
‘കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകക്കേസിലെ മുഖ്യപ്രതി സി.പി.എം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമായാല്‍ ഈ നാട്ടില്‍ നീതിയും സമാധാനവും എന്ന് പുന:സ്ഥാപിക്കുമെന്ന് പിണറായി വിജയനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലപാതകമായി കരുതുന്ന വാടിക്കല്‍ രാമകൃഷ്ണന് വധക്കേസിലെ മുഖ്യപ്രതിയാണ് പിണറായിയെന്ന് ഫേസ്ബുക്കിലാണ് വിമര്‍ശനം.
ടിപി ചന്ദ്രശേഖരന് കൊല്ലപ്പെട്ടതിന്റെ എട്ടാം വാര്‍ഷിക ദിനാചരണവുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്. 1969 ഏപ്രിൽ 21 നായിരുന്നു ജനസംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നു വാടിക്കല്‍ രാമകൃഷ്ണന് കൊല്ലപ്പെട്ടത്. ഒരു രാഷ്ട്രീയ സംഘട്ടനത്തില്‍ മാരകമായി പരിക്കേറ്റ രാമകൃഷ്ണന് തലശ്ശേരിയിലെ ഒരു ആശുപത്രിയില്‍ വെച്ച് മരണമടയുകയായിരുന്നു. ബിജെപിയുടെ പഴയ രൂപമായ ജനസംഘിന്റെ കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗം (എസ് എഫ്) നേതാവും സ്കൂള്‍ വിദ്യാര്‍ത്ഥിയുമായ കോടിയേരി ബാലകൃഷ്ണനെ ഒരു കൂട്ടം ജനസംഘ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്നായിരുന്നു സംഘട്ടനം. അക്കാലത്ത് യുവജന വിഭാഗം (കെ എസ് വൈ എഫ് ) നേതാവായിരുന്ന പിണറായി വിജയന് പ്രതിപട്ടികയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ കോടതി പിണറായിയെ വെറുതെ വിട്ടു. ടിപി ചന്ദ്രശേഖരന് വധക്കേസില്‍ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം നടന്നാല്‍ സിപിഎമ്മിലെ പല മാന്യന്മാരുടെയും മുഖം വികൃതമാകുമെന്നും എന്നാല്‍ കൊലയ്ക്ക് നേതൃത്വം വഹിച്ചവര്‍ ഇപ്പോഴും കോടതിക്കു മുന്നിലെത്തിയിട്ടില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. ടി.പി.ചന്ദ്രശേഖരന് കൊല്ലപ്പെട്ടിട്ട് ഇന്ന് എട്ടുവര്‍ഷമാകുമ്പോള്‍ ടി.പി.ചന്ദ്രശേഖരനെ എന്തിന് വെട്ടി കൊന്നു? എന്ന് കേരളം ആവര്‍ത്തിച്ച് ചോദിക്കുകയാണെന്നും ചങ്ങാത്ത മുതലാളിത്വത്തിന് ഒപ്പം ചേരുന്ന സി.പി.എമ്മിന്റെ നയവ്യതിയാനങ്ങളെ ശക്തമായി എതിര്‍ത്തതും ചൂണ്ടികാണിച്ചതുമാകാം ടി.പി.ചന്ദ്രശേഖരന് ചെയ്ത തെറ്റെന്നും മുല്ലപ്പള്ളിയുടെ കുറിപ്പില്‍ പറയുന്നു.
നാടിന്റെ ഓമനകളായിരുന്ന എടയന്നൂര്‍ ഷുഹൈബ്, പെരിയയിലെ ശരത്ലാലും കൃപേഷും അരിയില്‍ ഷുക്കൂര്‍ തുടങ്ങി സി.പി.എമ്മുകാര്‍ സമീപകാലത്ത് കൊന്നൊടുക്കിയവരുടെ ലിസ്റ്റ് നീളുകയാണെന്നും വിമര്‍ശിച്ചിട്ടുണ്ട്. യാഥാര്‍ത്ഥ പോരാളികളെ നിങ്ങള്‍ക്ക് കൊല്ലാം.. പക്ഷെ തോല്‍പ്പിക്കാനാവില്ലെന്നും ഇനിയൊരു കുടുംബവും അനാഥമാകാതിരിക്കട്ടെയെന്നും മുല്ലപ്പള്ളിയുടെ വിമര്‍ശനത്തില്‍ പറയുന്നു.






