
ലക്നൗ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ചാടിപ്പോയി. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
ആുെപത്രിയിലെ ഐസോലേഷന് വാര്‍ഡിന്റെ ജനാല തകര്‍ത്ത് വസ്ത്രങ്ങള്‍ ഉപയോഗിച്ച് കയറുണ്ടാക്കിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് വളരെ മാന്യനായിട്ടാണ് ഇയാള്‍ പെരുമാറിയിരുന്നതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആരോടും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നില്ല.
നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയതിന് ശേഷമാണ് ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. മതസമ്മേളനത്തില്‍ ഇയാള്‍ക്കൊപ്പം നേപ്പാളില്‍ നിന്നുള്ള 17 പേരും പങ്കെടുത്തിരുന്നു. ഓടിപ്പോയ രോഗിക്ക് വേണ്ടി അന്വേഷണം നടത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സമാനമായ തരത്തില്‍ ഇന്നലെ ഹരിയാനയിലെ കര്‍ണാലില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച രോഗി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചിരുന്നു. ബെഡ്ഷീറ്റും പ്ലാസ്റ്റിക് പാക്കറ്റുകളും ഉപയോഗിച്ച് കയര്‍ നിര്‍മ്മിച്ചാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.






