
മായാനദി എന്ന ചിത്രത്തിലെ ‘അപ്പു’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് ഐശ്വര്യലക്ഷ്മി. പിന്നീടിങ്ങോട്ട് മികച്ച ഒരുപാട് കഥാപാത്രങ്ങള്‍ ഐശ്വര്യലക്ഷ്മിയെന്ന അഭിനേത്രിയിലൂടെ പ്രേക്ഷകര്‍ കണ്ടറിഞ്ഞു, ആസ്വദിച്ചു. മലയാളം കടന്ന് അന്യഭാഷകളിലേക്കും തന്റെ അഭിനയമികവ് പ്രകടമാക്കിയ താരം, മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിന്‍ സെല്‍വം’ എന്ന ചിത്രത്തിലെ ‘പൂങ്കുഴലി’ എന്ന കഥാപാത്രത്തിലൂടെയാണ് പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ശ്രദ്ധിക്കപ്പെട്ടത്. ജഗമേ തന്തിരം, ക്യാപ്റ്റൻ, ഗട്ട കുസ്തി, തഗ് ലൈഫ്,മാമൻ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെയും താരം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് പറയുകയാണ് ഐശ്വര്യലക്ഷ്മി. വിവാഹമെന്ന വ്യവസ്ഥയിൽ താന്‍ വിശ്വസിക്കുന്നില്ലെന്നും ഒരു ജീവിത പങ്കാളിയെ ആഗ്രഹിക്കുന്നുണ്ടെങ്കിലും, പരമ്പരാഗത വിവാഹമില്ലാത്ത ബന്ധമാണ് ഇഷ്ടപ്പെടുന്നതെന്നും താരം പറയുന്നു. അത് ഇരുവരുടെയും സമാധാനമോ വ്യക്തിത്വമോ നഷ്ടപ്പെടുത്തുന്നില്ലെന്നും താരം പറയുന്നു.
‘‘ഞാൻ വിവാഹമെന്ന സമ്പ്രദായത്തില്‍ വിശ്വസിക്കുന്നില്ലെന്നും, എനിക്ക് വിവാഹം കഴിക്കാൻ താല്പര്യമില്ലെന്നും നേരത്തെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. ഒരു ജീവിത പങ്കാളിയെ ആഗ്രഹിക്കുന്നുണ്ടെങ്കിലും, പരമ്പരാഗത വിവാഹമില്ലാത്ത ബന്ധമാണ് ഞാനിഷ്ടപ്പെടുന്നത്. അത് ഇരുവരുടെയും സമാധാനമോ വ്യക്തിത്വമോ നഷ്ടപ്പെടുത്തില്ല. ഇന്നും ഞാൻ അതിൽ വിശ്വസിക്കുന്നു. എന്നാൽ സത്യം പറഞ്ഞാൽ, അടുത്തിടെ ഞങ്ങളുടെ സിനിമയ്ക്ക് ശേഷം എനിക്ക് ഒരു കുഞ്ഞുണ്ടാവണം എന്നൊക്കെ ആഗ്രഹം തോന്നുന്നുണ്ട്...’’ എന്നാണ് ഐശ്വര്യലക്ഷ്മി പറയുന്നു. വിഷ്ണു വിശാലിനൊപ്പമുള്ള തന്റെ ‘ഗാട്ടാ ഗുസ്തി 2’ സിനിമയുടെ പ്രെമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.
ഐശ്വര്യലക്ഷ്മിയുടെ മറുപടി കേട്ടിട്ട് വിഷ്ണുവും കമന്റ് പറയുന്നുണ്ട്. ‘‘ഐശ്വര്യ അഭിനയിക്കുകയല്ലായിരുന്നു. എന്നെ ഇഷ്ടപ്പെടാനും സ്നേഹിക്കാനും ഐശ്വര്യ ആഗ്രഹിച്ചിരുന്നു. ആ ഒരു മധുരമാണ് സിനിമയ്ക്ക് ആവശ്യമായിരുന്നത്. അത് നഷ്ടപ്പെട്ടിരുന്നെങ്കിൽ സിനിമ പരാജയപ്പെടുമായിരുന്നു...’’ വിഷ്ണു പറഞ്ഞു. ഗലാട്ട പ്ലസ്സിന് നല്കിയ അഭിമുഖത്തിലാണ് താരങ്ങളിത് പറഞ്ഞത്.
ഗാട്ടാ കുസ്തി എന്ന ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷം ജനപ്രിയ ജോഡികളായി മാറിയതാണ് വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും. കുടുംബങ്ങൾക്കും സിനിമാപ്രേമികൾക്കും ഇടയിൽ ഒരുപോലെ ഹിറ്റായിരുന്നു ഈ സിനിമ. അതിന്റെ രണ്ടാം ഭാഗമാണിത്. ഗട്ട കുസ്തി 2 ജൂലൈ 3 നാണ് തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. ചെല്ല അയ്യാവ് സംവിധാനം ചെയ്ത ഗട്ട കുസ്തി 2-ലും വീരയുടെ (വിഷ്ണു വിശാൽ) ഭാര്യ കീർത്തിയെ അവതരിപ്പിക്കുന്നത് ഐശ്വര്യ ലക്ഷ്മിയാണ്.






