
കറാച്ചി: പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും ബംഗ്ളാദേശിലെയും പീഡനത്തിന് ഇരയാകുന്ന ന്യൂനപക്ഷങ്ങളെ മുന്‍ നിര്‍ത്തിയുള്ള പൗരത്വഭേദഗതി ബില്‍ ഇന്ത്യയില്‍ വലിയ ഒച്ചപ്പാടാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ പാക് ക്രിക്കറ്റ് ടീമിലെ ഹിന്ദുവായിരുന്ന മുന്‍താരം ഡാനിഷ് കനേരിയയോട് മറ്റുടീം അംഗങ്ങളുടെ സമീപനത്തില്‍ വിവേചനം ഉണ്ടായിരുന്നതായി വെളിപ്പെടുത്തി മുന്‍ ഫാസ്റ്റ ബൗളര്‍ ഷൊയബ് അക്തര്‍. ഹിന്ദുവായിരുന്നതിനാല്‍ മറ്റുള്ളവര്‍ മോശമായി ഡാനിഷ് കനേരിയയോട് പെരുമാറിയിരുന്നെന്നാണ് അക്തര്‍ പറയുന്നത്.
ഒരു ടെലിവിഷന്‍ ചാറ്റ് ഷോയിലായിരുന്നു അക്തറിന്റെ വെളിപ്പെടുത്തല്‍. അനില്‍ ദല്‍പത്തിന് പിന്നാലെ പാകിസ്താനെ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമില്‍ എത്തിയ രണ്ടാമത്തെ ഹിന്ദുവാണ് ഡാനിഷ് കനേരിയ. വിശ്വാസത്തിന്റെ പേരില്‍ കനേരിയയോട് മറ്റുള്ളവര്‍ അയിത്തം കാട്ടിയിരുന്നെന്നും കനേരിയ ഇരിക്കുന്ന ടേബിളില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറായിരുന്നില്ലെന്നും അക്തര്‍ പറഞ്ഞു. '' ടീമിലെ നായകന് പോലും തങ്ങള്‍ക്കൊപ്പം കനേരിയ ഭക്ഷണം കഴിക്കുന്നതില്‍ നെറ്റി ചുളിച്ചിരുന്നു. അപ്പോള്‍ ഞാന്‍ പറയും നിങ്ങള്‍ നായകനായിരിക്കും. പക്ഷേ ഈ പെരുമാറ്റം മോശമാണ്. അനേകം വിക്കറ്റുകള്‍ വീഴ്ത്തുകയും നമ്മളെ കളി ജയിപ്പിക്കുകയും ചെയ്തിട്ടുള്ള ഒരാളോട് ഈ രീതിയില്‍ പെരുമാറുന്നത് ശരിയല്ല.'' 'ഗെയിം ഓണ്‍ ഹൈ' എന്ന പരിപാടിയിലാണ് അക്തര്‍ ഇക്കാര്യം പറഞ്ഞത്.
മികച്ച പ്രകടനം നടത്തിയാലും ഒരിക്കലും കനേരിയയ്ക്ക് മത്സരം വിജയിപ്പിച്ചതിന്റെ ക്രെഡിറ്റ് കിട്ടിയിരുന്നില്ലെന്നും അക്തര്‍ ആരോപിച്ചു. ഇതിനെ 'ധിക്കാരം' എന്നാണ് അക്തര്‍ വിശേഷിപ്പിച്ചത്. 2005 ല്‍ ഇംഗ്ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ കനേരിയയാണ് എതിരാളികളുടെ മുന്‍നിര ബാറ്റ്സ്മാന്മാരെയെല്ലാം കുടുക്കി ടീമിന് വിജയം നേടിക്കൊുടുത്തതെന്നും അക്തര്‍ പറഞ്ഞു.
പ്രദേശത്തിന്റെയോ മതത്തിന്റെയോ പേരില്‍ ആരെങ്കിലും മറ്റൊരാളോട് വിവേചനം കാണിക്കുന്നത് താന്‍ എന്നും എതിര്‍ത്തിരുന്നു. ഹിന്ദുവാണെങ്കിലും പാകിസ്താനില്‍ ആണ് ജനിച്ചതെങ്കില്‍ അയാള്‍ ആ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ ഹിന്ദു ഇംഗ്ളണ്ടിനെതിരേയുള്ള പരമ്പര ജയിപ്പിച്ചതെങ്കില്‍ അദ്ദേഹത്തോട് വിവേചനം കാട്ടുന്നതിനെതിരേ താന്‍ തുറന്നടിച്ചിരുന്നു. പാകിസ്താനില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത ബൗളര്‍മാരുടെ പട്ടികയിലാണ് ഡാനിഷ് കനേരിയ. ഇമ്രാന്ഖാന്, വാസീം അക്രം, വാഖര്‍ യുനൂസ് എന്നിവര്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്തുണ്ട് കനേരിയ. 261 ടെസ്റ്റ് വിക്കറ്റുകളാണ് കനേരിയ വീഴ്ത്തിയിട്ടുള്ളത്.
ഒത്തുകളിയുടെ പേരില്‍ കനേരിയയ്ക്ക് ആജീവനാന്ത വിലക്ക് വന്നതോടെയാണ് അദ്ദേഹത്തിന്റെ കരിയറിന് തിരശീല വീണത്. ഇതിനെതിരേ താരം അപ്പീല്‍ നല്‍കിയിരുന്നെങ്കിലും 2013 ജൂലൈയില്‍ അത് തള്ളി. അക്തര്‍ പറഞ്ഞതെല്ലാം സത്യമാണെന്നായിരുന്നു ഡാനിഷ് കനേരിയയുടെ പ്രതികരണം. ഹിന്ദുവാണ് എന്നതിനാല്‍ പാക് ക്രിക്കറ്റ് ടീമില്‍ വിവേചനത്തിന് ഇരയായിട്ടുണ്ടെന്ന് താരം സമ്മതിച്ചു. തന്നോട് സംസാരിക്കാന്‍ പോലൂം ഇഷ്ടമില്ലാത്ത സഹതാരങ്ങള്‍ ഉണ്ടായിരുന്നു. അന്ന് വിവേചനത്തെക്കുറിച്ച് തുറന്ന് പറയാന്‍ തനിക്ക് ഭയമായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ അക്തര്‍ അക്കാര്യം പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കളിക്കാരുടെ പേര് വെളിപ്പെടുത്തുമെന്നും ഡാനിഷ് കനേരിയ പറഞ്ഞു. യൂനിസ്ഖാന്, ഇന്‍സമാം ഉള് ഹക്ക്, മൊഹമ്മദ് യൂസുഫ്, അക്തര്‍ തുടങ്ങിയ ഏതാനും കളിക്കാര്‍ തന്നോട് മത വിവേചനം കാട്ടാതെ നന്നായി പെരുമാറിയിരുന്നെന്നും പറഞ്ഞു.
പാക് ക്രിക്കറ്റ് ടീമില്‍ മറ്റു മതങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം വളരെ കുറവാണ്. പാകിസ്താന് ക്രിക്കറ്റ് ടീമില്‍ ക്രിസ്തീയ വിഭാഗത്തില്‍ നിന്നും ഉള്‍പ്പെട്ടിരുന്ന കളിക്കാരനാണ് മൊഹമ്മദ് യൂസുഫ്. ടീമിലെത്തിയ നാലാമത്തെ ക്രിസ്ത്യാനിയായ യൂസുഫ് 2005 ലാണ് മതം മാറി ഇസ്ളാമായത്. അതിന് മുമ്പ് യൂസുഫ് യൊഹാന എന്നായിരുന്നു പേര്. അതിന് മുമ്പ് വാലിസ് മത്യാസ്, അന്റോ ഡിസൂസ, ആംഗ്ളോ പാകിസ്താനിയായ ഡങ്കന്‍ ഷാര്പ്പേ എന്നിവരാണ് ടീമിലെത്തിയ ക്രിസ്ത്യാനികള്‍. ഷാര്പ്പേ ടീമിന്റെ അമുസ്ളീമായ ഏക നായകനുമാണ്.






