തിരുവനന്തപുരം: വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും പമ്പയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്രയില്‍ ദുരൂഹതയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. ഈ യാത്രയ്ക്ക് പിന്നാലെ പമ്പ-ത്രിവേണിയില്‍ അടിഞ്ഞുകൂടിയ കോടിക്കണക്കിന് രൂപയുടെ മണല്‍ സൗജന്യമായി നീക്കാനുള്ള ഉത്തരവിറക്കിയെന്നും ചെന്നിത്തല ആരോപിച്ചു.
മാലിന്യം നീക്കാന്‍ സി.പി.എം നേതാവ് ചെയര്‍മാനായ കേരള ക്ലേ ആന്‍ഡ് സെറാമിക്സ് എന്ന പൊതുമേഖലാ സ്ഥാപനത്തിനാണ് മണല്‍ നീക്കാന്‍ കരാര്‍ നല്‍കിയത്. ഒരു ലക്ഷത്തിലേറെ മെട്രിക് ടണ്‍ മണലും മണ്ണുമാണ് പമ്പ ത്രിവേണിയില്‍ കെട്ടിക്കിടക്കുന്നത്. സര്‍ക്കാര്‍ ഖജനാവിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ ദുരൂഹമായ സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനത്തിന്‍െ്റ പേര് പറഞ്ഞ് നടത്തുന്ന അനധികൃത ഇടപാടാണെന്നും ചെന്നിത്തല ആരോപിച്ചു.
വനം മന്ത്രി ഇടപാടിനെപ്പറ്റി അറിഞ്ഞിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. വനം മേഖലയിലെ നടപടിക്രമങ്ങള്‍ പാലിക്കാതെ മഴക്കാലം എത്തിയതോടെ ദുരന്ത നിവാരണ വകുപ്പിനെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതില്‍ അവ്യക്തതയും ദുരൂഹതയുമുണ്ട്. വനസംരക്ഷണ നിയമ പ്രകാരം വന സ്വത്തായി കണക്കാക്കപ്പെടുന്ന മണലും മണ്ണും നീക്കം ചെയ്യാനല്ലാതെ വില്ക്കാന് ആര്‍ക്കും സാധ്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.






