
കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടെ ഐ.ടി. കമ്പനികള്‍ക്ക് സഹായവുമായി സംസ്ഥാനസര്‍ക്കാര്‍. വാടകയില്‍ ഉള്‍പ്പെടെയാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്. 10, 000 ചതുരശ്രയടിവരെ സ്ഥലമെടുത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികള്‍ക്കും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസങ്ങളില്‍ വാടക ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്. കേരള ഐ.ടി. പാര്‍ക്ക് സി.ഇ.ഒ.യും ജിടെക്കും (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനാട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാനസര്‍ക്കാരിനു കീഴിലുള്ള ഐ.ടി. പാര്‍ക്കുകളിലെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് പ്രയോജനം ലഭിക്കുക. ഐ.ടി. പാര്‍ക്കുകളിലെ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ വാടകയില്ല. 10, 000 ചതുരശ്രയടിയില്‍ കൂടുതല്‍ സ്ഥലമെടുത്തിരിക്കുന്ന കമ്പനികള്‍ക്കു വാടകയില്‍ മൂന്നുമാസത്തെ മൊറട്ടോറിയം അനുവദിച്ചിരിക്കുകയാണ്. പെനാല്‍റ്റിയും സര്‍ചാര്‍ജും ഈടാക്കുകയുമില്ല. കൂടാതെ, പുതിയ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഐ.ടി. പാര്‍ക്കുകളില്‍ 2021 മാര്‍ച്ച് 31നകം പ്രവര്‍ത്തനം തുടങ്ങുന്ന ഐ.ടി., ഐ.ടി. ഇതര കമ്പനികള്‍ക്ക് ആദ്യ മൂന്നുമാസങ്ങളില്‍ വാടക ഒഴിവാക്കി നല്‍കും.
ഐടി പാര്‍ക്കുകളിലെ റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കും മൂന്നുമാസത്തേക്ക് വാടക ഒഴിവാക്കിയിട്ടുണ്ട്. ഐ.ടി. പാര്‍ക്കുകളില്‍ ഭൂമി ദീര്‍ഘകാല പാട്ടത്തിനെടുത്തവര്‍ക്ക് കെട്ടിടം പൂര്‍ത്തിയാക്കാനും പ്രവര്‍ത്തനം തുടങ്ങാനും ആറുമാസംകൂടി സമയം നല്‍കും. ഇക്കാലയളവിലെ പെനാല്‍റ്റിയില്‍ ഇളവുനല്‍കും. 2019 - 20 സാമ്പത്തികവര്‍ഷത്തെ വാടകതന്നെ ഇനി മുന്നോട്ടും അടച്ചാല്‍ മതി. അതായത്, വാര്‍ഷികവാടകവര്‍ധനയുണ്ടാകില്ല എന്ന് അര്‍ത്ഥം. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വാടകയ്ക്ക് സര്‍ചാര്‍ജും ഒഴിവാക്കി. ലോക്ഡൗണ്‍മൂലം പാര്‍ക്കുകളിലെ വൈദ്യുതി ഉപഭോഗം വളരെ കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അതിനുള്ള പ്രയോജനം ഉപഭോക്താക്കളിലേക്ക് എത്തിക്കാനും നടപടി എടുക്കും.






