
പെനാല്‍റ്റി കിക്കുകള്‍ ആര്‍ക്കാണ് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നതെന്നത് കായികലോകത്തെ മന:ശ്ശാസ്ത്ര വിശകലനങ്ങള്‍ക്ക് ഏറെ വിഷയമായിട്ടുണ്ട്. മിക്കവാറും ഗോള്‍ ഉറപ്പായതിനാല്‍ ഗോള്‍ കീപ്പര്‍ സമ്മര്‍ദ്ദമില്ലാതെ നേരിടുമെന്നും കിക്കെടുക്കാന്‍ വരുന്നയാള്‍ക്കാണ് സമ്മര്‍ദ്ദം കൂടുതല്‍ എന്ന വാദത്തിനാണ് പിന്തുണ കൂടുതല്‍. എന്തായാലും ഒരു കളിയില്‍ സാധാരണ സമയത്തേത് ഉള്‍പ്പെടെ അഞ്ചു കിക്കുകള്‍ തട്ടിയകറ്റി ഗോളി ഡാനിയേല്‍ ബാറ്റ്സാണ് പുതിയ ഹീറോ.
ജര്‍മ്മനിയിലെ ഒന്നാം നമ്പര്‍ ലീഗില്‍ കളിക്കുന്ന ടീമിനെതിരേയാണ് ഗോള്‍ കീപ്പറുടെ പ്രകടനം. ജര്‍മ്മനിയിലെ ഫോര്‍ത്ത് ഡിവിഷന് ക്ളബ്ബായ സാര്‍ബ്രൂക്കന്റെ ഗോള്‍ കീപ്പറായ ബാറ്റ്സ് ബുണ്ടാസ് ലീഗില്‍ കളിക്കുന്ന എഫ് സി ഫോര്‍ച്യൂണ ഡസല്ഡോര്ഫിന് എതിരേ തകര്‍പ്പന്‍ പ്രകടനം നടത്തി. ജര്‍മ്മന്‍ കപ്പില്‍ ഡസല്‍ ഡോര്‍ഫ് താരങ്ങളുടെ അഞ്ചു കിക്കുകളാണ് ബാറ്റ്സ് രക്ഷപ്പെടുത്തിയത്്. മത്സരത്തില്‍ സാധാരണ സമയത്ത് കിട്ടിയ പെനാല്‍റ്റി തട്ടിയകറ്റിയ ബാറ്റ്സ് ഷൂട്ടൗട്ടിലും അത് ആവര്‍ത്തിച്ചു. ബാറ്റ്സിന്റെ ടീമായ സാര്‍ബ്രൂക്കന്‍ ഒരു ഗോളിന് മുന്നില്‍ നില്‍ക്കേ 83 ാം മിനിറ്റിലായിരുന്നു ഫോര്‍ച്യൂണയ്ക്ക് കളിയില്‍ ആദ്യം പെനാല്‍റ്റി കിട്ടിയത്. ബാറ്റ്സ് ഇത് തട്ടി. എന്നാല്‍ 90 ാം മിനിറ്റില്‍ ഫോര്‍ച്യൂണ ജോര്ഗന്സണിലൂടെ സമനില പിടിച്ചു. ഇതോടെയാണ് അധിക സമയത്തേക്കും ഷൂട്ടൗട്ടിലേക്കും കളി മാറിയത്.
എന്തായാലും കിക്കുകളെല്ലാം തട്ടി ബാറ്റ്സ് സ്വന്തം ടീമിനെ വിജയിച്ചപ്പോള്‍ ടീം കടന്നത് സെമിയിലേക്കാണ്. ബയേണ്‍ മ്യൂണിക്ക് ഉള്‍പ്പെടെയുള്ള ടീമുകള്‍ കളിക്കുന്ന ജര്മ്മന്കപ്പിന്റെ സെമിയില്‍ കടക്കുന്ന ആദ്യ നാലാം ഡിവിഷന് ക്ളബ്ബ് എന്ന ഖ്യാതിയാണ് ഇതിലൂടെ സാര്‍ബ്രൂക്കന്‍ നേടിയെടുത്തത്. ബുണ്ടാസ്് ലീഗ് ചാമ്പ്യന്മാരും മുന്‍ ചാംപ്യന്‍സ് ലീഗ് ചാമ്പ്യന്മാരുമായ ബയേണ്‍ മ്യൂണിക്കും ബെയര്‍ ലെവര്കൂസനുമാണ് സെമിയില്‍ എത്തിയിരിക്കുന്ന മറ്റ് രണ്ടു ടീമുകള്‍. മുന്‍ നിര ടീമുകള്‍ മാത്രം കൂടുതല്‍ തവണ കപ്പ് നേടിയിട്ടുള്ള ജര്‍മ്മന്‍ കപ്പില്‍ ഈ നിരയ്ക്ക് പുറത്ത് നിന്നും കപ്പ് നേടിയിട്ടുള്ള ഏക ടീം ഹാനോവറാണ്.



