
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമായതിന്റെ പശ്ചാത്തലത്തില്‍ തെരുവില്‍ ഇറങ്ങുന്നവരുടെ എണ്ണം കൂടുന്നു. പോലീസ് നിയന്ത്രണം മയപ്പെടുത്തിയതും വിഷുവിന്റെ പശ്ചാത്തലത്തിലും കോഴിക്കോടും തിരുവനന്തപുരത്തും ജനങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പരിഗണിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും വാഹനങ്ങളുമായി തെരുവിലിറങ്ങുന്നുണ്ട്.
തിരുവനന്തപുരത്ത് നഗരത്തില്‍ നിരവധിപേര്‍ തെരുവിലെത്തി. ബാങ്കുകളിലും മറ്റും ജനങ്ങള്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്നു. ബാങ്കുകളില്‍ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങാനും ബാലന്‍സ് പരിശോധിക്കാനും അനേകരാണ് എത്തിയത്. കടകള്‍ തുറന്നതിന്റെ മറവിലാണ് ജനക്കൂട്ടം തെരുവില്‍ എത്തുന്നത്. പലയിടത്തും ആള്ക്കാര് സാമൂഹിക അകലം പാലിക്കാതെയാണ് നില്‍ക്കുന്നത്.
വിഷു പ്രമാണിച്ച് സാധനങ്ങള്‍ വാങ്ങാന്‍ കോഴിക്കാട് പാളയം മാര്‍ക്കറ്റില്‍ ജനങ്ങളുടെ തിരക്കേറിയതിനെ തുടര്‍ന്ന് കളക്ടറിനും പോലീസിനും ഇടപെടേണ്ടി വന്നു. 11 മണിയോടെ മാര്‍ക്കറ്റില്‍ വന്‍ ജനക്കൂട്ടം ഉണ്ടായതോടെ പോലീസ് അനൗണ്‍സ്മെന്റ് നടത്തി. ഇതോടെ കര്‍ശനമായി ഇടപെട്ട പോലീസ് അവശ്യ സാധനങ്ങള്‍ വാങ്ങി വേഗത്തില്‍ തിരിച്ചു പോകാന്‍ ജനങ്ങളോട് നിര്‍ദേശിക്കുകയും ചെയ്തു.
അത്യാവശ്യം ഉള്ളവരെ മാത്രം ടൗണിലേക്ക് പ്രവേശിപ്പിച്ചാല്‍ മതിയെന്ന് പോലീസിന് നിര്‍ദേശവും കിട്ടിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതിന് പിന്നാലെ പോലീസ് പരിശോധന കുറച്ചതാണ് തിരക്കിന് കാരണമായത്.






