
കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പരീക്ഷയിലെ ചോദ്യച്ചോര്‍ച്ച ആരോപണത്തിനു പുറമേ, സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന ബിനാമി പരിശീലനകേന്ദ്രങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കും. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ നടത്തുന്ന പി.എസ്.സി. പരീക്ഷാ പരിശീലനകേന്ദ്രങ്ങളെക്കുറിച്ചുള്ള അന്വേഷണം ഉന്നതരിലേക്ക്. ഇതു സംബന്ധിച്ചു നിരവധി തെളിവുകള്‍ ലഭിച്ചതായി വിജിലന്‍സ് പ്രത്യേകസംഘം വ്യക്തമാക്കി.
അഡീഷണല്‍ സെക്രട്ടറി പദവിയിലുള്ള അഞ്ച് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലുണ്ട്. ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസസിലെ ഫയര്‍മാന്‍മാരില്‍ പലരും ഇത്തരം പരിശീലനകേന്ദ്രങ്ങളില്‍ അധ്യാപകരാണെന്നാണു വിജിലന്‍സിനു ലഭിച്ച വിവരം. തിരുവനന്തപുരം, തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്യ, വീറ്റോ എന്നീ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയും €ാസ് എടുക്കുകയായിരുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ െകെയോടെ പിടികൂടുകയും ചെയ്തിരുന്നു.
സര്‍വീസ് ചട്ടപ്രകാരം, സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥര്‍ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിചെയ്യാനോ സ്ഥാപനം നടത്താനോ പാടില്ല. പി.എസ്.സി. പരീക്ഷാപരിശീലന പ്രസിദ്ധീകരണങ്ങളില്‍ തൂലികാനാമത്തിലെഴുതി പ്രതിഫലം പറ്റുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കുറിച്ചും വിജിലന്‍സിനു വിവരം ലഭിച്ചു. സെക്രട്ടേറിയറ്റില്‍ ധന, വിദ്യാഭ്യാസവകുപ്പുകളില് ജോലിചെയ്യുന്ന ഉദ്യോഗസ്ഥരില്‍ ചിലര്ക്കെതിരേയാണു വ്യക്തമായ തെളിവുകളുള്ളത്. വിശദമായ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് മറ്റന്നാള്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.
പി.എസ്.സി. ചോദ്യക്കടലാസ് തയാറാക്കുന്നവരുമായി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്കു ബന്ധമുണ്ടോയെന്ന് ഇന്റലിജന്‍സ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ സ്വകാര്യ പരിശീലനകേന്ദ്രത്തില്‍ പഠിപ്പിക്കുകയായിരുന്ന ഫയര്‍ഫോഴ്സ് ജീവനക്കാരനെ െകെയോടെ പിടികൂടിയിരുന്നു. ഈ ഉദ്യോഗസ്ഥനെ പിന്നീടു സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസസിലെ 3600 ഫയര്‍മാന്‍മാരില്‍ അഞ്ഞൂറോളം പേര് പി.എസ്.സി. പരിശീലനത്തില്‍ സജീവമാണ്.
ഒരുവര്‍ഷം മുമ്പ് എറണാകുളം പറവൂരിലെ ഒരു സ്വകാര്യ പരിശീലനകേന്ദ്രത്തിനെതിരേ സമാനമായ പരാതിയുയര്‍ന്നിരുന്നു. ഇതു നടത്തുന്നത് എറണാകുളത്തെ ഒരു ഫയര്മാനാണെന്നാരോപിച്ച് മറ്റൊരു പരിശീലനകേന്ദ്രത്തിന്റെ ഉടമയാണു പരാതിപ്പെട്ടത്.
ഇതേക്കുറിച്ചു വകുപ്പുതലത്തില്‍ അന്വേഷണം നടന്നെങ്കിലും ഫയര്‍മാന്റെ സഹോദരിയുടെ പേരിലാണു സ്ഥാപനമെന്നു കണ്ടെത്തി. അന്വേഷണം അവസാനിച്ചെങ്കിലും ആരോപണവിധേയനായ ഉദ്യോഗസ്ഥന് ഇപ്പോഴും പരീക്ഷാപരിശീലനരംഗത്തു സജീവമാണ്. എറണാകുളത്തിനു സമീപം അരൂരിലെ മൂന്ന് എല്‍.ഡി. €ര്‍ക്ക് പരീക്ഷാ പരിശീലനകേന്ദ്രങ്ങളുടെ നടത്തിപ്പ് മൂന്നു ഫയര്മാന്മാര് ചേര്‍ന്നാണ്.
എന്നാല്‍, രേഖകളില്‍ ഉടമസ്ഥത ഇവരുടെ പേരിലല്ലാത്തതിനാല്‍ നടപടിയില്ല. കൊച്ചി നഗരത്തില്‍ മറ്റൊരു പരിശീലനകേന്ദ്രം ബിനാമിയായി നടത്തുന്നതും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒട്ടേറെ പരിശീലനകേന്ദ്രങ്ങളില്‍ പ്രധാന അധ്യാപകര്‍ ഫയര്‍മാന്‍മാരാണ്. മണിക്കൂറിനാണ് ഇവര്‍ക്കു പ്രതിഫലം. പ്രതിമാസം 30,000-50,000 രൂപ ഇങ്ങനെ സമ്പാദിക്കുന്നു. സര്‍ക്കാര്‍ ശമ്പളമായ 30,000-40,000 രൂപയ്ക്കു പുറമേയാണിത്. ബിനാമി സ്ഥാപനം നടത്തുന്നവര്‍ക്കു ലക്ഷങ്ങളാണ് അനധികൃതവരുമാനം. ഫയര്മാന് ഡ്യൂട്ടി 24 മണിക്കൂറായതിനാല്‍ മാസത്തില്‍ 11-12 ദിവസം ജോലിചെയ്താല്‍ മതി. മറ്റു ദിവസങ്ങളിലാണ് അധ്യാപനം.
സമയക്കുറവു മൂലമാണ് മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ ഈ രംഗത്തു സജീവമാകാത്തത്. എങ്കിലും അവധിയെടുത്തും അവധി ദിനങ്ങളിലും അധ്യാപകവേഷം അണിയുന്നവരുണ്ട്. പി.എസ്.സി പരീക്ഷാ പരിശീലനകേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം പൊതുഭരണവകുപ്പ് ഉദ്യോഗസ്ഥരായ രഞ്ജന്‍ രാജ്, ഷിബു കെ. നായര്‍ എന്നിവരുടെ മൊഴിയെടുത്തു. ഷിബു കെ. നായരുടെ ഭാര്യയുടെ പേരിലാണു ''ലക്ഷ്യ'' പരിശീലനകേന്ദ്രം. രഞ്ജന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലാണു ''വീറ്റോ''.
2013 മുതല്‍ അവധിയിലുള്ള ഷിബു ലക്ഷ്യയില്‍ പഠിപ്പിക്കുന്നുണ്ട്. രഞ്ജനാകട്ടെ അവധിയെടുക്കാതെതന്നെ അധ്യാപകനാണ്. ഇരുവര്‍ക്കുമെതിരേ ചില ഉദ്യോഗാര്‍ഥികള്‍ പി.എസ്.സിക്കു നല്കിയ പരാതി പൊതുഭരണവകുപ്പിനു െകെമാറുകയായിരുന്നു.






