
തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസിലെ മുന്‍ മാണി ഗ്രൂപ്പുകാരുടെ അതൃപ്തി മറികടന്ന് ഫ്രാന്‍സിസ് ജോര്‍ജുമായുള്ള ലയനത്തിനു പി.ജെ. ജോസഫ്. ഫ്രാന്‍സിസ് ജോര്‍ജും നാലു ജില്ലാപ്രസിഡന്റുമാരും ഉള്‍പ്പെടെയുള്ളവര്‍ ജോസഫ് വിഭാഗവുമായി ലയിച്ചേക്കും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം വെള്ളിയാഴ്ചയ്ക്കകം.
ഈ മാസം 14-ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിനു മുമ്പു തീരുമാനം ഉണ്ടാകുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്കുന്ന സൂചന. തെരഞ്ഞെടുപ്പിനു ശേഷമുള്ള അവരുടെ ആദ്യ സംസ്ഥാനകമ്മിറ്റി യോഗമാണിത്.എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലാപ്രസിഡന്റുമാര്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ജോസഫ് ഗ്രൂപ്പില്‍ ലയിക്കുമെന്നാണു വിവരം. മറ്റു നേതാക്കളായ ഡോ: കെ.സി. ജോസഫ്, ആന്റണി രാജു, പി.സി. ജോസഫ് എന്നിവര്‍ മടങ്ങിപ്പോക്കിനില്ല. തദ്ദേശതെരഞ്ഞെടുപ്പിനു വേണ്ട സീറ്റുകള്‍ കണ്ടെത്താന്‍വരെ ഇടതുമുന്നണി നിര്‍ദേശിച്ചിരിക്കെ മടങ്ങിപ്പോക്ക് ആത്മഹത്യാപരമാകുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
കെ.എം. മാണിയെ എതിര്‍ത്താണു പാര്‍ട്ടിവിട്ടതെന്നും മാണി ഇല്ലാത്ത സാഹചര്യത്തില്‍ ആ എതിര്‍പ്പിനു പ്രസക്തിയില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും ന്യായീകരിക്കുന്നു. പതിനാലിലെ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ഫ്രാന്‍സിസ് ജോര്‍ജ് മറുപടി നല്‍കേണ്ടിവരും. ഈ സാഹചര്യത്തില്‍ 13-നു മുമ്പ് തീരുമാനം പ്രഖ്യാപിക്കാനുള്ള നീക്കമാണ് അദ്ദേഹം നടത്തുന്നത്.
എന്നാല്‍, കെ.എം. മാണിയെ പരസ്യമായി വിമര്‍ശിച്ച് പാര്‍ട്ടിവിട്ടുപോയ ഫ്രാന്‍സിസ് ജോര്‍ജിനെയും കൂട്ടരേയും തിരിച്ചു കൊണ്ടുവരുന്നതില്‍ ജോസഫ് വിഭാഗത്തിലെ പഴയ മാണി ഗ്രൂപ്പുകാരായ ജോയി ഏബ്രഹാം, സി.എഫ്. തോമസ് തുടങ്ങിയ നേതാക്കള്‍ക്ക് അത്ര താല്പര്യമില്ല. നേരത്തെതന്നെ അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണു ലയനനീക്കം പാതിവഴിയില്‍ ഉപേക്ഷിച്ചത്. പാര്‍ട്ടിയിലെ എതിര്‍പ്പുകാരണം ഫ്രാന്‍സിസ് ജോര്‍ജും തീരുമാനത്തില്‍നിന്നു തല്ക്കാലം പിന്നാക്കം പോയിരുന്നു. എന്നാല്‍, ഫ്രാന്‍സിസ് ജോര്‍ജ് പോയില്ലെങ്കിലും അദ്ദേഹത്തിന്റെ ശക്തികേന്ദ്രങ്ങളിലെ നേതാക്കളും അണികളും ജോസഫിലേക്കു മടങ്ങിപ്പോകുമെന്ന അവസ്ഥയാണിപ്പോള്‍. ഇതാണ് ഫ്രാന്‍സിസ് ജോര്‍ജിനെ സമ്മര്‍ദത്തിലാക്കുന്നത്.
ആര്. സുരേഷ്






