
കൊച്ചി: ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ വിമാനകമ്പനികള്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കുമെന്ന് സൂചന. ആദ്യഘട്ടത്തില്‍ വിമാനത്തില്‍ ഒരുവശത്ത് ഒരു നിരയില്‍ ഒരു യാത്രക്കാരനെ മാത്രം അനുവദിക്കുന്നതാണ് പരിഗണനയിലുള്ളത്. അങ്ങനെ വന്നാല്‍ 180 യാത്രക്കാരെ കയറ്റാന്‍ ശേഷിയുള്ള വിമാനത്തില്‍ 60 സീറ്റുകള്‍ മാത്രമായിരിക്കും ലഭിക്കുക. അതുകൊണ്ട് തന്നെ ഇനിയുള്ള സര്‍വീസുകള്‍ നടത്തുന്നത് കമ്പനികള്‍ക്ക് ബാധ്യതയാകും. ഇതു നികത്താന്‍ നിരക്കു കൂട്ടുകയല്ലാതെ മറ്റു വഴികളുമില്ല.
കോവിഡ് 19 പകരുന്നത് തടയുന്നതിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കല്‍ വിമാനത്തിലും നടപ്പാക്കേണ്ടി വരുമെന്നതിനാലാണ് നിരക്കുവര്‍ദ്ധനയും വരുന്നത്. ഈ സാഹചര്യത്തില്‍ തുടക്കത്തില്‍ കോവിഡിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടിവരെ നിരക്ക് ഉയര്‍ന്നേക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഇതുസംബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ സൂചന നല്‍കിക്കഴിഞ്ഞു. യാത്രക്കാര്‍ തമ്മില്‍ പരമാവധി അകലം പാലിക്കാന്‍ വിധം കോണോടുകോണായി യാത്രക്കാരെ ഇരുത്തുന്നതും ആലോചിക്കുന്നുണ്ട്.
അതേസമയം, വിമാനയാത്ര പുന:രാരംഭിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല. ഏപ്രില്‍ 14ന് ലോക്ഡൗണ്‍ തീരുമെന്ന ധാരണയില്‍ സ്വകാര്യ വിമാനക്കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രി ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പറഞ്ഞിരിക്കുന്നത് മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടുന്നു എന്നാണ്. മുംബൈയില്‍നിന്ന് കൊച്ചിയിലേക്ക് 5700 രൂപയാണ് അവസാനം നിശ്ചയിച്ച കുറഞ്ഞ നിരക്ക്. സര്‍വീസ് നിര്‍ത്തുന്നതിനു മുന്‍പ് ഇത് 1700 - 1900 രൂപ മുതലായിരുന്നു.






