
കണ്ണൂര്‍: രാഷ്ട്രീയ നേതാക്കള്‍ അടങ്ങുന്ന ജയില്‍ അെഡ്വെസറി ബോര്‍ഡില്‍ പിടിമുറുക്കി ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്. പരോള്‍ പട്ടിക തയാറാക്കുമ്പോള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും ഡി.ജി.പി. നിര്‍ദേശം നല്കി. കഴിഞ്ഞയാഴ്ചകളില്‍ അെഡ്വെസറി ബോര്‍ഡ് യോഗങ്ങള്‍ ചേരുന്നതിനുമുമ്പ് ഡി.ജി.പി. പട്ടികകള്‍ പരിശോധിച്ച് പോലീസ് റിപ്പോര്‍ട്ടടക്കമുള്ള കാര്യങ്ങള്‍ തേടിയിരുന്നു. ചെയ്തു. പരോളില്‍ ഡി.ജി.പി. അമിതമായി ഇടപെടുകയാണെന്നു സി.പി.എം. നേതൃത്വം വിമര്‍ശിക്കുന്നു.
കാസര്‍ഗോഡ് നടന്ന ബോര്‍ഡ് യോഗത്തില്‍ തുറന്ന ജയിലില്‍ ഉള്‍പ്പെടെയുള്ളവരുടെ പരോള്പട്ടികയില് ഡി.ജി.പി. കര്‍ശനമായി ഇടപെട്ടതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ കാര്യത്തില്‍ ബോര്‍ഡിലെ രാഷ്ട്രീയ പ്രതിനിധികള്‍ സമ്മര്‍ദം ശക്തമാക്കി. ഇതേത്തുടര്‍ന്ന് ചില വിട്ടുവീഴ്ചകളുണ്ടായെങ്കിലും ഡി.ജി.പി. നിലപാട് ശക്തമായി ഉന്നയിച്ചതായാണ് അറിയുന്നത്. സി.പി.എം. ജില്ലാ ഘടകങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കിലും ജയില്‍ ഡി.ജി.പിയുടെ നിലപാടിന് സര്‍ക്കാരിന്റെ പിന്തുണയുണ്ട്. ജയിലുകളില്‍ റെയ്ഡ് നടത്തിയ ഡി.ജി.പി., ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നു.
ടി.പി. കേസടക്കമുള്ളവയില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കു രാഷ്ട്രീയ പരിഗണനയുടെ പേരില്‍ നിരന്തരം പരോള്‍ അനുവദിക്കുന്നത് നേരത്തേ വിവാദമായിരുന്നു. തടവുകാര്‍ക്ക് അവധിയും അടിയന്തര അവധിയും അനുവദിക്കുന്നത് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്. ബലാത്സംഗക്കൊലയുള്പ്പെടെയുള്ള കേസുകള്‍ പരോള്‍ അവലോകന കമ്മിറ്റിയുടെ പരിഗണനയ്ക്ക് എടുക്കാറില്ല. കൂടുതലും രാഷ്ട്രീയ തടവുകാരുടെ പേരുകളാണു പട്ടികയില്‍ ഇടംപിടിക്കാറുള്ളത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സി.പി.എം. പ്രവര്‍ത്തകരായ തടവുകാര്‍ക്ക് തുടര്‍ച്ചയായി അവധി അനുവദിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു.
ജയിലില്‍ കഴിയുന്ന പാര്‍ട്ടി പ്രാദേശിക പ്രവര്‍ത്തകരുടെ വിഷയത്തില്‍ കീഴ്ഘടകങ്ങള്‍ വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതാണു ജില്ലാ നേതൃത്വത്തെയും ജയില്‍ അെഡ്വെസറി ബോര്‍ഡിലെ പാര്‍ട്ടി പ്രതിനിധികളെയും കുഴക്കുന്നത്. ജയിലില്‍ കഴിയുന്ന സി.പി.എം. രാഷ്ട്രീയ തടവുകാര്‍ക്കു പാര്‍ട്ടി അധികാരത്തിലുണ്ടായിട്ടും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ബി.ജെ.പി- ആര്.എസ്.എസ്. പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അവരുടെ നേതൃത്വം മാസം തോറും നല്കി വരുന്ന തുകയും ആനുകൂല്യങ്ങളും പോലും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
മാസം പതിനായിരത്തിന് മേല്‍ തുകയും വീട് വെക്കുന്നതിന് 13 ലക്ഷവുമാണ് ബി.ജെ.പി. ജയിലികപ്പെട്ട പ്രവര്‍ത്തകര്‍ക്ക് നല്കി വരുന്നതെന്നാണ് അറിയുന്നത്. വ്യാപകമായ പണപ്പിരിവുകള്‍ നടത്തിയിട്ടും മാസശമ്പളവും അലവന്‍സും തുച്ഛമാണെന്നാണ് പരാതി. 3000-4000 രൂപവരെയാണ് ജയിലില്‍ കഴിയുന്ന പ്രതിക്കു സി.പി.എം.നല്കുന്ന ''ശമ്പളം''. പ്രതിയുടെ വീട്ടിലുള്ള ആശ്രിതരുടെ എണ്ണത്തിനനുസരിച്ച് തുകയില്‍ മാറ്റംവരും. ജില്ലാ കമ്മിറ്റികള്‍ക്കാണ് ഇതു നല്‍കേണ്ട ചുമതല.






