
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെതിരേ വകുപ്പുതല അന്വേഷണത്തിന് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ്, ഊര്‍ജ സെക്രട്ടറി ബി.അശോക് എന്നിവരാണു സമിതിയംഗങ്ങള്‍.
ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ ശ്രീറാമിനെ ചീഫ് സെക്രട്ടറി കഴിഞ്ഞമാസം 10-നു രണ്ടുമാസത്തേക്കുകൂടി സസ്പെന്‍ഡ് ചെയ്തിരുന്നു. മദ്യപിച്ചല്ല വാഹനമോടിച്ചതെന്ന ശ്രീറാമിന്റെ വിശദീകരണം തള്ളുകയും ചെയ്തു. ശ്രീറാം മദ്യപിച്ചാണു വാഹനമോടിച്ചതെന്നു നിയമസഭയില്‍ മുഖ്യമന്ത്രിയും സൂചിപ്പിച്ചിരുന്നു. അപകടശേഷം ശ്രീറാമിനു പ്രഥമശുശ്രൂഷ നല്കിയ ഡോക്ടര്‍ മദ്യഗന്ധം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനു രാത്രി ഒരുമണിയോടെയാണു തിരുവന്തപുരം മ്യൂസിയം ജങ്ഷനു സമീപം ശ്രീറാം ഓടിച്ച വാഹനമിടിച്ച് ബഷീര്‍ മരിച്ചത്. സംഭവം നടക്കുമ്പോള്‍ അദ്ദേഹം സര്‍വേ ഡയറക്ടറായിരുന്നു. ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്തപരിശോധന പോലീസ് ആവശ്യപ്പെട്ടില്ല.
മദ്യത്തിന്റെ മണമുണ്ടെന്നു ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും പോലീസ് അദ്ദേഹത്തെ സ്വകാര്യാശുപത്രിയിലേക്കാണു കൊണ്ടുപോയത്. ശ്രീറാമിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായ ആരോപണത്തേത്തുടര്‍ന്ന് ഒന്‍പതു മണിക്കൂറിനുശേഷമാണു രക്തപരിശോധന നടത്തിയത്. പരിശോധന െവെകിയതിനാല്‍ രക്തസാമ്പിളില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞില്ല.






