
വയനാട്: താമരശേരി ചുരത്തിലെ അഞ്ചാം വളവിലൂടെ കാല് പുറത്തിട്ട് യുവാക്കള്‍ സാഹസിക യാത്ര ചെയ്ത സംഭവത്തില്‍ ഡ്രൈവര്‍ സഫീറിന്റെ ലൈസന്‍സ് മൂന്ന് മാസത്തേയ്ക്ക് സസ്പെന്റ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ എടപ്പാല്‍ ട്രെയ്നിംഗ് സെന്ററില്‍ പോയ് മൂന്ന് ദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുത്ത ശേഷമാകും ഇനി ലൈസന്‍സ് നല്‍കുക. തെളിവെടുപ്പിന് ഇന്നും സഫീര്‍ ഹാജരായില്ല.
താമരശേരി ചുരത്തിന്റെ അഞ്ചാം വളവില്‍ അപകടമുണ്ടാകുന്ന രീതിയില്‍ കാറോടിച്ച പേരാമ്പ്ര സ്വദേശി സഫീര്‍ ഇന്നും ആര്‍ടിഒ മുന്‍പാകെ ഹാജരാകാഞ്ഞതോടെയാണ് ലൈസന്‍സ് സസ്പെന്റുചെയ്തത്. ഇന്നലെ ഹാജരാകണമെന്നാണ് നേരത്തെ നിര്‍ദേശിച്ചതെങ്കിലും പാലിക്കാത്തതില്‍ ഒരു അവസരം കൂടി നല്‍കുകയായിരുന്നു.
സഫീറോടിച്ച സാന്‍ട്രോ കാര്‍ ചേവായൂരില്‍ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. മറ്റേതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടോ എന്നറിയാല്‍ ആര്‍സി ബുക്ക് അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. ലഭിക്കുന്ന മുറക്ക് പരിശോധനകള്‍ നടത്തിയ ശേഷമാകും കസ്റ്റഡിയിലുള്ള കാര്‍ വിട്ട് നല്‍കുക. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സഫീറും സംഘവും കാല് പുറത്തിട്ട് ബാക്ക് ഡോര്‍ തുറന്നുവച്ച് അപകടമുണ്ടാകുന്ന വിധത്തില്‍ താമരശേരി ചുരത്തിന്റെ അഞ്ചാം വളവില്‍ വാഹനമോടിച്ചത്.






