
ബെയ്ജിങ്ങ്: ലോകത്തെ ഭീതിയിലാഴ്ത്തി പടരുകയാണ് കൊറോണ വൈറസ്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ നവജാത ശിശുവിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. പിറന്നു വീണ് വെറും 30 മണിക്കൂര്‍ മാത്രം പ്രായമുള്ള നവജാത ശിശുവിനും വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈറസ് ബാധ സ്ഥിരീകരിച്ച ഏറ്റവും പ്രായ കുറഞ്ഞ രോഗിയാണിത്. അമ്മയില്‍ നിന്നും കുഞ്ഞിലേയ്ക്കുള്ള രോഗബാധ പടരുന്ന 'വെര്‍ട്ടിക്കിള്‍ ട്രാന്സ്മിഷന്' വഴിയാകാം കുഞ്ഞിന് വൈറസ് എത്തിയതെന്നാണ് വിദഗ്ധരുടെ നിഗമനം. ഗര്‍ഭസമയത്തോ, പ്രസവസമയത്തോ അതല്ലെങ്കില്‍ പ്രസവം കഴിഞ്ഞ ഉടന്‍ തന്നെയോ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് വൈറസ് ബാധ പടര്‍ന്നതാകാം. പ്രസവത്തിനു മുമ്പ് തന്നെ കുഞ്ഞിന്റെ അമ്മയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ആഴ്ച വൈറസ് ബാധയുള്ള യുവതി ജന്മം നല്കിയ കുഞ്ഞിന് രോഗ ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ചൈനയിലെ സിന്ഹുവയിലാണ് വൈറസ് ബാധയുള്ള യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. വൈറസ് ബാധ സ്ഥിരീകരിച്ച ഏറ്റവും പ്രായമുള്ള ആളും ചൈനയില്‍ തന്നെയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച 90 വയസുള്ള ആള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. അതേസമയം രോഗബാധയേറ്റുള്ള മരണത്തിന്റെ 80 ശതമാനവും 60 വയസ് കഴിഞ്ഞവരാണെന്നാണ് റിപ്പോര്‍ട്ട്. വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ ഇതുവരെ മരണം 500 ന് അടുത്തായി.






