
ന്യൂഡല്‍ഹി: നിലവിലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യ കരുത്തായി തിരിച്ചുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയില്‍ അസോചം 100 വര്‍ഷം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപകരുടെ ആത്മവശ്വാസം വര്‍ധിപ്പിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്.
ദീര്‍ഘകാലം ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന പേരിനുടമയായിരുന്ന ഇന്ത്യക്ക് ആറ് വര്‍ഷത്തെ ഏറ്റവും മോശം വളര്‍ച്ചാ നിരക്കാണ് കഴിഞ്ഞ സെപ്തംബറില്‍ രേഖപ്പെടുത്തിയത്. 'ഇത്തരം കയറ്റവും ഇറക്കവും മുന്‍പും ഇന്ത്യ നേരിട്ടതാണ്. ഓരോ തവണയും ഇന്ത്യ കരുത്തായി തിരികെ വരികയായിരുന്നു. അതിനാല്‍ തന്നെ ഇപ്പോഴത്തെ മാന്ദ്യകാലവും ഉറച്ച ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഇന്ത്യ മറികടക്കും.' മോഡി പറഞ്ഞു.
'അഞ്ച്- ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ പിടിച്ചു നിര്‍ത്തി. അതിനെ സ്ഥിരതയിലേക്ക് എത്തിക്കുക മാത്രമല്ല ചെയ്തത്. അച്ചടക്കവും കൊണ്ട് വന്നു. വ്യവസായ രംഗത്തിന്റെ പതിറ്റാണ്ട് നീണ്ട ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. ഓരോ തളര്‍ച്ചയില്‍ നിന്നും കൂടുതല്‍ കരുത്തോടെയാണ് ഇന്ത്യ ശക്തിയാര്‍ജ്ജിച്ചതെന്ന് രാജ്യത്തെ കോര്‍പ്പറേറ്റ്, ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ധൈര്യത്തോടെ തീരുമാനമെടുത്ത് തുറന്ന് മനസോടെ നിക്ഷേപിക്കൂ, പണം ചെലവഴിക്കാനും സന്നദ്ധരാകൂ' മോഡി ആഹ്വാനം ചെയ്തു.






