
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരായ പി.ജി സുരേഷ് കുമാറിനും കടവില്‍ റഷീദിനുമെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നല്കിയ കേസില്‍ പോലീസ് കണ്ണടച്ച് നടപടിയെടുക്കരുതെന്ന് വി.എം സുധീരന്. പോലീസ് നടപടി തെറ്റാണ്. നടപടികള്‍ പുനപരിശോധിക്കേണ്ടതുണ്ട്. കേസില്‍ നിന്നും സെന്‍കുമാര്‍ പിന്മാറണണെന്നും സുധീരന് ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് സെന്‍കുമാര്‍ അപമാനിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്ത്തകന് കടവില്‍ റഷീദിനും ജി സുരേഷ് കുമാറിനുമെതിരെയാണ് പോലീസ് കള്ളക്കേസ് എടുത്തത്.
കഴിഞ്ഞ മാസം 16ന് തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ സുഭാഷ് വാസുവിനൊപ്പം സെന്‍കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ചപ്പോഴാണ് കടവില്‍ റഷീദിനെ സെന്‍കുമാര്‍ അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. ഇതിനെതിരെ കടവില്‍ റഷീദ് പരാതി നല്കിയില്ലെങ്കിലും നാലു ദിവസം പിന്നിട്ടിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടതി നിര്‍ദേശ പ്രകാരം സെന്‍കുമാറിനെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു.
ഇതിന് പിന്നാലെ എതിര്‍പരാതിയുമായി സെന്‍കുമാറും രംഗത്തെത്തി. പ്രസ് ക്ലബ്ബ് സംഭവത്തെ അപലപിച്ച് പത്രപ്രവര്‍ത്തകരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ പിജി സുരേഷ് കുമാര്‍ എഴുതിയ അഭിപ്രായം ഗൂഢാലോചനയാണെന്നായിരുന്നു സെന്‍കുമാറിന്റെ പരാതി. സിറ്റി പോലീസ് കമ്മീഷ്ണറര്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരന്വേഷണവും നടത്താതെ പിജി സുരേഷ് കുമാറിനെതിരേയും കടവില്‍ റഷീദിനെതിരേയും കേസെടുത്തത്.






