ന്യുഡല്‍ഹി: ജാമിയ മിലിയയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേരെ വെടിവയ്പ്പ് ഉണ്ടായ സംഭവത്തില്‍ പ്രധാനമന്ത്രി മോഡിയെയും ബി.ജെ.പി നേതാക്കളെയും വിമര്‍ശിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി മോഡിയുടെ നിശബ്ദയ്ക്കൊപ്പം ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളും അക്രമത്തിനുള്ള ആഹ്വാനവും ഈ ലജ്ജാകരമായ ഫലത്തിലേക്ക് നയിക്കുന്നുവെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള ഇന്ത്യയാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ജാമിയയിലെ വെടിവയ്പ്പിനെ വിമര്‍ശിച്ച് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയും രംഗത്ത് എത്തിയിരുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസ്താവനകളുടെ നേരിട്ടുള്ള പ്രതിഫലനമാണ് ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ വെടിവയ്പ്പെന്ന് ഡി. രാജ പ്രതികരിച്ചു.
ജാമിയ വിദ്യാര്‍ത്ഥികളുടെ ലോങ് മാര്‍ച്ചിന് നേരെയാണ് രാംഭക്ത് ഗോപാല്‍ എന്ന അക്രമി വെടിയുതിര്‍ത്തത്. ആക്രമണം നടത്തുന്നതിന് മുമ്പ് ഇയാള്‍ ഫെയ്സ്ബുക്ക് ലൈവില്‍ വരികയും ചെയ്തിരുന്നു. ലൈവ് വീഡിയോയയ്ക്ക് ശേഷം, ഇതാ നിങ്ങളുടെ ആസാദി എന്ന് മുദ്രാവാക്യം മുഴക്കിയാണ് ഇയാള്‍ വെടിവച്ചത്. ഡല്‍ഹി പോലീസ് നോക്കി നില്‍ക്കെയായിരുന്നു അക്രമം. വെടിവയ്പ്പില്‍ ഷദാബ് ഫറൂഖ് എന്ന വിദ്യാര്‍ത്ഥിയുടെ കൈയ്ക്ക് പരുക്കേറ്റിരുന്നു.
അക്രമിയുടെ ഇയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. ബി.ജെ.പി-സംഘപരിവാര്‍ അനുകൂല പ്രചാരണങ്ങളാണ് ഇയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍. ഷഹീന്‍ബാഗ്, ഗെയിം ഓവര്‍, ഇവിടെ ഹിന്ദു മാധ്യമങ്ങള്‍ ഇല്ല തുടങ്ങിയ പോസ്റ്റുകളാണ് ഇയാള്‍ ഫെയ്സ്ബുക്കില്‍ ഇട്ടിരിക്കുന്നത്.തന്റെ അന്ത്യയാത്രയില്‍ കാവി പുതപ്പിക്കണമെന്ന് ഇയാളുടെ മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.






