാസ് മുതല്‍ സംസ്‌കൃതം പഠിച്ചു വളര്‍ന്നതാണ് ആ ഭാഷയോടും മലയാളത്തോടുമുള്ള അടുപ്പത്തിന് കാരണം. സാധാരണക്കാര്‍ക്ക് അന്യമായി തോന്നുന്ന സംസ്‌കൃതത്തെ, മലയാളം പോലെ എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ ആധുനിക രചനകള്‍ സഹായിക്കുമെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന സംസ്‌കൃത രചനകളെ അടുത്തറിയാന്‍ ആ ഭാഷയോടുള്ള താല്‌പര്യം അത്യന്താപേക്ഷിതമാണ്.
പത്തനംതിട്ട ജില്ലയിലെ തട്ടയില്‍ ഭഗവതിക്കും പടിഞ്ഞാറ് എന്ന ഗ്രാമത്തിലാണ് താമസം. ചാങ്കൂരേത്ത് രാജന്‍ പിള്ളയുടെയും പുന്നയ്‌ക്കാ കുളങ്ങര ഓമന കുഞ്ഞമ്മയുടേയും മകനാണ്.
സനില്‍ അടൂര്‍





Comments