
കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസില്‍ പോലീസ് കുറ്റപത്രം താമരശേരി കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ നാലു പ്രതികളും 246 സാക്ഷികളുമുണ്ട്. 1,800 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചതെന്ന് റൂറല്‍ എസ്.പി സൈമണ്‍ അറിയിച്ചു. സംതൃപ്തിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും എസ്.പി പറഞ്ഞു. കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ആദ്യ കുറ്റപത്രമാണിത്.
റോയിയുടെ ഭാര്യയായിരുന്ന ജോളി, ബന്ധു എസ്.എം മാത്യൂ, പ്രജികുമാര്‍, മനോജ് എന്നിവരാണ് ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍. മാപ്പുസാക്ഷികള്‍ ആരും കേസിലില്ല. 22 തൊണ്ടിമുതലുകള്‍, 322 രേഖകള്‍, സയനൈഡ് കണ്ടെത്തിയ രാസപരിശോധന ഫലം എന്നിവയും കുറ്റപത്രത്തിലുണ്ട്. റോയിയുടെ മക്കള്‍ അടക്കം ആറു പേരുടെ രഹസ്യമൊഴിയും കുറ്റപത്രത്തിലുണ്ട്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വിഷം കൈവശം വയ്ക്കല്‍ തുടങ്ങിയ 10 കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. റോയ് കേസില്‍ ഡി.എന്‍.എ പരിശോധന ഫലം ആവശ്യമില്ലെന്നും തെളിവുകള്‍ ശക്തമാണെന്നുംഎസ്.പി വ്യക്തമാക്കി.
റോയിയെ കൊന്നത് കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലക്കിയാണെന്ന് പോലീസ് വ്യക്തമാക്കി. ഭക്ഷണം കഴിച്ചില്ലെങ്കിലും വീട്ടില്‍ നിന്ന് വെള്ളം കുടിക്കുന്ന ശീസംഭവം നടന്ന രാത്രി കുട്ടികളെ വീടിന്റെ മുകളിലെ മുറിയില്‍ ഉറക്കി കിടക്കിയ ശേഷമാണ് ജോളി താഴേക്ക് ഇറങ്ങിവന്ന് വിഷം കലക്കിയത്. റോയി മരിച്ച കാര്യം പിറ്റേന്ന് വീട്ടില്‍ പന്തലിട്ടപ്പോഴാണ് കുട്ടികള്‍ അറിഞ്ഞത്. ഹാര്‍ട്ട് അറ്റാക്കാണ് മരണകാരണമെന്നാണ് ജോളി മക്കളോട് പറഞ്ഞത്. ഹാര്‍ട്ട് അറ്റാക്കാണെന്ന കാര്യം അവര്‍ തന്നെയാണ് എല്ലാവരേയും വിളിച്ചുപറഞ്ഞത്. താന്‍ മുട്ട പൊരിക്കുന്നതിനിടെയാണ് റോയി കുഴഞ്ഞുവീണു മരിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഭക്ഷണം കഴിച്ചശേഷം പാത്രങ്ങളെല്ലാം കഴുകിവച്ചനിലയിലായിരുന്നു. റോയിയെ ഒഴിവാക്കുന്നതിനും സ്വത്ത് തട്ടിയെടുക്കുന്നതിനും വേണ്ടിയായിരുന്നു കൊലപാതകങ്ങള്‍.
ജോളിക്ക് വേണ്ടി വ്യാജരേഖ ചമച്ചതും വസ്തു ഇടപാട് രേഖകളില്‍ ഒപ്പുവച്ചതും മനോജ് ആണെന്നും എസ്.പി വ്യക്തമാക്കി. നിരവധി വ്യാജ രേഖകള്‍ ജോളി ഉണ്ടാക്കി. ബികോം, എംകോം, യുജിസി നെറ്റ്, എന്‍ഐടി എന്നീ ഐഡി കാര്‍ഡുകള്‍ വ്യാജമാണ്. കുടുംബത്തില്‍ പറയുന്ന ഓരോ കള്ളങ്ങളും ശരിയാണെന്ന് വരുത്തി തീര്‍ക്കാന്‍ കൂടുതല്‍ കള്ളങ്ങള്‍ പറയുകയും രേഖകള്‍ ഉണ്ടാക്കുകയുമായിരുന്നു രീതി.
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് ഈ കേസില്‍ ബന്ധമില്ല. മറ്റു കേസുകളില്‍ ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും എസ്.പി അറിയിച്ചു. സമാനമായ രീതിയില്‍ മറ്റു മൂന്നു പേരെ കൂടി കൊലപ്പെടുത്താന്‍ ജോളി പദ്ധതിയിട്ടിരുന്നുവെന്ന് അവരുടെ പെരുമാറ്റത്തില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ അവര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ല. ജോളിയുടെ ഓരോ പെരുമാറ്റവും നാളുകളോളം വ്യക്തമായി നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.