
സേലം: കഴുത്തറ്റം കടം മുങ്ങിയതിനെ തുടര്‍ന്ന് യുവതി മുടി മുറിച്ചു വിറ്റ് കുട്ടികളുടെ വിശപ്പടക്കി. സേലത്ത് വിധവയായ 31 കാരി പ്രേമയാണ് കുട്ടികളെ ഒരു നേരം ഊട്ടാന്‍ 150 രൂപയ്ക്ക് സ്വന്തം തലമുടി വില്‍ക്കേണ്ടി വന്നത്. ഏഴു മാസം മുമ്പ് കടംകയറി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് പ്രേമയുടേയും മൂന്ന് മക്കളുടെ ജീവിതം ദുരിതക്കയത്തിലായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. അഞ്ചും മൂന്നും രണ്ടും വയസ്സുള്ള കുട്ടികള്‍ വീട്ടില്‍ പട്ടിണിയായതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളുമായി അറിയാവുന്ന എല്ലാവരോടും പ്രേമ പണം കടം ചോദിച്ചിരുന്നു. എന്നാല്‍ ആരും അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിന് ചില്ലിക്കാശ് നല്കാന് കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊന്നാമാപേട്ടില് തെരുവിലൂടെ പോയ ഒരാളാണ് മുടി വിറ്റാല്‍ പണം നല്‍കാമെന്ന് പറഞ്ഞത്. വിഗ് നിര്‍മ്മാതാവായ ഇയാള്‍ക്ക് പ്രേമ തന്റെ മുടി മുടിച്ച് 150 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. കിട്ടിയ പണത്തില്‍ 100 രൂപ കൊടുത്ത് കുട്ടികള്‍ക്ക് ആഹാരം വാങ്ങി നല്കി. ബാക്കി 50 രൂപയ്ക്ക് വിഷം വാങ്ങാനായി കടയില്‍ ചെന്നെങ്കിലൂം ആപത്ശങ്ക തോന്നിയ കടക്കാരന് കൊടുത്തില്ല.
എന്നാല്‍ മരിക്കാന്‍ തീരുമാനിച്ച പ്രേമ വിഷക്കായ പറിച്ച് കഴിച്ച് മരിക്കാന്‍ ഒരുങ്ങി. എന്നാല്‍ തക്ക സമയത്ത് അവിടെയെത്തിയ സഹോദരി അവരെ പിന്തിരിപ്പിച്ചു. സംഭവം അറിഞ്ഞ ജി ബാല എന്ന ഗ്രാഫിക് ഡിസൈനര്‍ പ്രേമയുടെ ദുരിതം സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിക്കുകയും ഇവര്‍ക്ക് കടം വീടാനായി ഒരു ധനസമാഹരണ പ്രചരണ പരിപാടി നടത്തുകയും ചെയ്തു.
പ്രേമയും ഭര്‍ത്താവ് ശെല്‍വവും ഒരു കട്ടക്കളത്തിലെ കൂലിപ്പണിക്കാരായിരുന്നു. എന്നാല്‍ ചെറിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിച്ചിരുന്ന ശെല്‍വം ഇതിനായി ഒരാളില്‍ നിന്നും രണ്ടരലക്ഷം രൂപ കടം വാങ്ങുകയും ചെയ്തു. എന്നാല്‍ പലരും വഞ്ചിച്ച് പണം തട്ടിയെടുത്തതോടെ കുടുംബം വന്‍ കടത്തിലായി. പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യുക കൂടിയായതോടെ പണം നല്കിയവര് പ്രേമയെ വേട്ടയാടാന്‍ തുടങ്ങി. മക്കളുമായി ജീവിക്കാന്‍ ഗത്യന്തരമില്ലാതായതോടെയാണ് ആത്മഹത്യ ചെയ്യാന്‍ പ്രേമ തീരുമാനം എടുത്തത്.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രേമയുടെ ദുരിതം പറഞ്ഞ് ബാലയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ കഥ മാറി. സുമനസുകളായ അനേകരാണ് അവര്‍ക്ക് സാമ്പത്തീക സഹായവുമായി എത്തിയത്. 1.45 ലക്ഷം രൂപയാണ് സ്വരൂപിക്കാനായത്. വ്യാഴാഴ്ച വിവരമറിഞ്ഞ സേലം ജില്ലാ അധികാരികള്‍ ഇവര്‍ക്ക് വിധവാ പെന്ഷന് അനുവദിച്ചു. ബാലയുടെ ഒരു സുഹൃത്ത് പ്രഭുവിന്റെ സഹായത്തോടെ പ്രേമയ്ക്ക് മറ്റൊരു കട്ടക്കളത്തില്‍ പണിയും ശരിയായി.
ജോലി കിട്ടിയതോടെ അദ്ധ്വാനിച്ച് ജീവിക്കാനുള്ള ആത്മവിശ്വസം തിരികെ പിടിക്കാനായ പ്രേമ ഫേസ്ബുക്കിലെ പോസ്റ്റ് എടുത്തുമാറ്റാന്‍ ബാലയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് തനിക്ക് കിട്ടിയതെന്നും ഇനിയൊരിക്കലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ലെന്നും പ്രേമ പറഞ്ഞിരിക്കുകയാണ്. കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുമെന്നും അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുമെന്നും പ്രേമ പറയുന്നു. അതേസമയം പ്രേമയെ മാറ്റിയത് സഹായം മാത്രമായിരുന്നില്ല. ബാലയുടെ ഉപദേശം കൂടിയായിരുന്നു.
ബാല പ്രേമയ്ക്ക് നല്‍കിയത് പ്രചോദനം മാത്രമായിരുന്നില്ല. സ്വന്തം ജീവിതം തുറന്നു കാണിക്കുക കൂടിയായിരുന്നു. സമാന അനുഭവങ്ങളിലൂടെ ഒരിക്കല്‍ പോയ ആളാണ് ബാല. പ്രേമയ്ക്ക് സംഭവിച്ച അതേ വിധിയിലൂടെ കടന്നുപോയ ആളായിരുന്നു ബാലയുടെ മാതാവും. ബാല കുഞ്ഞായിരുന്നപ്പോള്‍ കടുത്ത ദാരിദ്ര്യത്തില്‍ ഒരിക്കല്‍ വീട്ടിലെ പത്രക്കടലാസുകള്‍ വില്‍പ്പന നടത്തി മാതാവ് നാലു രൂപ സമ്പാദിക്കുകയും അത് കൊടുത്ത് അരിവാങ്ങി മക്കള്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുത്തു.
ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ബാലയുടെ അമ്മയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത് ബന്ധുക്കളാണ്. അന്ന് മാതാവ് ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ ഇന്ന് അവര്‍ക്ക് തന്നോടൊപ്പം മകന്റെ കാറില്‍ സഞ്ചരിക്കാന്‍ കഴിയില്ലായിരുന്നെന്നാണ് പ്രേമയോട് ബാല പറഞ്ഞത്.






