
കേരളത്തില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണ്. പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്കും എറണാകുളത്ത് ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്നും എത്തിയ മൂന്ന് പേര്‍ക്കും ഇവരുടെ അടുത്ത ബന്ധുക്കളുമായ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് ഇറ്റലിയില്‍ നിന്നും ഇറങ്ങിയ മൂന്ന് വയസുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കൊറോണയില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു ഉപാധിയാണ് സര്‍ജിക്കല്‍ മാസ്ക് അഥവാ ഫേസ് മാസ്ക്. എന്നാല്‍ കേരളത്തില്‍ എല്ലാവരും മാസ്ക് ധരിച്ച് നടക്കേണ്ട കാര്യമില്ല. അങ്ങനെയല്ല വൈറസിനെ പ്രതിരോധിക്കുന്നത്. മാസ്കുകളെ സംബന്ധിച്ച് ഇന്‍ഫോ ക്ലിനിക്ക് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ചര്‍ച്ച.
കുറിപ്പ് ഇങ്ങനെ;
കോവിഡ് 19 (കൊറോണ) ന്റെ പശ്ചാത്തലത്തില്‍ ഏവരുടെയും ശ്രദ്ധയില്‍ വരുന്ന ഒരു ഉപാധിയാണ് സര്‍ജിക്കല്‍ മാസ്ക് അഥവാ ഫേസ് മാസ്ക്, എന്ന മുഖാവരണം.
നിരവധി തരം മാസ്കുകള്‍ ഉണ്ട്. സാധാരണയായി ലഭ്യമായ ഒന്ന് നീല(അല്ലെങ്കില്‍ പച്ച)യും വെള്ളയും നിറങ്ങളുള്ള ശസ്ത്രക്രിയാ മാസ്ക് ആണ്.
പത്തനംതിട്ടയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തു എന്ന കേട്ട ഉടനെ ഇത്തരം മാസ്കുകള്‍ വാങ്ങാന്‍ ആള്ക്കാര് തിരക്ക് കൂട്ടുന്നു എന്നൊരു വാര്‍ത്ത കേട്ടൂ. ഈ മാസ്കിന്റെ പ്രസക്തിയും പ്രയോഗവും എങ്ങനെ എന്നത് സംബന്ധിച്ച് പല തെറ്റിധാരണയും സമൂഹത്തില്‍ ഉണ്ടെന്നു വേണം കരുതാന്‍.
സര്‍ജിക്കല്‍ ഫേസ് മാസ്ക് എങ്ങനെ, എപ്പോ, ഏതു രീതിയില്‍ ഉപയോഗിക്കണം എന്ന് ഇത്തരുണത്തില്‍ സാമാന്യ ജനം കൂടി അറിയുന്നത് നന്നാവും.
??സര്‍ജിക്കല്‍ ഫേസ് മാസ്ക് ആരാണ് ഉപയോഗിക്കേണ്ടത്?
രോഗമോ/ രോഗമെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളോ ഉള്ള ആള്ക്കാര് ആണ് ഇത് ഉപയോഗിക്കേണ്ടത്. ഇത് രോഗം ഉള്ള ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കുള്ള രോഗപ്പകര്‍ച്ച ഒരു പരിധി വരെ തടയും.
??എന്താണ് ഫേസ് മാസ്ക്?
3 ലെയറുകളുള്ള മാസ്കാണ് രോഗികള്‍/ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ധരിക്കേണ്ടത്.
നീല (അല്ലെങ്കില്‍ പച്ച) നിറമുള്ള ഭാഗം പുറമെയും വെള്ള നിറമുള്ള ഭാഗം ഉള്‍വശത്തായും വരും രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്. ഇതിനിടയില്‍ ഇടയില്‍ നാം കാണാത്ത ഒരു പാളിയും ഉണ്ട്.
തൊട്ടു നോക്കിയാല്‍ മെഴുകില്‍ തൊട്ടപോലിരിക്കും നീല (പച്ച) ഭാഗം. പുറമെ നിന്നുള്ള ബാഷ്പത്തെയും, വലിയ കണിക (droplets) കളെയും ഒരു പരിധി വരെ ഈ പാളി തടയും. മറ്റുള്ളവര്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് തടയുകയാണ് ലക്ഷ്യം. പുറത്തു നിന്നും വരുന്ന വലിയ കണികകളെ ഒരു പരിധി വരെ തടയും എങ്കിലും സൂക്ഷ്മ രോഗാണുക്കള്‍ ഉള്ളില്‍ എത്തുന്നത് അത്രയ്ക്ക് തടയുന്നില്ല.
ഉള്‍ഭാഗത്തുള്ള വെള്ള നിറമുള്ള പാളി മൃദുലമാണ്. നമ്മള് തുമ്മുമ്പോള്‍, സംസാരിക്കുമ്പോള്‍ ഒക്കെ തെറിക്കുന്ന സൂക്ഷ്മതുള്ളികള്‍ ആ ലെയറില്‍ പറ്റിപ്പിടിച്ച് പുറത്തു പോകാതിരുന്നോളും.
??മാസ്ക്കുകള്‍ ധരിക്കുമ്പോള്‍ രോഗികള്‍ വെള്ളനിറമുള്ള വശം പുറത്തും മറ്റുള്ളവര്‍ പച്ചനിറമുള്ള വശം പുറത്തും കാണുന്ന രീതിയില്‍ ധരിക്കണം എന്നുള്ള സന്ദേശം വസ്തുതാപരമാണോ ?
അല്ല. തെറ്റായ സന്ദേശം ആണ്.
??രോഗം ഇല്ലാത്തവര്‍ ഇത്തരം മാസ്ക് ഉപയോഗിക്കേണ്ടതുണ്ടോ?
ഉപയോഗിക്കുന്നതിനു അധിക പ്രാധാന്യം ഇല്ല.
അനാവശ്യമായി മാസ്ക് ഉപയോഗിക്കുന്നതുകൊണ്ട് ഉള്ള പ്രശ്നങ്ങള്‍ .
1.സുരക്ഷിതരാണെന്ന് മിഥ്യാബോധമുണ്ടാവുമ്പൊ മറ്റ് മുന്‍ കരുതലുകള്‍ അവഗണിക്കപ്പെടാം. ഇത്തരം ഒരു മാസ്ക് ധരിച്ചു എന്നത് കൊണ്ട് നാം പൂര്‍ണ്ണമായും സേഫ് ആണെന്ന് കരുതിക്കൊണ്ടു മറ്റു സുരക്ഷാ നിര്‍ദ്ദേശങ്ങളില്‍ അശ്രദ്ധ കാണിക്കുന്നതോ, രോഗപ്പകര്‍ച്ച കൂടുതല്‍ വരാനുള്ള സാഹസിക പ്രവര്‍ത്തികള്‍ കാണിക്കുന്നതോ അഭികാമ്യം അല്ല.
2. അനാവശ്യമായ ചിലവ്.
3. അനാവശ്യമായി മാസ്കുകള്‍ ഏവരും വാങ്ങിക്കൂട്ടിയാല്‍ ദൗര്‍ലഭ്യം ഉണ്ടാവാനും, ഇത് അവശ്യം വേണ്ടവര്‍ക്ക് കിട്ടാതാവാനും സാധ്യത ഉണ്ട്.
??അപ്പൊ രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും മറ്റും എങ്ങനെ രോഗാണുക്കളില്‍ നിന്നും സുരക്ഷ നേടും?
??ആരോഗ്യപ്രവര്‍ത്തകരെ ഉദ്ദേശിച്ചു നിര്‍മ്മിച്ചിരിക്കുന്ന സുരക്ഷാ മാസ്കുകള്‍ പലവിധം ഉണ്ട്. അതില്‍ പ്രമുഖം N95 മാസ്ക് അഥവാ respirator ആണ്. ഇത് സാധാരണ ജനങ്ങള്‍ വാങ്ങിച്ചു ഉപയോഗിക്കുന്നത് അനാവശ്യമാണ്.
??മുഖത്ത് അമര്‍ന്നു ഇരിക്കുന്ന ഈ മാസ്ക് ശരിയായ രീതിയില്‍ ഉപയോഗിക്കുമ്പോള്‍ ശ്വാസം എടുക്കാന്‍ അല്പം പ്രയാസം നേരിടാം. ആയതിനാല്‍ തന്നെ കൂടുതല്‍ നേരം അടുപ്പിച്ചു ഇത് ഉപയോഗിക്കാന്‍ പറ്റില്ല.
??മാത്രമല്ല രോഗങ്ങള്‍ ഉള്ളവരിലും ശ്വാസകോശ ആരോഗ്യം മോശമായവരിലും ഇങ്ങനെ പ്രയാസപ്പെട്ടു കൂടുതല്‍ നേരം ശ്വാസം എടുക്കുന്നത് ശാരീരിക ബുദ്ധിമുട്ടുകള്‍ കൂടാന്‍ കാരണമായേക്കും.
??N 95 മാസ്കുകള്‍ അധികം ലഭ്യമല്ല, ആയതിനാല്‍ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗിയെ നേരിട്ട് പരിചരിക്കുന്നവര്‍ക്കും ആവശ്യമായ ഈ മാസ്ക് നിലവില്‍ പൊതുജനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത് അനുചിതമാണ്.
??മാസ്കിന്റെ ശരിയായ ഉപയോഗം എങ്ങനെ ആവണം എന്നത് സംബന്ധിച്ച് ഏറ്റവും ഒടുവിലായി ലോകാരോഗ്യ സംഘടന (WHO ) നല്കിയ നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുക്കുന്നു.
മാസ്ക് മാത്രം ഉപയോഗിച്ചതുകൊണ്ട് ആവശ്യത്തിനു സുരക്ഷ ലഭിക്കണമെന്നില്ല, ഒപ്പം കൈകള്‍ വൃത്തിയാക്കുന്നതും മറ്റ് രോഗ പ്രതിരോധ നടപടികളും കൂടി അനുവര്‍ത്തിക്കണം എന്നാണ് WHO പറയുന്നത്.
??മാസ്ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നടപടികള്‍??
1. മാസ്ക് ധരിക്കും മുന്‍പും പിന്‍പും കൈകള്‍ അണുവിമുക്തം ആക്കണം, ഇതിനായി ആല്‍ക്കഹോള്‍ ബേസ്ഡ് ഹാന്‍ഡ് റബ് അല്ലെങ്കില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ നിര്‍ദ്ദിഷ്ട രീതിയില്‍ 20 സെക്കന്റ് എങ്കിലും എടുത്തു വൃത്തിയാക്കുക.
2. ഉള്ളില്‍ മെറ്റാലിക് ഭാഗം ഉള്ള മാസ്കിന്റെ മുകള്‍ ഭാഗം മൂക്കിന് മുകളില്‍ ആയി മൂക്കും വായും മൂടുന്ന രീതിയില്‍ വെച്ചതിനു ശേഷം, വള്ളികള്‍ പിന്നില്‍ കെട്ടുകയോ, ചെവിയില്‍ വള്ളികള്‍ കുടുക്കുകയോ ചെയ്യുക.
3. നിങ്ങളുടെ മുഖവും മാസ്കും തമ്മില്‍ വിടവുകളൊന്നുമില്ലെന്ന് ഉറപ്പാക്കുക.
4. ഉപയോഗത്തിലായിരിക്കുമ്പൊ മാസ്കില്‍ സ്പര്‍ശിക്കരുത്.
5. മാസ്ക് നനയുകയോ, ഉപയോഗശൂന്യമാവുകയോ, നിശ്ചിത സമയം കഴിയുകയോ ചെയ്താല്‍ മാസ്ക് സുരക്ഷിതമായി നീക്കം ചെയ്യുക.
6. മാസ്ക് അഴിച്ചെടുക്കുമ്പൊ മാസ്കിന്റെ മുന്നില്‍ (മുഖത്തെ ആവരണം ചെയ്തിരിക്കുന്ന ഭാഗത്ത്) സ്പര്‍ശിക്കരുത്. പിന്നില്‍, അതിന്റെ ലേസില്‍ പിടിച്ച് അഴിച്ചെടുക്കുക.
7. അബദ്ധത്തിലെങ്ങാനും അങ്ങനെ സ്പര്‍ശിക്കാനിടയായാല്‍ ഉടന്‍ തന്നെ മേല്‍പ്പറഞ്ഞ രീതിയില്‍ കൈകള്‍ ശുചിയാക്കുക.
8. ഒറ്റത്തവണ ഉപയോഗിക്കേണ്ട മാസ്കുകള്‍ വീണ്ടുമുപയോഗിക്കരുത്.
9. മാസ്ക് അതിന്റെ വള്ളിയില്‍ മാത്രം പിടിച്ചു കൊണ്ട് അടപ്പുള്ള വേസ്റ്റ് പിന്നില്‍ നിക്ഷേപിക്കുക.
10. ഇതിനു ശേഷവും മുന്‍ പറഞ്ഞ പോലെ കൈകള്‍ ശുചിയാക്കുക.
??ഈ മാസ്കുകള്‍ ബാക്റ്റീരിയകളെയും വൈറസുകളെയും നേരിട്ട് തടയുകയാണോ ചെയ്യുന്നത്. അവയൊക്കെ അത്രയും സൂക്ഷ്മാണുക്കളല്ലേ..?
ബാക്ടീരിയകളെക്കാള്‍ വലിപ്പക്കുറവുള്ള വൈറസിനെ തടയാന്‍ സുഷിരങ്ങള്‍ക്ക് വലിപ്പക്കുറവ് ഉള്ള മാസ്കുകള്‍ വേണം എന്നൊരു ധാരണ പലര്‍ക്കുമുണ്ട്. നമ്മള് മാസ്ക് കൊണ്ട് തടയുന്നത് അതിലെ സുഷിരങ്ങളില്‍ കൂടി കടന്നുവരുന്ന ഒറ്റപ്പെട്ട ബാക്ടീരിയെയോ വൈറസിനെയോ അല്ല. പകരം ബാക്ടീരിയയും വൈറസും ഒക്കെയുള്ള തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായുവിലേക്ക് എത്തുന്ന ഡ്രോപ്പ്ലെറ്റ്സിനെയാണ് തടയുന്നത്. മാസ്കുകളിലെ സുഷിരങ്ങള്‍ എത്ര ചെറുതാവുന്നോ അത്രയും ചെറിയ ബാഷ്പകണങ്ങള്‍ മാത്രമേ ഉള്ളിലേക്ക് വരൂ എന്ന് ചുരുക്കം. അതുകൊണ്ടാണ് സുഷിരങ്ങളിലൂടെ വലിപ്പം കുറവുള്ള N 95 മാസ്കുകള്‍ കൂടുതല്‍ പ്രയോജനപ്പെടുന്നത്.
?? ഒരു മാസ്ക് എത്ര നേരം തുടര്‍ച്ചയായി ഉപയോഗിക്കാം? അല്ലെങ്കില്‍ എപ്പോള്‍ ഡിസ്പോസ് ചെയ്യണം?
സാധാരണ സര്‍ജിക്കല്‍ മാസ്കാണെങ്കില്‍ 4-6 മണിക്കൂര്‍ കഴിയുമ്പോള്‍ മാറ്റുന്നതാണുചിതം. N95 മാസ്കുകള്‍ 4 മണിക്കൂറിലധികം ഉപയോഗിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. രോഗീ പരിചരണത്തിലേര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 4 മണിക്കൂര്‍ വീതമുള്ള ഷിഫ്റ്റ് ഡ്യൂട്ടി നല്‍കുന്നതിന്റെ ഒരു കാരണവും ഇതാണ്.
??മാസ്ക് ഉപയോഗിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ
പൊതുജനങ്ങള്‍ ചെയ്യേണ്ടത്
?കൈകളുടെ ശുചിത്വം മേല്‍പ്പറഞ്ഞ രീതിയില്‍ പാലിക്കുക.
??പൊതു സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ചുമരുകളിലോ കൈവരികളിലോ തൊടുന്നത് പരമാവധി ഒഴിവാക്കുക.
??ഇടയ്ക്കിടെ മുഖത്തും മൂക്കിലും വായിലും കണ്ണിലും മറ്റും പിടിക്കാതെ ഇരിക്കുക. ഇതത്ര എളുപ്പമല്ല, നിങ്ങളറിയാതെ തന്നെ കൈ മുഖത്തെത്തും, അതും ഒരു മണിക്കൂറില്‍ പലതവണ.
??അതുകൊണ്ട് ഇടയ്ക്കിടെയുള്ള കൈ കഴുകല്‍ ശീലമാക്കുക.
??ആശുപത്രി പരിസരത്തെത്തുമ്പോള്‍ ഷാളോ സാരിയോ ഉപയോഗിച്ച് മുഖം മൂടുന്ന പ്രവണതയുണ്ട് പലര്‍ക്കും. മൂടാത്തതിനേക്കാള് അപകടകരമാണ് അത്. കാരണം, ഷാള്‍, സാരി എവിടെയൊക്കെ സമ്പര്‍ക്കം വന്നു എന്ന് അറിയില്ല. കൂടുതല്‍ അപകടകരമാവാം.
??ചുമക്കുമ്പോഴോ തുമ്മുമ്പോഴോ കൈലേസുകളോ ടിഷ്യു പേപ്പറോ ഉപയോഗിക്കണം. അതില്ലെങ്കില്‍ മടക്കിയ കൈ മുട്ടിനുള്ളിലേക്ക് തുമ്മുക. ഒരിക്കലും കൈപ്പത്തികൊണ്ട് പൊത്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്.
ചുരുക്കിപ്പറഞ്ഞാല്‍ കൊറോണ ബാധിച്ചവരെ ചികിത്സിക്കുന്നവരും അടുത്ത് ഇടപഴകുന്നവരും മാസ്കും മറ്റ് വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കണം. മാസ്കിനെ പറ്റിയും ധരിക്കേണ്ട രീതിയെ പറ്റിയും എല്ലാവരും അറിയണം, പക്ഷെ എല്ലാവരും മാസ്ക് ധരിച്ച് നടക്കേണ്ട കാര്യവുമില്ല. മറ്റു വ്യക്തി ശുചിത്വ മാര്‍ഗങ്ങള്‍ക്ക് പരമാവധി പ്രാധാന്യം കൊടുക്കണം.
എഴുതിയത് - ഡോ.Deepu Sadasivan, ഡോ.Jinesh PS, ഡോ. Nelson Joseph, ഡോ. Manoj Vellanad
കവര്‍ - Abhilash Chacko
info clinic
#കൊറോണ
#Covid_19
#corona






