
യാത്രയ്ക്ക് ശേഷം ഹെല്‍മെറ്റ് എവിടെ സൂക്ഷിക്കണമെന്നത് ഇരുചക്ര വാഹനയാത്രികര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. പലരും വാഹനത്തിന്റെ ഹാന്‍ഡിലില്‍ തൂക്കിയിടുകയാണ് ചെയ്യുന്നത്. സുരക്ഷിതമായി സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും സാധിക്കുന്ന തരത്തിലുള്ള ഹെല്‍മെറ്റുമായി എത്തുകയാണ് കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ (കെഎസ്ഐഡി). മൂന്നാക്കി മടക്കി ഉപയോഗിക്കാവുന്ന വിധത്തിലുള്ള ഹെല്‍മറ്റാണ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഇന്റഗ്രേറ്റഡ് ലൈഫ്സ്റ്റൈല്‍ പ്രോഡക്ട് ഡിസൈന്‍ വിഭാഗത്തിലെ കുട്ടികള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
ഫവാസ് കിലിയാനി എന്ന മലപ്പുറംകാരനായ വിദ്യാര്‍ഥിയാണ് ഇത്തരമൊരു ആശയം കൊണ്ടു വന്നത്. ഇതിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള ശ്രമം ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിച്ചു കഴിഞ്ഞു. കൂടാതെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കിടയില്‍ ഉപയോഗിക്കാവുന്ന ട്രഫില്‍ എന്ന പേരിട്ടിരിക്കുന്ന മാസ്ക്ഹെല്‍മെറ്റും ഇവര്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. മലപ്പുറംകാരനായ നിഖില്‍ ദിനേശാണ് ഇത് തയാറാക്കിയിട്ടുള്ളത്.
നിരത്തുകളിലെ പൊടി ശല്യം ഒഴിവാക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള ഈ മാസ്ക്ഹെല്‍മെറ്റ് പുറത്തുനിന്നുള്ള വായുവിനെ ശുദ്ധീകരിച്ച് ശ്വസിക്കാന്‍ സഹായിക്കുന്നു. അകത്തേക്ക് എത്തുന്ന വായുവിനെ ഫില്‍ട്ടര്‍ ചെയ്യുന്നതിനുള്ള ചെറിയ സംവിധാനങ്ങളും മാസ്ക്കില് സജ്ജീകരിച്ചിട്ടുണ്ട്. പൊലീസ് വാക്കി ടോക്കി കണക്ടറ്റ് ചെയ്യാവുന്ന സംവിധാനങ്ങളും ഇതില്‍ സജ്ജീകരിച്ചിട്ടുള്ളതിനാല്‍ ഒരു വൈഫൈ സംവിധാനം പോലെ ഹെല്‍മെറ്റ് ഉപയോഗിക്കാനും കഴിയും.






