
തിരുവനന്തപുരം: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും വിലക്ക് ഏര്‍പ്പെടുത്തിയത് സംസ്ഥാനത്ത് വന്‍ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ വിലക്കിന് ആധാരമായ ഒമ്പത് കാരണങ്ങളില്‍ ഒരെണ്ണം ആര്‍എസ്എസിനെയും ഡല്ഹിപോലീസിനെയും വിമര്‍ശിച്ചതെന്ന് കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയത്തിന്റെ നോട്ടീസില്‍ പറയുന്നു.
ഒമ്പതു കാരണങ്ങളാണ് വിലക്കിന് ആധാരമായി നോട്ടീസില്‍ പറയുന്നത്. ഇതെല്ലാം കലാപ സമയത്ത് സര്‍ക്കാര്‍ നല്കിയ നിര്‍ദേശങ്ങളെ ലംഘിക്കുന്നതാണെന്നും നടപടിക്ക് മുന്നോടിയായി നല്കിയ നോട്ടീസില്‍ പറയുന്നു. മീഡിയാ വണ്ണിനെതിരേ ഡല്‍ഹി കറസ്പോണ്ടന്റ് ഹസനുല്‍ ബന് നടത്തിയ റിപ്പോര്‍ട്ടിംഗാണ് വിലക്കിന് കാരണമായി മാറിയത്. നോട്ടീസില്‍ പറയുന്ന ആക്ഷേപങ്ങള്‍ ഇവയാണ്.
1. സി.എ.എ വിരുദ്ധ സമരം നടക്കുന്നിടത്തേക്ക് അക്രമികള്‍ ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന് വെടിവെച്ചെന്ന് ഹസനുല്‍ ബന്ന റിപ്പോര്‍ട്ട് ചെയ്തു.
2. ചന്ദ് ബാഗിലെ സി.എ.എ വിരുദ്ധ സമരപ്പന്തലിന് അക്രമികള്‍ തീയിട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു.
3. സി.എ.എ അനുകൂലികളെ പൊലീസ് പിന്തുണയ്ക്കുകയാണെന്നും ഹസ്സനുല്‍ ബന്നയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായി.
4. മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണ് കലാപം നടക്കുന്നതെന്ന് പറഞ്ഞു.
5. തലേ ദിവസം നടന്ന ഭീം ആര്‍മി ബന്ദിന്റെ സമയത്തുണ്ടായിരുന്ന പൊലീസ് കലാപ സമയത്ത് മാറി നില്‍ക്കുകയായിരുന്നു.
6. ദല്‍ഹിയിലെ ആക്രമണങ്ങള്‍ സി.എ.എ വിരുദ്ധരെ ലക്ഷ്യമിട്ടാണെന്ന് മീഡിയാവണ്‍ റിപ്പോര്‍ട്ട് പറയാന്‍ ശ്രമിച്ചു.
7. ആര്.എസ്.എസിനെ മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്തു.
8. ദല്‍ഹി പൊലീസ് ഇടപെടല്‍ നിസംഗമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തു.
9. ആര്.എസ്.എസിനെയും ദല്‍ഹി പൊലീസിനെയും റിപ്പോര്‍ട്ട് വിമര്‍ശിച്ചു.
ഫെബ്രുവരി 25ന് ജഫ്റാബാദിലെ അക്രമത്തെക്കുറിച്ച് പി.ആര്. സുനില്‍ ചെയ്ത റിപ്പോര്‍ട്ടിനാണ് ഏഷ്യാനെറ്റിന് വിലക്ക് വരാന്‍ കാരണമായത്. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടില്‍ മുസ്ലിംകള്‍ക്കെതിരേയുള്ള ആക്രമണത്തിനു സാക്ഷ്യം വഹിച്ചുവെന്നും അക്രമികള്‍ തന്റെ മതം ചോദിച്ചുവെന്നും റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യം സ്ഫോടനാത്മകമായ നിലയിലായിരിക്കേ ഇത്തരം റിപ്പോര്‍ട്ടുകള്‍ സമുദായ സൗഹാര്‍ദം തകര്‍ക്കുമെന്നും ചാനല്‍ കൂടുതല്‍ ശ്രദ്ധ കാട്ടേണ്ടേിയിരുന്നുവെന്നും വാര്‍ത്താവിതരണമന്ത്രാലയത്തിന്റെ ഉത്തരവ് വ്യക്തമാക്കി.
48 മണിക്കൂര്‍ നേരത്തേക്കായിരുന്നു വിലക്ക്. ഇതിനെതിരേ സംസ്ഥാനത്ത് പ്രതിഷേധവും ശക്തമായി. പത്രപ്രവര്‍ത്തക യൂണിയനും വിവിധ സാമുദായിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. പിന്നീട് വിലക്ക് നീക്കം ചെയ്തതിനാല്‍ ചാനലുകള്‍ വാര്‍ത്താസംപ്രേഷണം വീണ്ടും ആരംഭിച്ചിട്ടുണ്ട്.






