
തിരുവനന്തപുരം: ധരിച്ചിരിക്കുന്ന രത്നക്കല്ലിന് പകരം ഉചിതമായ രത്നക്കല്ല് ധരിച്ചില്ലെങ്കില്‍ ദോഷം വരുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്. പകരം രത്നക്കല്ല് വാങ്ങാനും പൂജ നടത്താനും ആള്‍ക്കാരില്‍ നിന്നും പണവും സ്വര്‍ണവും വാങ്ങിയിരുന്നയാള്‍ പോലീസ് പിടിയില്‍. അജിത് കുമാര്‍ പി എസ് എന്ന 55കാരനാണ് പിടിയിലായത്. ഇയാള്‍ സൈന്യത്തില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥന് എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തി വന്നത്.
ഒരു സ്ത്രീയാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇവര്‍ ധരിച്ചിരുന്ന പച്ച കല്ല് പതിച്ച മോതിരം കാരണം ഭര്‍ത്താവിന് അപകടവും തീപിടിത്തത്തില്‍ മകള്‍ക്ക് പൊള്ളലേല്‍ക്കും എന്നും അജിത് കുമാര്‍ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഉചിതമായ രത്നക്കല്ല് വാങ്ങി തരാമെന്ന് പറഞ്ഞ് പണവും സ്വര്‍ണം ആയി മുങ്ങുകയാണ് ചെയ്തത്.
അതേസമയം ശാസ്ത്രജ്ഞര്‍ അടക്കമുള്ളവര്‍ തട്ടിപ്പിന് ഇരയായതായി പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ പണയം വച്ചതിന്റെ രസീതുകള്‍ കണ്ടെടുത്തു.






