
മുംബൈ: രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലില്‍ നടക്കുന്ന വോട്ടെടുപ്പില്‍ നിന്ന് ശിവസേന വിട്ടുനിന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതിനു പിന്നാലെയാണ് ശിവസേനയുടെ പിന്മാറ്റം. മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിലപാട് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബില്ലുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും മറുപടി ലഭിക്കാതെ രാജ്യസഭയില്‍ ബില്ലിനെ അനുകൂലിക്കില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബില്ലില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനകളില്‍ തൃപ്തരല്ലെന്ന നിലപാടില്‍ ശിവസേന ഉറച്ചുനില്ക്കു്നതായാണ് റിപ്പോര്‍ട്ട്.
രാജ്യസഭയില്‍ ബില്ലിന്മേല് മാറ്റങ്ങള്‍ വരുത്തിയേ തീരു. ബില്ലിനെ അനുകൂലിക്കുന്നവരെല്ലാം രാജ്യസ്നേഹികളും എതിര്‍ക്കുന്നവരെല്ലാം രാജ്യദ്രോഹികളുമാണെന്ന കാഴ്ചപ്പാടില്‍ മാറ്റം വരേണ്ടിയിരിക്കുന്നു. ബില്ലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ മറുപടി പറയണമെന്നു ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. ഇന്ന് രാത്രി എട്ടു മണി വരെയാണ് ബില്ലിന്മേല് രാജ്യസഭയില്‍ ചര്‍ച്ച. 238 അംഗ സഭയില്‍ 120 പേരുടെ പിന്തുണയാണ് ബില്‍ പാസാകാന്‍ വേണ്ടത്.






