
തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെ രണ്ടു പോലീസ് സ്റ്റേഷനുകളില്‍ സി.ഐമാരെ നിയോഗിച്ച അഡീഷനല്‍ കമ്മിഷണര്‍ ഡി.ഐ.ജി: ഹര്‍ഷിത അട്ടല്ലൂരിയുടെ ഉത്തരവ് മണിക്കൂറുകള്‍ക്കുള്ളില്‍ ഡി.ജി.പി: ലോക്നാഥ് ബെഹ്റ റദ്ദാക്കി.
കോവളം എസ്.എച്ച്.ഒ: പി. അനില്‍കുമാറിനെ വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലും തിരുവനന്തപുരം കണ്ട്രോള് റൂം സി.ഐ: എസ്. അനില്‍കുമാറിനെ വലിയതുറ സ്റ്റേഷനിലും നിയമിച്ചുകൊണ്ടായിരുന്നു ഹര്‍ഷിതയുടെ ഉത്തരവ്. തന്നെ മറികടന്ന് ഡി.ഐ.ജി. നടത്തിയ നീക്കം ഡി.ജി.പി. ബെഹ്റ റദ്ദാക്കുകയായിരുന്നു. ഇതനുസരിച്ച്, വലിയതുറയില്‍ പുതിയ സി.ഐയെ പിന്നീടു നിയമിക്കും. ഒപ്പം 50 സി.ഐമാരെയും മാറ്റിയിട്ടുണ്ട്.
വട്ടിയൂര്‍ക്കാവ് സി.ഐയായി കൊല്ലം ഈസ്റ്റ് കല്ലടയില്‍നിന്ന് എ.എസ്. ശാന്തകുമാറിനെ ഡി.ജി.പി. നിയമിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വട്ടിയൂര്‍ക്കാവ് സി.ഐ: എന്‍. അശോകനെ അടുത്തിടെ കാസര്‍ഗോട്ടേക്ക് സ്ഥലംമാറ്റിയിരുന്നു.
രാഷ്ട്രീയ ഇടപെടലുകള്‍ മൂലം പകരം ആളെ നിയമിച്ചിരുന്നില്ല. ക്രമസമാധാനപ്രശ്നങ്ങളും രാഷ്ട്രീയസംഘര്‍ഷവും നിലനില്‍ക്കുന്ന വട്ടിയൂര്‍ക്കാവിലും വലിയതുറയിലും സി.ഐമാരെ നിയമിച്ച ഹര്‍ഷിത, ഉത്തരവിന്റെ പകര്‍പ്പ് ഡി.ജി.പിക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടിക്രമം പാലിക്കാത്തതിനാല്‍ രണ്ടിടത്തും ഹര്‍ഷിത നിയോഗിച്ച ഉദ്യോഗസ്ഥരെ ഡി.ജി.പി. മാറ്റുകയായിരുന്നു.
മണല്‍ മാഫിയയേയും അഴിമതിക്കാരെയും നിലയ്ക്കുനിര്‍ത്താന്‍ മുഖം നോക്കാതെ നടപടിയെടുത്ത ഉദ്യോഗസ്ഥയായാണു ഹര്‍ഷിത അറിയപ്പെടുന്നത്. എസ്.എഫ്.ഐ-കെ.എസ്.യു. സംഘട്ടനങ്ങളുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റല്‍ റെയ്ഡിനു നേതൃത്വം നല്കിയതും അവരാണ്.






