
തിരുവനന്തപുരം : രണ്ട് പ്രളയം, നിപ, കോവിഡ് എന്നീ മാരകരോഗങ്ങളുടെ വ്യാപനം... ഏറ്റവുമധികം വെല്ലുവിളികള്‍ നേരിട്ട കാലഘട്ടത്തില്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥസംവിധാനത്തെ നയിച്ച ചീഫ് സെക്രട്ടറി ടോം ജോസ് നാളെ പടിയിറങ്ങുന്നു. കോവിഡിനു ശേഷമുള്ള കാലഘട്ടം പുതുതലമുറയ്ക്കായി കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ളതാണെന്നു ടോം ജോസ് ഓര്‍മിപ്പിക്കുന്നു. എന്നാല്‍, നിരവധി അവസരങ്ങളുടേതുമാകും ഈ കാലഘട്ടമെന്ന്, നാളെ വിരമിക്കാനിരിക്കേ സഹപ്രവര്‍ത്തകര്‍ക്കുള്ള സന്ദേശത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന ചീഫ് സെക്രട്ടറി എന്ന നിലയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനം ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയും അതേസമയം വെല്ലുവിളികള്‍ നിറഞ്ഞതുമായിരുന്നു. ഇനിയും ഇത്തരം വെല്ലുവിളികള്‍ നാം നേരിടേണ്ടിവരും. അതെല്ലാം നേരിടാന്‍ പ്രാപ്തമാണു നിയുക്ത ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംവിധാനമെന്നും ടോം ജോസ് പറഞ്ഞു.
തൃശൂര്‍ സബ് കലക്ടറായാണ് ഔദ്യോഗികജീവിതമാരംഭിച്ചത്. 36 വര്‍ഷം പിന്നിട്ട്, ചീഫ് സെക്രട്ടറിയായി വിരമിക്കുമ്പോഴും വിശ്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 60-ാം വയസിലും ധാരാളം ചെയ്യാനുണ്ട്, ഒരുപാടുപേരെ കാണാനുണ്ട്. ''ഉറങ്ങും മുമ്പേ, ഒരുപാട് സഞ്ചരിക്കാനുണ്ട്...''- വിഖ്യാതകവി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ വരികള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ 45-ാം ചീഫ് സെക്രട്ടറി ടോം ജോസ് 1984 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. പാലാ, പുത്തന്‍പുരയില്‍ ജോസഫ് തോമസ്-മേരി ദമ്പതികളുടെ മകന്. പാലാ സെന്റ് തോമസ് കോളജില്‍നിന്നു കൊമേഴ്സില്‍ ബിരുദവും കൊച്ചിന് സര്‍വകലാശാലയില്‍നിന്ന് എം.ബി.എയും നേടി. 2010-ല്‍ യു.എസ്. സര്‍വകലാശാലയില്‍ നിന്നു പൊതുഭരണത്തില്‍ ഡിപ്ലോമ.
തൃശൂരില്‍ തുടക്കമിട്ട ഔദ്യോഗികജീവിതത്തില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍, സിവില്‍ സെപ്ലെസ് കോര്പറേഷന് എം.ഡി, കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് എം.ഡി, ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികളില്‍ സേവനമനുഷ്ഠിച്ചു. 1999-2004 വരെ കേന്ദ്രപ്രതിരോധമന്ത്രാലയത്തില് ഫസ്റ്റ് ഡയറക്ടര്‍ (എയര്‍), വെപ്പണ്‍ അക്വിസിഷന്‍, എയര്‍ട്രാഫിക് മാനേജ്മെന്റ്, എയര്‍ സെക്യൂരിറ്റി പഴ്സണല്‍ മാനേജ്മെന്റ്, പോളിസി മാറ്റേഴ്സ് എന്നീ ചുമതലകള്‍ വഹിച്ചു. തുടര്‍ന്ന് മോസ്കോയില്‍ ഇന്ത്യ-റഷ്യ െസെനിക, സാങ്കേതിക ചീഫ് കോര്‍ഡിനേറ്റര്‍. റഷ്യയുമായി െസെനികബന്ധം മെച്ചപ്പെടുത്തുക, പ്രതിരോധസംവിധാനങ്ങള്‍ വാങ്ങുക തുടങ്ങിയവയായിരുന്നു ദൗത്യം.
ദേശീയ, രാജ്യാന്തര മാനേജ്മെന്റ് സമ്മേളനങ്ങളില്‍ സംരംഭകത്വം, കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്വം, സാമ്പത്തികവികസനം എന്നീ വിഷയങ്ങളില്‍ ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഒട്ടേറെ രാജ്യാന്തരസമ്മേളനങ്ങളില് പങ്കെടുത്തു. 2002-ല്‍ യു.എസ്. ദേശീയ പ്രതിരോധ സര്‍വകലാശാലയും പെന്റഗണും ചേര്‍ന്നു സംഘടിപ്പിച്ച പരിപാടി, ഹൊനോലുലു, ഹവായ് എന്നിവിടങ്ങളില്‍ യു.എന്‍. സംഘടിപ്പിച്ച സമാധാനപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.
കൊച്ചി മെട്രോ ഒരു വെള്ളാനയായി തുടരുന്ന കാലത്താണ് അതിന്റെ സാരഥ്യമേറ്റെടുക്കാന്‍ സര്‍ക്കാര്‍ ടോം ജോസിനോട് ആവശ്യപ്പെട്ടത്. എം.ഡി. എന്ന നിലയില്‍ ഒന്‍പതുമാസം കൊണ്ട് പദ്ധതിക്കാവശ്യമായ എല്ലാ അനുമതിയും നേടിയെടുത്ത് കമ്പനി രൂപീകരണനടപടികള്‍ പൂര്‍ത്തിയാക്കിയതു ടോം ജോസിന്റെ ഔദ്യോഗികജീവിതത്തിലെ പൊന്‍തൂവലായി. കേരള അക്കാഡമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് എന്ന കമ്പനി രൂപീകരിക്കുകയും സംസ്ഥാന െനെപുണ്യവികസനപദ്ധതിയായി മാറുകയും ചെയ്തത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
''െനെപുണ്യപ്രവര്ത്തനങ്ങളുടെ ഒളിമ്പിക്സ്'' എന്നറിയപ്പെടുന്ന വേള്‍ഡ് സ്കില്‍ കോംപെറ്റീഷനില്‍ പങ്കെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന, രാജ്യത്തെ ആദ്യ സ്കില്‍ ഫിയസ്റ്റ് രൂപകല്‍പ്പന ചെയ്ത് സംഘടിപ്പിച്ചു. ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷനില്‍ ചെയര്മാനായിരിക്കേയാണു രാജ്യത്തെ ആദ്യ തീംക്രൂയിസായ നെഫെര്ടിറ്റിയുടെ നിര്‍മാണം. തൊഴില്‍-ജലവിഭവ അഡീ. ചീഫ് സെക്രട്ടറിയായിരിക്കേ ഖരമാലിന്യ മാനേജ്മെന്റ്, മാലിന്യത്തില്‍നിന്ന് ഊര്‍ജോത്പാദന പദ്ധതികള്‍ നടപ്പാക്കാന്‍ നേതൃത്വം നല്കി.
2018, 2019 വര്‍ഷങ്ങളിലെ പ്രളയം, നിപ വ്യാപനം, കോവിഡ് പ്രതിരോധം എന്നീ പ്രതിസന്ധികളെല്ലാം ഭരണനിര്വഹണമികവിന്റെ ഉരകല്ലുകളായി. ചീഫ് സെക്രട്ടറി എന്ന നിലയില്‍ പ്രളയാനന്തര കേരളനിര്മാണത്തിനായി റിബില്‍ഡ് കേരള ഇനിഷ്യേറ്റീവ് രൂപീകരണത്തിനു നേതൃത്വം കൊടുത്തു. ലോക ബാങ്കുമായി സഹകരിച്ച് ഇക്കാര്യത്തില്‍ 500 ദശലക്ഷം ഡോളര്‍ സഹായമെത്തിക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചു.






