
ചെന്നൈ : തമിഴ് സൂപ്പര്‍താരം വിജയ്യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിജയ് ആരാധകരുടെ രോഷം പുകയുന്നു. താരത്തിന് പിന്തുണയുമായി നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 'വി സ്റ്റാന്റ് വിത്ത് വിജയ്' എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്റിങായി മാറിയിരിക്കുകയാണ്. നാലുലക്ഷത്തോളം ട്വീറ്റുകളാണ് ഇതുവരെ 'വി സ്റ്റാന്റ് വിത്ത് വിജയ്' ഹാഷ്ടാഗില് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിജയ് നായകനായി പുറത്തുവന്ന ബിഗില്‍ സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതും വീടുകളിലും മറ്റും പരിശോധന നടത്തുന്നതും എന്നാണു വിവരം. അര്‍ദ്ധരാത്രിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. അതേസമയം, ഇതുസംബന്ധിച്ച് പ്രതിഷേധിക്കുന്ന ആരാധകര്‍ സംയമനം പാലിക്കണമെന്നു വിജയ് ഫാന്‍സ് അസോസിയേഷന് വ്യക്തമാക്കി.
ഉറക്കമില്ലാത്ത രാത്രി, അദ്ദേഹത്തെപ്പറ്റി ചിന്തിച്ചുകൊണ്ടേയിരിക്കുന്നു. ഒരാള്‍ക്കുവേണ്ടി ദശലക്ഷക്കണത്തിനു പേരുടെ വികാരങ്ങള്‍' എന്ന കുറിപ്പാണ് വിജയ്ഫാന്സിന്റെ ഔദ്യോഗിക പേജായ ടി.വി.എഫില്‍ പങ്കുവച്ചിരിക്കുന്നത്. താരത്തിന് പിന്തുണയുമായി എംഎല്‍എ പി.വി അന്‍വറും ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു.






