
ജലോത്സവങ്ങള്‍ മലയാളികള്‍ക്ക് എന്നും ആവേശമാണ്. വീണ്ടുമൊരു വള്ളംകളി സീസണിന് തുടക്കമായിരിക്കെ കളിവള്ളങ്ങളും ബോട്ട് ക്ലബ്ബുകളുമെല്ലാം തയാറെടുപ്പുകളില്‍ മുഴുകി കഴിഞ്ഞു. പരമ്പരാഗതമായി പുരുഷാധിപത്യം നിലനില്‍ക്കുന്ന വള്ളംകളി രംഗത്തേക്ക് പ്രമുഖമായൊരു ബോട്ട് ക്ലബ്ബിനെ നയിക്കാന്‍ ഒരു വനിത എത്തുന്നുവെന്നതാണ് ഓഗസ്റ്റ് 22ന് പുന്നമടക്കായലില്‍ നടക്കുന്ന 72-ാംമത് നെഹ്‌റുട്രോഫി ജലമേളയുടെ എറ്റവും വലിയൊരു സവിശേഷത.
കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്റെ ക്യാപ്റ്റനായാണ് ജന്മം കൊണ്ട് ആലപ്പുഴക്കാരിയും വിവാഹശേഷം പാലാ രാമപുരം നിവാസിയുമായ അനു ആല്‍ബര്‍ട്ട് പുലിക്കാട്ടില്‍ എത്തുന്നത്. ഓളപ്പരപ്പിലെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന നെഹ്‌റുട്രോഫി ജലമേളയില്‍ ഏറ്റവും ശ്രദ്ധേയമായ ചുണ്ടന്‍ വിഭാഗത്തില്‍ മുമ്പ് രണ്ട് വട്ടം വനിതാ ക്യാപ്റ്റന്‍മാരുണ്ടായിട്ടുണ്ടെങ്കിലും നിലവിലെ റണ്ണേഴ്‌സ് അപ്പായൊരു ടീമിനെ നയിക്കാന്‍ വനിത എത്തുന്നത് ചരിത്രത്തില്‍ ആദ്യമാണ്. നെഹ്‌റുട്രോഫി നേടുകയെന്ന പുന്നമട കരക്കാരുടെ സ്വപ്നസാഫല്യത്തിനാണ് ഇരുപത്തിയെട്ടുകാരിയായ അനു ആല്‍ബര്‍ട്ട് ഇറങ്ങുന്നത്.
പി.ബി.എസി ആന്‍ഡ് എന്‍.സി.എഫ്.സി എന്ന ബാനറില്‍ പുന്നമടയില്‍ പോരിനൊരുങ്ങുന്ന ചരിത്രപ്രസിദ്ധമായ നടുഭാഗം ചുണ്ടന് അനുവിന്റെ ക്യാപ്റ്റന്‍സി മറ്റൊരു ചരിത്ര നിയോഗമാകുകയാണ്. യു.കെ, ഓസ്‌ട്രേലിയ, അയര്‍ലണ്ട് തുടങ്ങി വിവിധ രാജ്യങ്ങളിലായി വളര്‍ന്നു പന്തലിച്ച റാഫേല്‍സ് സില്‍വര്‍ വിംഗ്‌സി(ആര്‍.എസ്.ഡബ്‌ള്യൂ ഗ്രൂപ്പ്)ന്റെ ഡയറക്ടര്‍ കൂടിയായ ഭര്‍ത്താവ് കോട്ടയം രാമപുരം സ്വദേശി ആല്‍ബര്‍ട്ട് ആഞ്ചലോയും കുടുംബവും തന്റെ മാതാപിതാക്കളും നല്‍കുന്ന ഉറച്ച പിന്തുണയാണ് വിദേശത്തും സ്വദേശത്തുമായുള്ള ബിസിനസ് തിരക്കുകള്‍ക്കിടയിലും ഏറെപ്രിയപ്പെട്ട വള്ളംകളിയില്‍ ക്യാപ്റ്റനായി എത്താന്‍ പ്രചോദനമായതെന്ന് അനു ആല്‍ബര്‍ട്ട് പറയുന്നു. പുന്നമട പാക്കള്ളില്‍ തോമസ് വര്‍ഗീസി(ബെന്നിച്ചന്‍-ജലഗതാഗതവകുപ്പ്)ന്റെയും ടിജി തോമസിന്റെയും മകളാണ് അനു ആല്‍ബര്‍ട്ട് പുലിക്കാട്ടില്‍.
കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്റെ ക്യാപ്റ്റനായാണ് ജന്മം കൊണ്ട് ആലപ്പുഴക്കാരിയും വിവാഹശേഷം പാലാ രാമപുരം നിവാസിയുമായ അനു ആല്‍ബര്‍ട്ട് പുലിക്കാട്ടില്‍ എത്തുന്നത്. ഓളപ്പരപ്പിലെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന നെഹ്‌റുട്രോഫി ജലമേളയില്‍ ഏറ്റവും ശ്രദ്ധേയമായ ചുണ്ടന്‍ വിഭാഗത്തില്‍ മുമ്പ് രണ്ട് വട്ടം വനിതാ ക്യാപ്റ്റന്‍മാരുണ്ടായിട്ടുണ്ടെങ്കിലും നിലവിലെ റണ്ണേഴ്‌സ് അപ്പായൊരു ടീമിനെ നയിക്കാന്‍ വനിത എത്തുന്നത് ചരിത്രത്തില്‍ ആദ്യമാണ്. നെഹ്‌റുട്രോഫി നേടുകയെന്ന പുന്നമട കരക്കാരുടെ സ്വപ്നസാഫല്യത്തിനാണ് ഇരുപത്തിയെട്ടുകാരിയായ അനു ആല്‍ബര്‍ട്ട് ഇറങ്ങുന്നത്.
പി.ബി.എസി ആന്‍ഡ് എന്‍.സി.എഫ്.സി എന്ന ബാനറില്‍ പുന്നമടയില്‍ പോരിനൊരുങ്ങുന്ന ചരിത്രപ്രസിദ്ധമായ നടുഭാഗം ചുണ്ടന് അനുവിന്റെ ക്യാപ്റ്റന്‍സി മറ്റൊരു ചരിത്ര നിയോഗമാകുകയാണ്. യു.കെ, ഓസ്‌ട്രേലിയ, അയര്‍ലണ്ട് തുടങ്ങി വിവിധ രാജ്യങ്ങളിലായി വളര്‍ന്നു പന്തലിച്ച റാഫേല്‍സ് സില്‍വര്‍ വിംഗ്‌സി(ആര്‍.എസ്.ഡബ്‌ള്യൂ ഗ്രൂപ്പ്)ന്റെ ഡയറക്ടര്‍ കൂടിയായ ഭര്‍ത്താവ് കോട്ടയം രാമപുരം സ്വദേശി ആല്‍ബര്‍ട്ട് ആഞ്ചലോയും കുടുംബവും തന്റെ മാതാപിതാക്കളും നല്‍കുന്ന ഉറച്ച പിന്തുണയാണ് വിദേശത്തും സ്വദേശത്തുമായുള്ള ബിസിനസ് തിരക്കുകള്‍ക്കിടയിലും ഏറെപ്രിയപ്പെട്ട വള്ളംകളിയില്‍ ക്യാപ്റ്റനായി എത്താന്‍ പ്രചോദനമായതെന്ന് അനു ആല്‍ബര്‍ട്ട് പറയുന്നു. പുന്നമട പാക്കള്ളില്‍ തോമസ് വര്‍ഗീസി(ബെന്നിച്ചന്‍-ജലഗതാഗതവകുപ്പ്)ന്റെയും ടിജി തോമസിന്റെയും മകളാണ് അനു ആല്‍ബര്‍ട്ട് പുലിക്കാട്ടില്‍.

'വള്ളംകളിയോട് കുട്ടിക്കാലം മുതല്‍ പ്രിയം'
പുന്നമടയില്‍ ജനിച്ചുവളര്‍ന്നതുകൊണ്ടു തന്നെ കുട്ടിക്കാലം മുതല്‍ വള്ളംകളിയോട് അതിയായ ഇഷ്ടമുണ്ടായിരുന്നു. നെഹ്‌റുട്രോഫി വള്ളംകളി മാത്രമല്ല കളിവള്ളങ്ങളുടെ പരിശീലന തുഴച്ചില്‍ വരെ കാണാന്‍ പോകുമായിരുന്നു. അച്ഛന്‍ ജലഗതാഗതവകുപ്പ് ജീവനക്കാരനായ തോമസ് വര്‍ഗീസാണ് കൂട്ടിക്കൊണ്ടു പോയിരുന്നത്. വള്ളങ്ങളുടെയും ബോട്ട് ക്ലബ്ബുകളുടെയും വള്ളംകളികളുടെയും ചരിത്രമെല്ലാം അച്ഛനാണ് പറഞ്ഞു തന്നത്. ചുണ്ടന്‍ വള്ളത്തില്‍ കയറണമെന്നും തുഴയണമെന്നുമെല്ലാം ആഗ്രഹം തോന്നിയിരുന്നു. വള്ളംകളി രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം തീര്‍ത്തും കുറവായിപോയതിനെക്കുറിച്ചും ചോദിക്കുമായിരുന്നു. തെക്കനോടി വള്ളങ്ങളിലൊക്കെ മാത്രമാണ് വനിതകള്‍ തുഴഞ്ഞിരുന്നത്. അത്തരം ചിന്തകളാണ് ഇന്ന് നടുഭാഗം പോലൊരു പ്രമുഖ ചുണ്ടന്‍ വള്ളത്തിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ ഇടയാക്കിയത്. വ്യത്യസ്തമായൊരു കാര്യം ചെയ്യണമെന്ന ആഗ്രഹം കൂടി ഇതിന് പിന്നിലുണ്ട്. ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയുമെല്ലാം ഉറച്ച പിന്തുണ ലഭിച്ചതോടെ ആ ദൗത്യം ഏറ്റെടുത്തു. ഭര്‍ത്താവ് ആല്‍ബര്‍ട്ട് ആഞ്ചലോയും അദ്ദേഹത്തിന്റെ പിതാവ് ആഞ്ചലോ തോമസും മാതാവ് ആന്‍സ് ആഞ്ചലോയുമെല്ലാം ഇപ്പോഴേ വലിയ ത്രില്ലിലാണ്. ഭര്‍തൃപിതാവാണ് ക്ലബ്ബുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം സജീവമായി ഇടപെട്ട് സഹായിക്കുന്നത്.
'വൈസ് ക്യാപ്റ്റനും വനിത'

പി.ബി.സി പുന്നമട- എന്‍.സി.എഫ്.സി(നടുഭാഗം ചുണ്ടന്‍ ഫാന്‍സ് ക്ലബ്ബ്) എന്ന പേരിലാണ് ഇത്തവണ നടുഭാഗം ചുണ്ടന്‍ നെഹ്‌റുട്രോഫി ജലമേളയില്‍ മത്സരിക്കുന്നത്. വൈസ് ക്യാപ്റ്റനും വനിതയാണെന്ന പ്രത്യേകതയുണ്ട്. അത് വലിയ സന്തോഷം പകരുന്നു. അന്ന റോസ് ജിന്റോയാണ് വൈസ് ക്യാപ്റ്റന്‍. ടീമിന്റെ പരിശീലനം ചമ്പക്കുളം മൂലം വള്ളംകളിക്ക് മുന്നോടിയായി തന്നെ ആരംഭിച്ചിരുന്നു. ഇപ്പോള്‍ നെഹ്‌റു ട്രോഫിക്കായുള്ള പ്രത്യേക പരിശീലനമാണ് നടക്കുന്നത്. ഇതരസംസ്ഥാനക്കാരായ പ്രൊഫഷണല്‍ ജലകായിക താരങ്ങള്‍ ഉള്‍പ്പടെയുള്ള സന്തുലിതമായ ടീമിനെയാകും മത്സരവേദയില്‍ എത്തിക്കുക. ആലപ്പുഴ നഗരസഭയുടെ മുന്‍ ചെയര്‍മാന്‍ കൂടിയായ തോമസ് ജോസഫ് ഉള്‍പ്പടെയുള്ളവരുടെ പിന്തുണയാണ് ഇത്തരമൊരു സ്ഥാനത്ത് എത്താന്‍ അവസരമൊരുക്കിയത്. ക്ലബ്ബ് ഭാരവാഹികളും അംഗങ്ങളും നാട്ടുകാരുമെല്ലാം വലിയ പിന്‍ബലമാണ് നല്‍കുന്നത്. എല്ലാ മേഖലയിലും ഇന്ന് സ്ത്രീകള്‍ കടന്നു വന്നു. അത് വള്ളംകളി രംഗത്തും ഉണ്ടാകണം.
'ലക്ഷ്യം.. വെള്ളിക്കപ്പ്..'
മത്സര വള്ളംകളികള്‍ ഒരുപാടുണ്ടെങ്കിലും നെഹ്‌റുട്രോഫി ജലമേളയിലെ വിജയമാണ് ഓരോ ചുണ്ടന്‍ വള്ളത്തിന്റെയും ബോട്ട് ക്ലബ്ബിന്റെയും ആത്യന്തികമായ ലക്ഷ്യം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൈയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് സ്വന്തമാക്കുകയാണ് ആഗ്രഹം. ഇത്തവണ നടുഭാഗം ചുണ്ടന് അത് സാധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ തലനാരിഴയ്ക്ക് നഷ്ടമായ ഭാഗ്യം ഇക്കുറി കൈവെടിയാതിരിക്കാന്‍ കൂടുതല്‍ മികച്ച പരിശീലനം നടത്തും. ആതിഥേയരായ പുന്നമട ബോട്ട് ക്ലബ്ബിന് ഇതുവരെ നെഹ്‌റുട്രോഫി നേടാനായിട്ടില്ല. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനമാണ് ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. ഇത്തവണ സ്വപ്നം സഫലീകരിക്കാനുള്ള പരിശ്രമത്തില്‍ കരക്കാര്‍ എല്ലാവരും ഒപ്പമുണ്ട് എന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. വള്ളംകളി വലിയ ടീം വര്‍ക്കാണ്. പങ്കായക്കാര്‍, തുഴച്ചില്‍ക്കാര്‍, താളക്കാര്‍ എന്നിങ്ങനെ വിവിധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഒരുപാട് പേരുടെ അധ്വാനമാണ്. പരിശ്രമവും ഭാഗ്യവും ദൈവാനുഗ്രഹവും എല്ലാം ചേരുമ്പോഴാണ് വിജയം സാധ്യമാകുക. അതിനായി പ്രവര്‍ത്തിക്കുകയും പ്രാര്‍ഥിക്കുകയുമാണ് നമ്മുക്ക് ചെയ്യാന്‍ സാധിക്കുക.

'വള്ളംകളി സ്‌പോര്‍ട്‌സ് ആയി അംഗീകരിക്കണം'
വള്ളംകളി രംഗത്ത് പ്രഫഷണലിസം വന്നിട്ടും കായിക ഇനമായി ഉള്‍പ്പെടുത്താത്തത് ഖേദകരമാണ്. നൂറിലധികം താരങ്ങള്‍ ഒരു ടീമില്‍ അണിനിരക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക വിനോദം തന്നെയാണ് വള്ളംകളി. 25 ഓളം ചുണ്ടനുകള്‍ മത്സരിക്കാനെത്തുന്നതില്‍ 15 എണ്ണമെങ്കിലും നെഹ്‌റുട്രോഫി നേടാന്‍ വേണ്ടി തന്നെ തയാറെടുത്ത് വരുന്നവയാണ്. മികച്ച തുഴച്ചില്‍ക്കാരെ കണ്ടെത്തി ടീമില്‍ ഉള്‍പ്പെടുത്താനും പരിശീലനത്തിനുമൊക്കെയായി വലിയ തുകയാണ് ചെലവ് വരുന്നത്. ക്യാമ്പുകള്‍ ആരംഭിച്ച് തുഴച്ചില്‍ക്കാര്‍ക്ക് കായിക പരിശീലനം, പോഷകസമൃദ്ധമായ ഭക്ഷണം, വ്യായാമം, ആരോഗ്യസംരക്ഷണം തുടങ്ങി വിവിധങ്ങളായ കാര്യങ്ങള്‍ ചെയ്താണ് ഒരു മികച്ച ടീമിനെ സജ്ജമാക്കി എടുക്കുന്നത്. 1990 വരെയൊക്കെ കരക്കാരുടെ കളിയായിരുന്നെങ്കില്‍ പിന്നീട് സാഹചര്യം മാറി. ഇന്ന് മൈക്രോസെക്കന്റുകള്‍ക്ക് മത്സരഫലം മാറിമറിയുന്നു. കാണികളെ ത്രസിപ്പിക്കുന്ന ഇഞ്ചോടിഞ്ച് മത്സരങ്ങള്‍ നടക്കുന്നു. അതെല്ലാം മികച്ച സമയം കണ്ടെത്താന്‍ ക്ലബ്ബുകള്‍ നടത്തുന്ന അധ്വാനത്തിന്റെ ഫലമാണ്. തുഴച്ചില്‍ക്കാരായി ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം പ്രഫഷണലുകള്‍ എത്തുന്നു. അതിനാല്‍ ഇനിയും വള്ളംകളിയെ കായിക ഇനത്തില്‍ നിന്ന് മാറ്റി നിര്‍ത്തരുതെന്ന അഭ്യര്‍ഥനയാണ് അധികാരികളോട് പങ്കുവയ്ക്കാനുള്ളത്.
കീഴടക്കാന്‍ 'ഛത്രപതി'
1952ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ സ്വീകരിക്കാന്‍ നടത്തിയ ആദ്യ ജലോത്സവത്തില്‍ വിജയിയായ നടുഭാഗം ചുണ്ടന്റ പിന്‍ഗാമി ഇത്തവണ ഒരുങ്ങുന്നത് വിസ്മയക്കുതിപ്പിന്. നെഹ്‌റുവില്‍നിന്നു സമ്മാനം നേടിയ പഴയ നടുഭാഗം ചുണ്ടന് പിന്നീടൊരു നെഹ്‌റു ട്രോഫി വിജയം സാധ്യമായിരുന്നില്ല. എന്നാല്‍ 2015ല്‍ നീരണിഞ്ഞ നടുഭാഗം പുത്തന്‍ ചുണ്ടന്‍ ആ നിര്‍ഭാഗ്യ ചരിത്രം തിരുത്തിക്കുറിച്ചു. 2019ല്‍ നടന്ന 67-ാം നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ പി.ബി.സി പള്ളാത്തുരുത്തി തുഴഞ്ഞ് നെഹ്‌റുട്രോഫി സ്വന്തമാക്കി. നടുഭാഗം കരക്കാരുടെ 66 വര്‍ഷത്തെ കാത്തിരിപ്പിനാണ് അന്ന് അവസാനമായത്. ആ വര്‍ഷം പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് കിരീടവും നടുഭാഗം ചൂടി.
1952ല്‍ ആലപ്പുഴയിലെത്തിയ ജവാഹര്‍ലാല്‍ നെഹ്‌റുവിനെ സ്വീകരിക്കാന്‍ നടത്തിയ ആദ്യ ജലോത്സവത്തില്‍ വിജയിച്ച നടുഭാഗം ചുണ്ടന്റെ പേരില്‍ കരക്കാര്‍ പുതിയതായി നിര്‍മിച്ച ചുണ്ടനാണ് ഇന്നത്തെ നടുഭാഗം ചുണ്ടന്‍. ആരാധകര്‍ 'ഛത്രപതി' എന്ന് വാഴ്ത്തുന്ന നടുഭാഗം പുത്തന്‍ ചുണ്ടന്‍ പല ക്ലബ്ബുകള്‍ തുഴഞ്ഞിട്ടും മുന്‍ സീസണുകളിലെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ നെഹ്‌റുട്രോഫി ജലമേളയില്‍ എല്ലാവരെയും ഞെട്ടിച്ച പ്രകടനം കാഴ്ചവച്ച് ഹീറ്റ്‌സില്‍ മികച്ച സമയം കുറിക്കുകയും ഫൈനലില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. കപ്പ് നേടാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ട പല ക്ലബ്ബുകള്‍ക്കും ഫൈനല്‍ പ്രവേശനത്തിന് പോലും കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ നടുഭാഗത്തിന്റെയും പി.ബി.സി പുന്നമടയുടെയും പ്രകടനം ഏറെപ്രശംസ പിടിച്ചുപറ്റി. ഈ സീസണിലേക്ക് ഏറ്റവും ആദ്യം കരാറിലേര്‍പ്പെട്ട കൂട്ടുകെട്ടും നടുഭാഗവും പി.ബി.സി പുന്നമടയുമായിരുന്നു. അതുകൊണ്ടു തന്നെ വനിതാ ക്യാപ്റ്റന്റെയും വൈസ് ക്യാപ്റ്റന്റെയും നേതൃത്വത്തില്‍ മികച്ച തുഴച്ചില്‍ താരങ്ങളുമായി പുന്നമടയിലേക്ക് എത്താനൊരുങ്ങുന്ന നടുഭാഗം ചുണ്ടനില്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.





Comments