
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്ക്കേ് നടപ്പ് സാമ്പത്തിക പ്രകടനത്തെക്കുറിച്ച് കൃത്യമായി വിശദീകരിക്കുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെക്കും. ഇതേക്കുറിച്ചുള്ള വീശദീകരണവും നടക്കും.
രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ സാമ്പത്തിക രംഗത്ത് ഏതൊക്കെ മേഖലകളിലാണ് അഴിച്ചുപണികള്‍ ഉണ്ടാവുകയെന്നും രാജ്യത്തെ സമ്പദ്വ്യവസ്ഥയെ കരകയറ്റാനുള്ള പോംവഴികള്‍ ബജറ്റില്‍ ഉണ്ടാകുമോ എന്നറിയാനും രാജ്യം ഉറ്റുനോക്കുന്ന സാഹചര്യമാണുള്ളത്. 2013 നു ശേഷമുള്ള ഏറ്റവും ചുരുങ്ങിയ ജി.ഡി.പി. വളര്‍ച്ചാ നിരക്കാണ് രാജ്യം കൈവരിച്ചത്. വ്യവസായിക ഉല്‍പ്പാദന മേഖലയും, കാര്‍ഷിക വ്യാപാര മേഖലയും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണെന്ന കേന്ദ്രസര്ക്കാറിന്റൈ വാദങ്ങള്‍ക്കു വന്‍ തിരിച്ചടിയാണ് നിലവിലുള്ളത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ ഇനത്തില്‍ വരുത്തിയ കിഴിവുകളും കോര്‍പ്പറേറ്റ് നികുതിയിളവുകളും, സമ്പദ് വ്യവസ്ഥയെ ഉണര്‍ത്താന്‍ പാകത്തിനായില്ല. മാത്രമല്ല, ചെറുകിട- ഇടത്തരം സംരഭങ്ങളും പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനോടൊപ്പം നിക്ഷേപ മേഖലയിലെ തളര്‍ച്ചയ്ക്കും കാരണമായി. രാജ്യത്തെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയെന്ന സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്കും വന്‍ തിരിച്ചടി നേരിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ അജന്‍ഡകള്‍ മൂലം സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയില്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടു. പൗരത്വ ഭേഗദതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളുള്പ്പെടെയുള്ളവ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയില്‍ പ്രതിഫലിച്ചെന്നാണ് ദേശീയ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
2025 ഓടെ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുക എന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം. ഇതിനു വഴിയൊരുക്കുന്ന പ്രഖ്യാപനങ്ങളാകും നിര്‍മലാ സീതാരാമന് അവതരിപ്പിക്കുക. മാത്രമല്ല ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ ശ്രമം. ഇതിനായി കേന്ദ്രം പല പ്രഖ്യാപനങ്ങളും നടത്തുമ്പോഴും വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2020 ലേക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രവേശിക്കുന്നത് കൂടുതല്‍ ആശങ്കയോടെയാണ്.
രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കുന്ന ആട്ടോ മൊബൈല്‍, ധനകാര്യം, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ ഇപ്പോഴും തളര്‍ച്ചയിലാണ്.






