
ലോക ഫുട്ബോള്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇന്നലെ സ്പാനിഷ് കോപ്പാ ഡെല്‍റേയില്‍ നടന്നത് രണ്ടു വമ്പന്‍ അട്ടിമറികള്‍. റയല്‍ മാഡ്രിഡ് ദുര്‍ബ്ബലരായ റീയല്‍ സോസിഡാഡിനോട് തോറ്റമ്പിയപ്പോള്‍ ബാഴ്സിലോണയെ മറിച്ചത് അത്ലറ്റിക്കോ ബില്‍ബാവോ. മൂന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു സോസിഡാഡിന്റെ വിജയം. അത്ലറ്റിക്കോ കാറ്റലൂണിയന്‍ ക്ളബ്ബിന്റെ കാറ്റൂരിയത് ഒരു ഗോളിനും.
മാഴ്സലോയും റോഡ്രിഗോയും നാച്ചോയും റയലിനായി സ്കോര്‍ ചെയ്തെങ്കിലും ഡീഗാര്ഡിന്റെയും ഗോറോ സാബേലിന്റെയും ഗോളുകള്‍ക്കൊപ്പം ഇസാക്കിന്റെ ഇരട്ടഗോളും വന്നതോടെ കളി മാറി. രണ്ടാം പകുതിയിലായിരുന്നു റയലിന്റെ മൂന്ന് ഗോളും. രണ്ടു വര്‍ഷത്തെ വായ്പാകാലാവധിയില് എത്തിയ നോര്‍വീജിയന്‍ സ്ട്രൈക്കര്‍ ഡീഗാര്ഡാണ് റയലിനെ ആദ്യം ഞെട്ടിച്ചത്. രണ്ടാം പകുതിയില അലക്സാണ്ടര്‍ ഇസാക്ക് രണ്ടു മിനിറ്റിനിടെ രണ്ടു തവണ കൂടി ലക്ഷ്യം കണ്ടതോടെ റയല്‍ മൂന്ന് ഗോളിന് തോല്‍ക്കുമെന്ന് തോന്നിയെങ്കിലും ശക്തമായി തിരിച്ചടിച്ച റയല്‍ മാഴ്സലോയിലൂടെയും റോഡ്രിഗോയിലൂടെയും രണ്ടു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ തൊട്ടു പിന്നാലെ നാച്ചോ സോസിഡാഡിന്റെ നാലാം ഗോള്‍ കൂടി നേടിയതോടെ റയല്‍ വലഞ്ഞു. നാച്ചോ ഇഞ്ചുറി സമയത്ത് ഒരുഗോള്‍ കൂടി തിരിച്ചടിച്ചെങ്കിലൂം അത് മതിയാകുമായിരുന്നില്ല.
രണ്ടാം പകുതിയില്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍ ഹെഡ്ഡറില്‍ നിന്നും ഒരു ഗോള്‍ നേടിയിരുന്നു എങ്കിലും അത് വീഡിയോ അനലിസ്റ്റ് ഓഫ്സൈഡ് വിളിച്ചു. ലാലിഗയില്‍ ഏറ്റവും മികച്ച പ്രതിരോധം കാട്ടുന്ന സിഡാന്റെ ടീം പ്രതിരോധത്തില്‍ പാളുന്നത് ഇതാദ്യമാണ്. സ്പാനിഷ് ലീഗില്‍ 22 കളികളില്‍ അവര്‍ ഇതുവരെ വഴങ്ങിയത് 13 ഗോളുകള്‍ മാത്രമായിരുന്നു. തോല്‍ക്കാതെ 21 കളികള്‍ പൂര്‍ത്തിയാക്കിയാണ് ഈ മത്സരത്തിനെത്തിയത്.
ക്ളബ്ബിനുള്ളില്‍ ആഭ്യന്തര പ്രശ്നം പുകയുകയും സൂപ്പര്‍താരം ലയണേല്‍ മെസ്സി സ്പോര്‍ട്ടിംഗ് ഡയറക്ടറുമായി ഉടക്കി നില്‍ക്കുകയും ചെയ്യുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വരുമ്പോഴാണ് ബാഴ്സ വീണ്ടും തോല്‍വി വഴങ്ങുന്നത്. പ്രതിരോധ താരം ബുസ്ക്കറ്റ്സിന്റെ പിഴവായിരുന്നു ബാഴ്സയെ പിന്നിലാക്കിയത്. ഇഞ്ചുറി സമയത്ത താരത്തിന്റെ പിഴവില്‍ വീണ സെല്‍ഫ് ഗോളില്‍ ബാഴ്സിലോണ തോല്‍വി അറിഞ്ഞു. ഇതോടെ ബാഴ്സയും റയലും ഇല്ലാത്ത ഫൈനലാകും നടക്കുക.






