
ബിഗ് ബോസ് മലയാളം സീസണ് വണ്‍ വന്‍ വിജയമായതിനെ തുടര്‍ന്ന്, ഒരിടവേളയ്ക്ക് ശേഷം ബിഗ് ബോസ് മലയാളം സീസണ് ടു ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഭാഗത്ത് അവതാരകനായി എത്തിയ മോഹന്‍ലാല്‍ തന്നെയാണ് രണ്ടാം ഭാഗത്തും അവതാരകനായി എത്തിയത്. ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലാണ് ഷോ തുടങ്ങിയത്. 'ഇനി വലിയ കളികളുമല്ല കളികള്‍ വേറെ ലെവല്‍' എന്ന ടാഗ് ലൈനുമായാണ് ഇത്തവണ 'ബിഗ് ബോസ്' എത്തുന്നത്. ബിഗ് ബോസ് ആദ്യ സീസണില്‍ മത്സരാര്‍ഥികളായിരുന്ന എല്ലാവരും ഇപ്പോള്‍ വേറെ ലെവല്‍ താരങ്ങളായി എന്ന് മോഹന്‍ലാല്‍ പറഞ്ഞു. 17 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസില്‍ താമസിക്കാന്‍ എത്തുന്നത്.
ആദ്യ മത്സരാര്‍ഥിയായി ഷോയിലെയ്ക്ക് എത്തിയത് രജനി ചാണ്ടിയാണ്. 'ഒരു മുത്തശി ഗദ' എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് രജനി. ചിത്രത്തിലെ മുത്തശ്ശി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ചില ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികള്‍ക്ക് മുന്നിലേക്കെത്തി. ഡ്രംസ് വായിച്ച് കൊണ്ടാണ് നടി ബിഗ് ബോസ് വേദിയിലേക്ക് ആദ്യമെത്തിയത്. ബിഗ് ബോസില്‍ നൂറ് ദിവസം നിന്നില്ലെങ്കിലും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പറ്റിയില്ലെങ്കിലും ഇങ്ങനെ നിക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്നും നടി പറയുന്നു.
നടിയും അവതാരകയുമായ എലീന പടിക്കലും മത്സരാര്‍ഥിയായി ബിഗ് ബോസിലേക്ക് എത്തിയിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളിലൂടെ തുടങ്ങിയ താരം പിന്നീടാണ് അവതാരകയായും തിളങ്ങുകയായിരുന്നു. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത കോമഡി സര്‍ക്കസിലൂടെയാണ് അലീന പടിക്കല്‍ ശ്രദ്ധ നേടിയത്. 'ഭാര്യ' എന്ന സീരിയലില്‍ നെഗറ്റീവ് റോളും അലീനയെ ശ്രദ്ധേയയാക്കിയിരുന്നു. ഒരുപാട് കാര്യങ്ങളൊന്നും പ്രതീക്ഷിച്ച് കൊണ്ടല്ല താന്‍ ബിഗ് ബോസിലേക്ക് വരുന്നതെന്നും, എല്ലായിടത്തും കൂട്ടുവരുന്ന അമ്മയെ വിട്ട് വരുന്നത് ഒരു എക്സ്പീരിയന്‍സ് തന്നെയാണെന്നും അലീന പറയുന്നു.
ആര് ജെ രഘുവായിരുന്നു ബിഗ് ബോസ് ഹൗസിലെ മൂന്നാമത്തെ മത്സരാര്‍ത്ഥി. റേഡിയോയില്‍ ആര് ജെയായ രഘു കോഴിക്കോട് സ്വദേശിയാണ്. നാലാമതായാണ് നടിയും അവതാരകയുമായ ആര്യ ബിഗ് ബോസിലെയ്ക്ക് എത്തിയത്. 2020ലെ ഏറ്റവും വലിയ ഭാഗ്യം ബിഗ് ബോസ് ആയിരിക്കുമെന്നാണ് ആര്യ പറയുന്നത്. ബഡായ് ബംഗ്ലാവ് പോലെ ബഡായി പരിപാടികളൊന്നും ഇവിടെ നടക്കില്ലെന്നാണ് ആര്യ പറയുന്നു. നൂറ് ദിവസം ഏറ്റവും മിസ് ചെയ്യുന്നത് മകള്‍ റോയയെയാണെന്നും ആര്യ പറയുന്നു. ഹാസ്യതാരം സാജു നവോദയും ബിഗ് ബോസ് ഹൗസില്‍ എത്തിയിട്ടുണ്ട്. മിമിക്രി വേദികളില്‍ നിന്നുമാണ് ടെലിവിഷന്‍ രംഗത്തേക്ക് സാജു നവോദയ എത്തിയത്. പാഷാണം ഷാജി എന്ന രീതിയില്‍ പ്രശസ്തനായ സാജു നവോദയ സിനിമകളിലും സജീവമാണ്.
നര്‍ത്തകിയും സിനിമ-സീരിയല്‍ താരവുമായ വീണ നായരും ബിഗ് ബോസ് ഹൗസില്‍ എത്തിയിട്ടുണ്ട്. നിരവധി സീരിയലുകളിലൂടെ മിനിസ്ക്രീനില്‍ നിറഞ്ഞു നിന്ന വീണയുടെ 'വെള്ളിമൂങ്ങ' അടക്കമുള്ള സിനിമകളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തമിഴ് ഡപ്പാംകൂത്തുമായിരുന്നു ബിഗ് ബോസിലേക്കുള്ള വീണാ നായരുടെ എന്‍ട്രി. മൂന്നു വയസ്സുകാരന് മകന് അമ്പാടിയെ പിരിഞ്ഞാണ് വീണ ബിഗ് ബോസിലെത്തുന്നത്. മൂന്ന് വയസുകാരനായ മകനെ ഞാന്‍ അത്രയധികമാണ് മിസ് ചെയ്യുന്നതെന്നും ലാലേട്ടനെ കാണാനാണ് താന്‍ മെയിന്‍ ആയി ബിഗ് ബോസിലേക്ക് വന്നതെന്നും വീണ പറഞ്ഞു. 'മറിമായം' എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ മഞ്ജു പത്രോസും ബിഗ് ബോസിലുണ്ട്. മോഹന്‍ലാല്‍ നായകനായ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' തുടങ്ങിയ നിരവധി സിനിമകളിലും മഞ്ജു അഭിനയിച്ചിരുന്നു.
ഒമര്‍ ലുലുവിന്റെ 'ഹാപ്പി വെഡ്ഡിംഗ്','ചങ്ക്സ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പരീക്കുട്ടിയും ബിഗ് ബോസില്‍ എത്തുന്നുണ്ട്. ടിക് ടോകില്‍ ഏറെ ആരാധകരുള്ള താരം കൂടിയാണ് പരീക്കുട്ടി. 200ലധികം മലയാള സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത തെസ്നിഖാനും ബിഗ് ബോസില്‍ എത്തുന്നുണ്ട്. അത്യാവശ്യം മാജിക് വിദ്യകള്‍ അറിയുന്ന ഒരു മജീഷ്യന്‍ കൂടിയാണ് തെസ്നി ഖാന്. എന്നോട് ആരെങ്കിലും കൂടുതലായി ദേഷ്യപ്പെടാന്‍ വന്നാല്‍ ഞാന്‍ ലാലേട്ടനെ പോലെ ആവുമെന്നാണ് തെസ്നി ഖാന് പറയുന്നത്. വിവാദപ്രസ്താവനകളുടെ പേരില്‍ ചര്‍ച്ചാകേന്ദ്രമായ പ്രഭാഷകനും അധ്യാപകനുമായ ഡോ. രജത് കുമാറും ബിഗ് ബോസ് ഹൗസില്‍ എത്തുന്നുണ്ട്. തൂവെള്ളത്താടിയിലും വെളുത്ത വസ്ത്രങ്ങളിലുമാണ് ഇദ്ദേഹത്തെ മുന്‍പ് കണ്ടിട്ടുള്ളതെങ്കില്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തുമ്പോള്‍ മേക്കോവറിന് വിധേയനായിട്ടുണ്ട് അദ്ദേഹം. അമ്മയ്ക്ക് വേണ്ടിയാണ് ഈ പുതിയ ഗെറ്റപ്പെന്നാണ് രജത് കുമാര്‍ പറയുന്നത്.
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയനടന്മാരില് ഒരാളായ പ്രദീപ് ചന്ദ്രനും ബിഗ് ബോസ് ഹൗസിലുണ്ട്. 'കറുത്ത മുത്തി'ലെ ഡിസിപി അഭിറാം എന്ന കഥാപാത്രമാണ് സീരിയല്‍ പ്രേക്ഷകരില്‍ ഈ നടന് പ്രിയം നേടിക്കൊടുത്തത്. നിരവധി ശ്രദ്ധേയ സിനിമകളിലും പ്രദീപ് അഭിനയിച്ചിട്ടുണ്ട്. ടിക് ടോക് താരം ഫുക്രുവും പന്ത്രണ്ടാമത്തെ മത്സരാര്‍ത്ഥിയായി ബിഗ് ബോസില്‍ എത്തി. ടിക് ടോക് വീഡിയോകളില്‍ പരീക്ഷിച്ച തന്റേതായ ശൈലികളിലൂടെ ഒട്ടേറെ ഫോളോവേഴ്സിനെ നേടിയ ആളാണ് ഫുക്രു. ബൈക്ക് സ്റ്റണ്ടറും ഡിജെയും കൂടിയാണ് ഫുക്രു. മോഡലും ഡയമണ്ട് ആഭരണങ്ങളുടെ ഡിസൈനറുമായ രേഷ്മ രാജനാണ് ബിഗ് ബോസ് ഹൗസിലെ അത്ര പ്രശസ്തയല്ലാത്ത മറ്റൊരു മുഖം. രേഷ്മ ഒരു മൃഗ സ്നേഹിയാണ്. ബൈ പോളാര്‍ മസ്താനി എന്നാണ് രേഷ്മയുടെ ഇന്‍സ്റ്റഗ്രാമിലെ പേര്. മൂഡ് സിങ്ങ് വളരെയേറയുള്ള ഒരാളാണ് താനെന്നും അതാണ് അത്തരമൊരു പേരിനു പിന്നിലെന്നും രേഷ്മ പറഞ്ഞു.
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സോമദാസ് ആണ് ബിഗ് ബോസ് ഹൗസിലെ പതിനാലാമത്തെ മത്സരാര്‍ത്ഥി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി സംഗീത വേദികളിലെ ശ്രദ്ധേയ സാന്നിധ്യമാണ് സോമദാസ്. എയര്‍ഹോസ്റ്റസ് ആയ അലക്സാണ്ട്ര ജോണ്സണ് ആണ് ബിഗ് ബോസ് ഹൗസിലെ മറ്റൊരു അതിഥി. കോഴിക്കോട് സ്വദേശിയായ അലക്സാണ്ട്ര എയര്‍ഹോസ്റ്റസ് ജോലി രാജിവെച്ച് അഭിനയത്തിലും മോഡലിലും ശ്രദ്ധിക്കുന്നതിനിടയിലാണ് ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത്. 'ഉണരുന്നതും ഉറങ്ങുന്നതും ഫോണ്‍ കണികൊണ്ടാണ്, എങ്ങനെ ഫോണില്ലാതെ ജീവിക്കാന്‍ കഴിയുമെന്ന് എനിക്കറിയില്ല. എങ്കിലും ചലഞ്ച് ഏറ്റെടുക്കുന്നുവെന്നും അലക്സാണ്ട്ര പറഞ്ഞു.
ബിഗ് ബോസ് ഹൗസിലെ പതിനാറാമന്‍ അകത്തേക്ക് വന്നത് പ്രേക്ഷകര്‍ അറിയാതെ, നടന് സുജോ മാത്യുവിന്റെ എന്‍ട്രിയാണ് പ്രേക്ഷകര്‍ കാണാതെ പോയത്. 'ഒരു കുപ്പൈ കഥൈ' എന്ന ചിത്രത്തില്‍ അഭിനയിച്ച താരമാണ് സുജോ മാത്യു. കോട്ടയം സ്വദേശിയാണ്. ദുബൈ ഫാഷന്‍ വീക്കില്‍ അന്താരാഷ്ട്ര മോഡലുകളോടൊപ്പം വേദി പങ്കിട്ടയാളാണ് സുജോ മാത്യു. സംവിധായകനും പ്രിയദര്‍ശന്റെ അസിസ്റ്റന്റായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത സുരേഷ് കൃഷ്ണനാണ് ബിഗ് ബോസ് വീട്ടിലെ പതിനേഴാമത്തെ അതിഥി. ഭാരതീയം, അച്ഛനെയാണെനിക്കിഷ്ടം, പതിനൊന്നില്‍ വ്യാഴം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സുരേഷ്. അസാമാന്യ നര്മ്മബോധമുള്ളയാളെന്ന് സുഹൃത്തുക്കള്‍ വിലയിരുത്തുന്നയാളാണ് സുരേഷ്.






