
സിഡ്നി: പാകിസ്താന്റെ പുതിയ ബാറ്റിങ് സെന്സേഷന് ബാബര്‍ ആസമിനെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയയുടെ മുന്‍ താരവും പരിശീലകനുമായ ടോം മൂഡി. ആസമിന്റെ ബാറ്റിങ് കാണുന്നതിനേക്കാള്‍ മനോഹരമായി മറ്റൊന്നുമില്ലെന്നു മൂഡി വ്യക്തമാക്കി.
വലിയ പ്രതിഭാശാലിയായ ക്രിക്കറ്ററാണ് അസമെന്നും അടുത്ത പത്തുവര്‍ഷം കൊണ്ട് ലോകത്തിലെ മികച്ച അഞ്ചു ടെസ്റ്റ് ബാറ്റ്സ്മാന്മാരില് ഒരാളായി മാറുമെന്നും മൂഡി അഭിപ്രായപ്പെട്ടു. ജൂനിയര്‍ ക്രിക്കറ്റിലുടെ വരവറിയിച്ച അസം അടുത്ത താരമെന്ന വിശേഷണം ഇതിനോടകം നേടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബാബര്‍ അസമിന്റെ വളര്‍ച്ച ഏറെ ശ്രദ്ധേയമാണ്. വളരെ സ്പെഷലാണ് താനെന്നു താരം തെളിയിച്ചു കഴിയുകയും ചെയ്തു. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ വിരാട് കോഹ്ലിയുടെ പ്രകടനം മനോഹരമാണെന്ന് എല്ലാവരും പറയാറുണ്ട്.
കോഹ്ലിയുടെ ബാറ്റിങ് അത്രയും സുന്ദരമെന്ന് നിങ്ങള്‍ക്കു തോന്നുന്നുണ്ടെങ്കില്‍ ബാബര്‍ അസമിന്റെ ബാറ്റിങ് കണ്ടു നോക്കൂ. അതിനെ നിങ്ങള്‍ എങ്ങനെ വിശേഷിപ്പിക്കുമെന്നു മൂഡി ചോദിക്കുന്നു.
നിലവില്‍ അസമിന്റെ ബാറ്റിങ് പ്രകടനം പരിശോധിച്ചാല്‍ അസമിനെ ആദ്യ അഞ്ചില്‍ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടാണ്. എന്നാല്‍ അടുത്ത അഞ്ചോ, പത്തോ വര്‍ഷം കഴിഞ്ഞാല്‍ അസം തീര്‍ച്ചയായും ആദ്യ അഞ്ചിലുണ്ടാവും. പാകിസ്താനു വേണ്ടി 26 ടെസ്റ്റ് കഴിച്ചു കഴിഞ്ഞെങ്കിലും ഇവയില്‍ പകുതിയിലും മുന്‍നിരയിലല്ല അസം ബാറ്റ് ചെയ്തിരുന്നതെന്നും മൂഡി ചൂണ്ടിക്കാട്ടുന്നു.
വിദേശത്തു 37 ആണ് ബാബര്‍ അസത്തിന്റെ ബാറ്റിങ് ശരാശരി. എന്നാല്‍ നാട്ടിലെ ബാറ്റിങ് ശരാശരി 67 ആണ്. കരിയറില്‍ കൂടുതല്‍ മത്സരങ്ങളും ബാബര്‍ കളിച്ചത് നാട്ടിലാണ്. മാത്രമല്ല കരിയറിന്റെ തുടക്കകാലത്താണ് വിദേശത്തുകളിച്ച ഭൂരിഭാഗം കളിയും കളിച്ചത്.
ഐ.സി.സിയുടെ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ അസം ഇപ്പോള്‍ അഞ്ചാംസ്ഥാനത്താണ്. സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്ലി, മാര്‍നസ് ലബ്യുഷെയ്ന്, കെയ്ന്‍ വില്ല്യംസണ് എന്നിവരാണ് ആദ്യത്തെ നാലു സ്ഥാനങ്ങളിലുള്ളത്.






