
പുതിയ തട്ടിപ്പ് രീതികളുമായി ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം. മൊബൈല്‍ ഫോണിലേക്ക് നേരിട്ട് വിളിച്ച് നഗ്നരായി വിഡിയോ കോള്‍ ചെയ്യാന്‍ സുന്ദരിമാര്‍ തയ്യാറാണെന്നാണ് ഇവര്‍ അറിയിക്കുന്നത്. മണിക്കൂറിന് ഇത്ര രൂപ നല്കിയാല് മതിയെന്നും, ഇനി ഫ്ളാറ്റിലെത്തിക്കണമെങ്കില്‍ നല്‍കിയിരിക്കുന്ന നമ്പരിലേക്കു യുപിഐ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ പണമിട്ടാല്‍ മതിയെന്നുമാണ് ഇവര്‍ അറിയിക്കുന്നത്.
ഇതു കൊണ്ടും തീര്‍ന്നില്ല, വാട്സാപ്പിലേക്ക് ചിത്രങ്ങള്‍ അയക്കും. ചിത്രം കണ്ട് പണം ഇട്ട് കാത്തിരുന്ന് മടുത്ത് വിളിക്കുമ്പോള്‍ നമ്പര്‍ സ്വിച്ച്ഡ് ഓഫ് ആയിരിക്കും. ചിലപ്പോള്‍ കണ്ണുപൊട്ടുന്ന തെറിവിളിയും കേള്‍ക്കാം. കാശുപോയി ഇനി നാണംകെടേണ്ടയെന്ന് വിചാരിച്ച് ആരും പരാതിപ്പെടാന്‍ പോകാറില്ല. വിവിധ വെബ്സൈറ്റുകളിലും നവമാധ്യമങ്ങളിലും പരസ്യം നല്കി ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്ന സംഘങ്ങളിലെ പ്രധാനികള്‍ തന്നെയാണ് ഇത്തരമൊരു തട്ടിപ്പിനും പിന്നില്‍. എന്തും നല്കാന് തയാറായി വിളിക്കുന്നവരാണ് ഇവരുടെ കെണിയില്‍ വീഴുക.
ജില്ലാ അടിസ്ഥാനത്തില്‍ ഫോണ്‍ നമ്പരുകള്‍ എക്സ്ചേഞ്ച് ചെയ്യുന്ന വാട്സാപ് ചാറ്റ് ഗ്രൂപ്പുകള്‍ രൂപീകരിച്ചും ഇവര്‍ തട്ടിപ്പുകള്‍ മുന്നോട്ടു കൊണ്ടു പോകുന്നു. കോളേജ് വിദ്യാര്‍ഥിനികള്‍ മുതല്‍ വീട്ടമ്മമാരുടെ വരെ സമൂഹിക മാധ്യമങ്ങളിലെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്താണ് ഈ സംഘങ്ങളുടെ പ്രവര്‍ത്തനം. സംശയം തോന്നിയാല്‍ പ്രൊഫൈല്‍ ചിത്രമുള്ള വാട്സാപ് നമ്പരുകള്‍ അയച്ചുതന്നു വിശ്വസിപ്പിക്കുമെന്നാണ് ഇവരുടെ കെണിയില്‍ കുടുങ്ങിയ യുവാവ് പറയുന്നത്.






