
സുല്‍ത്താന്‍ ബത്തേരി : ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തില്‍ അധ്യാപകന് സസ്പെന്ഷന്. ചികിത്സ ലഭ്യമാക്കാന്‍ വൈകിച്ചുവെന്ന് ആരോപണം നേരിടേണ്ടി വന്ന ഷിജില്‍ എന്ന അധ്യാപകനെതിരെയാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നടപടി എടുത്തിട്ടുള്ളത്.
പ്രതിഷേധം ശക്തമായതോടെ ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ സ്കൂളിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ഉടനടി നടപടി എടുത്തത്.
ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ ഷഹ്ല ഷെറിന് (10) ആണ് പാമ്പുകടിയേറ്റ് മരിച്ചത്. പാമ്പുകടിയേറ്റ ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ജീവന് രക്ഷിക്കാനാകുമായിരുന്നു. പാമ്പു കടിയേറ്റ കുട്ടി അവശയായി ഇരുന്നിട്ടും പിതാവെത്തി കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ അധ്യാപകര്‍ കൂട്ടാക്കിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.






