
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ നാളെ മുതല്‍ നടത്താനിരിക്കുന്ന സമരത്തില്‍ നിന്ന ബസ്സുടമ സംയുക്ത സമര സമിതി പിന്മാറണമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. സമര സമിതി ഉന്നയിച്ച പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന് നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ജസ്റ്റീസ് രാമചന്ദ്രന് കമ്മിറ്റി ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും വിവിധ വിഭാഗങ്ങളുടെ ഭാഗം കേട്ടുവരികയുമാണ്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യത്തില്‍ പൊതുഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വളരെയധികം ജാഗരൂകരായി പ്രവര്‍ത്തിക്കേണ്ട സമയമാണ്. കൂടാതെ വിവിധ പരീക്ഷകള്‍ നടന്നുവരുന്ന സമയം കൂടി ആയതിനല് വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്ന സമര പരിപാടികളില്‍ നിന്ന് ബസ്സുടമകള്‍ പിന്മാറണം. കെറോണ രോഗത്തിന്റെ ഭീഷണി നേരിട്ടുവരുന്ന ഈ സമയത്ത് സര്‍ക്കാരിന്റെ് നടപടികളുമായി ബസ്സുടമകള്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
പൊതുഗതാഗത രംഗത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റേജ് കാര്യേജുകളുടെ വാഹന നികുതി നിരക്ക് സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതുപോലെയുള്ള മറ്റ് അനുകുല നടപടികളും സ്വീകരിച്ചുവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.






