
കൊച്ചി : പാര്‍ട്ടി ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്ന വാടകക്കെട്ടിടം വായ്പക്കുടിശികയുടെ പേരില്‍ ബാങ്ക് ഏറ്റെടുത്തപ്പോഴുള്ള ധാരണ പ്രകാരം ലഭിച്ച നഷ്ടപരിഹാരത്തുകയില്‍ തിരിമറി കാട്ടിയെന്ന പരാതിയില്‍ സി.പി.എം. നേതാവിനെതിരേ പാര്‍ട്ടിതല അന്വേഷണം. സി.പി.ഐ. (എം.എല്‍) റെഡ് ഫഌഗിന്റെ പരാതി നേരത്തേ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു മുന്നില്‍ എത്തിയിരുന്നു. ജില്ലാ സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ.ജെ. ജേക്കബ്, സി.കെ. മണിശങ്കര്‍ എന്നിവരാണ് അന്വേഷണ കമ്മിഷന് അംഗങ്ങള്‍.
എറണാകുളം നഗരത്തില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചിരുന്ന 'മാരുതി വിലാസ് ലോഡ്ജ്' ബാങ്കിന്റെ െകെയിലായതോടെ ഒരു ഡസനോളം ഇടത് ട്രേഡ് യൂണിയനുകള്‍ക്കാണ് ഓഫീസുകള്‍ നഷ്ടമായത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കെട്ടിടം മറ്റൊരാള്‍ക്കു പാട്ടത്തിനു കൊടുത്ത ഉടമ ഈ ഭൂമി പണയം വച്ച് ബാങ്കില്‍നിന്ന് എടുത്തിരുന്ന വായ്പയുടെ പേരിലായിരുന്നു ജപ്തി. തുടര്‍ന്ന്, സി.പി.എം. അനുകൂല സംഘടനകളും ഇടത് ട്രേഡ് യൂണിയനുകളും ബാങ്കിനെതിരേ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട നിയമനടപടിയുടെ തുടര്‍ച്ചയായാണ് ചര്‍ച്ചയിലൂടെ നഷ്ടപരിഹാരത്തുകയ്ക്കു ധാരണയായത്.
സി.പി.എം. ഏരിയാകമ്മിറ്റിയംഗം എസ്. കൃഷ്ണമൂര്‍ത്തിക്കു ബന്ധമുള്ള അഭിഭാഷക സ്ഥാപനം മുഖേനയാണ് നഷ്ടപരിഹാര ഇടപാടുകള്‍ നടത്തിയത്. തങ്ങള്‍ക്ക് അര്‍ഹമായ തുക െകെമാറാന്‍ കൃഷ്ണമൂര്‍ത്തി തയാറാകുന്നില്ലെന്നു പരാതിപ്പെട്ട് സി.പി.ഐ (എം.എല്‍) റെഡ് ഫഌഗ് സി.പി.എം. ജില്ലാ നേതൃത്വത്തെ സമീപിച്ചു. നഷ്ടപരിഹാരമായി ലഭിച്ച നാലരക്കോടിയുടെ അഞ്ചിലൊന്ന് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നാണ് റെഡ് ഫഌഗിന്റെ വാദം.
തങ്ങള്‍ക്ക് അര്‍ഹിക്കുന്നതിലും കുറഞ്ഞ തുകയ്ക്കാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥ എഴുതിയുണ്ടാക്കിയതെന്നും നഷ്ടം നികത്തിത്തരാമെന്നു സി.പി.എം. നേതാക്കള്‍ വാഗ്ദാനം ചെയ്തതിനാലാണ് ഒപ്പുവച്ചതെന്നും റെഡ് ഫഌഗ് നേതാവ് ചാള്‍സ് ജോര്‍ജ് പറയുന്നു. പലവട്ടം ആവശ്യപ്പെട്ടിട്ടും പണം കിട്ടാതെവന്നപ്പോഴാണ് സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ കോടിയേരി ഈ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. തുടര്‍ന്നാണ് നഷ്ടപരിഹാരത്തുകയില്‍ ക്രമക്കേട് നടന്നോ എന്നന്വേഷിക്കാനായി പാര്ട്ടിക്കമ്മിഷനെ നിയോഗിച്ചത്.
പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിക്കുമ്പോള്‍ ഇടത് യൂണിയനുകള്‍ ചേര്‍ന്ന് സൊെസെറ്റി രൂപീകരിക്കാനും പുതിയ കെട്ടിടം പണിയാനുമായി നേരത്തേയുണ്ടാക്കിയ ധാരണ തകര്‍ത്തതിനു പിന്നിലും മുന്‍ ഏരിയാ സെക്രട്ടറികൂടിയായ കൃഷ്ണമൂര്ത്തിയാണെന്നു റെഡ് ഫഌഗ് ആരോപിക്കുന്നു. ധാരണ പ്രകാരം കൃഷ്ണമൂര്‍ത്തിയെ ഏല്‍പ്പിച്ച പവര്‍ ഓഫ് അറ്റോര്‍ണി ദുര്‍വിനിയോഗം ചെയ്തെന്നും പകരം സ്ഥലം നല്‍കാമെന്ന ആദ്യധാരണയില് നിന്ന് ബാങ്ക് പിന്മാറിയെന്നുമാണു പരാതി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30-നാണ് 12 ട്രേഡ് യൂണിയന് ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്ന മാരുതി ലോഡ്ജ് പൊളിച്ചത്.






