
‘തുടരും’ എന്ന സൂപ്പര്‍ഹിറ്റ് ബ്ലോക്ക്ബസ്റ്ററിനു ശേഷം മോഹൻലാലും തരുൺമൂർത്തിയും ഒന്നിക്കുന്ന ചിത്രമാണ് ‘അതിമനോഹരം’. അനൗണ്‍സ് ചെയ്ത നിമിഷം മുതല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. മീര ജാസ്മിനാണ് സിനിമയില്‍ നായികവേഷത്തിലെത്തുന്നത്. വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട കോംബോ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഇപ്പോഴിതാ ഈ സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പങ്കിടുകയാണ് മോഹന്‍ലാല്‍. മോഹൽലാലും മീരാ ജാസ്മിനും ഒന്നിച്ചുള്ള പോസ്റ്ററാണിത്. ‘‘കുടുംബമെന്ന് അയാൾ വിളിക്കുന്ന ആളുകളിൽ അയാളുടെ ലോകം തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം പോസ്റ്റര്‍ പങ്കിട്ടിരിക്കുന്നത്. മീര ജാസ്മിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സാരി ഞൊറിഞ്ഞുടുക്കാന്‍ സഹായിക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണുന്നത്.
ടിഎസ് ലവ്‌ലാജൻ എന്ന പൊലീസ് വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. സിനിമയില്‍ ലൗലജൻ എന്ന സാധാരണക്കാരനായ പോലീസ് സബ് ഇൻസ്പക്റ്ററുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. അയ്യപ്പഭക്തർക്കിടയിൽ പൊലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാലിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചത്.
ലാലു അലക്‌സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്. മോഹൻലാൽ പങ്കുവച്ച ചിത്രത്തിന്റെ റിലീസ് പോസ്റ്ററിലൂടെയാണ് തീയതി അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 24 ന് ചിത്രം തിയറ്ററുകളിലെത്തും.






