
ഇന്‍ഡോര്‍: മാനസിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്ലിനെ പിന്തുണച്ച് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെടുന്ന താരങ്ങള്‍ സജീവ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നതാണ് നല്ലതെന്നും കോഹ്ലി വ്യക്തമാക്കി. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് കോഹ്ലി ഇക്കാര്യം വ്യക്തമാക്കിയത്.
മാക്സ്വെല്ലിനെ പിന്തുണച്ചുകൊണ്ട് തനിക്ക് നേരിടേണ്ടി വന്ന 'ദുരനുഭവവും' കോഹ്ലി വെളിപ്പെടുത്തി. കരിയറിന്റെ ഒരു ഘട്ടത്തില്‍ എല്ലാം അവസാനിച്ചെന്ന തലത്തിലേക്ക് താനും വീണുപോയിരുന്നുവെന്നും, അന്ന് തീര്‍ത്തും ഒറ്റപ്പെട്ടുപോയെന്നും കോഹ്ലി പറഞ്ഞു. 2014 ല്‍ ഇന്ത്യ ഇംണ്ടിനു പര്യടനത്തിനു പോയ സമയമാണ് തനിക്ക് ഏറ്റവും മോശം സമയമെന്നും കോഹ്ലി പറഞ്ഞു.
ആ സമയത്ത് ആരോടും ഒന്നും മിണ്ടാന്‍ പോലും സാധിച്ചില്ല. താന്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറയാന്‍ പോലും ഭയമായിരുന്നു. അതേസമയം ഇത്തരമൊരു അവസ്ഥ വെളിപ്പെടുത്തി കളിയില്‍ നിന്ന് ഇടവേള എടുക്കാനും സാധിക്കാതെ വന്നുവെന്നും കോഹ്ലി പറഞ്ഞു. മാനസിക ആരോഗ്യത്തിനും സന്തോഷത്തിനും വലിയ പ്രാധാന്യം കൊടുക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ മാക്സ്വെല് ചെയ്തതാണ് ശരിയെന്ന് കോഹ്ലി പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റ് താരങ്ങള്‍ക്ക് അനുകരണീയമായ മാതൃകയാണ് മാക്സ്വെല്ലിന്റേതെന്നും കോഹ്ലി പുകഴ്ത്തി. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കിടെയാണ് മാനസിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി മാക്സ്വെല് ടീമില്‍ നിന്ന് പിന്മാറിയത്.






