
ഡല്‍ഹി: രാജ്യത്തെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിമാനകമ്പനികളിലെ ജീവനക്കാന് തങ്ങളുടെ വീടുകളിലേക്ക് മടങ്ങി. എന്നാല്‍, ജോലിയുടെ പേരില്‍ ഇവരെ സ്വന്തം ദേശത്ത് അവഗണിക്കുകയാണ് ഇപ്പോള്‍ ആളുകള്‍. വിവിധ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്തതിന്റെ പേരിലും രോഗികളായ ആളുകള്‍ വിമാനത്തില്‍ നാട്ടിലെത്തിയ സാഹചര്യത്തിലുമാണ് എയര്‍ലൈന്‍ ജീവനക്കാരെ സ്വന്തം വീടുകളില്‍ പോലും കയറാന്‍ നാട്ടുകാര്‍ അനുവദിക്കാത്തത്.
ഇതിനെതിരേ പരാതിയുമായി ഇന്‍ഡിയോ എയര്‍ലൈന്‍സ് എത്തിയിരിക്കുകയാണ്. മുന്‍പ് എയര്‍ ഇന്ത്യയും ഇതേ പരാതി ഉയര്‍ത്തിയിരുന്നു. കോവിഡിനെ ചെറുക്കാന്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂടെ തന്നെയാണ് തങ്ങളുടെ സ്റ്റാഫിനും സ്ഥാനമെന്ന് കമ്പനി പറയുന്നു. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ തിരിച്ച് നാട്ടിലെത്തിക്കാന്‍ പ്രവര്‍ത്തിച്ചവരാണ് ഇവരും. ഒരു മോശം സമയം വരുമ്പോള്‍ അവരെ ചേര്‍ത്ത് നിര്‍ത്തണമെന്ന് കമ്പനി വ്യക്തമാക്കി.
വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ജീവനക്കാരെ അവരവരുടെ വീടുകളിലേക്ക് പ്രവേശിപ്പിക്കാതിരിക്കാന്‍ നാട്ടുകാര്‍ പോലീസിനെ വിളിക്കുക പോലും ചെയ്തതായി എയര്‍ ഇന്ത്യ പറയുന്നു. ഒരാഴ്ചത്തേക്കാണ് മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുന്നത്.






