അനുജാ, അതിര്‍ത്തിയില്‍ നമ്മെത്തിരിക്കുവാന്‍
നീനട്ട വൃക്ഷങ്ങളിരുപുറവുമെങ്കിലും,
വേരുകള്‍ കൂടിപ്പിണഞ്ഞിന്നു മണ്ണിലൂ
ടമ്മതന്നസ്‌ഥിത്തറയെത്തൊടുന്നിതാ!
ഉരുവായൊരേയുറവു തേടുന്നവേരിന്നു
മറിയാമൊരുരുകുന്ന മനമവിടെയെന്ന്!
മത്സരിച്ചന്നു നാം പങ്കിട്ടെടുത്തതാ
ണമ്മക്കരങ്ങളാലൂട്ടിയോരുരുളകള്‍
മത്സരിച്ചിന്നു നാം പങ്കിട്ടെടുക്കയാ
ണമ്മത്തണല്‍പറ്റി ജീവിച്ച മണ്ണിതും!
പങ്കിട്ടെടുക്കാന്‍ മറന്നു നാമമ്മതന്‍
മാറില്‍നിന്നൂറിയോരലിവിന്റെയുറവകള്‍!
പടികടന്നന്നു ഞാന്‍ പോകുമ്പൊഴെന്‍ പിന്നി
ലുടയുന്നതമ്മതന്‍ ചില്ലിട്ട പിന്‍വിളി!
ചില്ലിട്ടു പൂട്ടിയാല്‍ തടയുവാനാകുമോ
മിഴിനീരിനുരുളുകള്‍, ചിത്രത്തിലെങ്കിലും!
ഒടുവില്‍ നാം മക്കള്‍ക്കു കെട്ടിപ്പടുത്തോരു
രമ്യഹര്‍മ്മത്തിലിന്നേകരായ്‌പ്പാര്‍ക്കവേ,
ഒരുപിന്‍വിളിയാലെ മാര്‍ഗ്ഗം മുടക്കാനു
മരുതാത്ത പുണ്യത്തെയറിയാത്ത നമ്മള്‍ക്കു
കാലംകുറിച്ചോരു ന്യായമെന്നറിയവേ,
നിറയുന്ന കണ്‍കളെ നിഴലാല്‍ മറയ്‌ക്കുക !
സിംപിള്‍ ചന്ദ്രന്‍






Comments